'അവള്‍ ജനിക്കുന്നതിനു മുമ്പും അതിനൊക്കെ മുമ്പും ഈ കഴിവുകളൊക്കെയായി ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു; ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു; പക്ഷെ അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍..'; കരച്ചിലിലേക്ക് വഴുതുന്നില്ലെന്ന് ഉറപ്പാക്കി പ്രതികരണം; മനോജ് കെ ജയന് മറുപടി; ഉര്‍വ്വശിയുടെ പ്രതികരണം വൈറലാകുമ്പോള്‍
കൊച്ചി: ഈ ഓണക്കാല അഭിമുഖങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് ഉര്‍വ്വശിയുടേത്. മകള്‍ കുഞ്ഞാറ്റയുടെ ആദ്യ സിനിമയ്ക്ക് ഓഫര്‍ വന്നപ്പോള്‍ ആദ്യം അമ്മ ഊര്‍വശിയുടെ അനുഗ്രഹം വാങ്ങാന്‍ പറഞ്ഞുവെന്ന മനോജ് കെ ജെയന്റെ വാക്കുകളില്‍ പ്രതികരിച്ച് ഉര്‍വശി നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്.. ഓണാഘോഷവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഉര്‍വശി പ്രതികരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് എല്ലാ കാലത്തും അത് ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് നഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നുവെന്ന് ഉര്‍വശി പ്രതികരിച്ചു. കൂടുതല്‍ ഒന്നും പറയാതെ വികാരത്തിലേക്ക് കടക്കാതെ അഭിമുഖം അവസാനിപ്പിക്കുകയും ചെയ്തു ഉര്‍വ്വശി.
മകള്‍ ജനിക്കുന്നതിന് എത്രയോ മുമ്പുതന്നെ താന്‍ ഇതേ കഴിവുകളോടെ ഇവിടെ തന്നെയുണ്ടായിരുന്നവെന്നും ഉര്‍വശി പ്രതികരിച്ചു. 'അവള്‍ ജനിക്കുന്നതിനു മുമ്പും അതിനൊക്കെ മുമ്പും ഈ കഴിവുകളൊക്കെയായി ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു. പക്ഷെ അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍..'-ഇതായിരുന്നു പ്രതികരണം. മകളുടെ സിനിമാ അഭിനയ മോഹത്തെ കുറിച്ചും ഉര്‍വ്വശി പ്രതികരിച്ചു. 'ചേട്ടത്തി അനിയത്തിമാരുടെ മക്കള്‍ക്ക് ഇവിടെ (ചെന്നൈ) വരാനാണ് ആഗ്രഹം. നല്ല വേഷമാണെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കില്ല'- എന്നും ഉര്‍വശി പറഞ്ഞു.
കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫര്‍ വന്ന സമയത്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മ ഉര്‍വശിയുടെ അനുഗ്രഹം വാങ്ങാനാണെന്നും, അവര്‍ നോ പറഞ്ഞിരുന്നെങ്കില്‍ ഈ സിനിമ വേണ്ടെന്ന് താനും തീരുമാനിക്കുമായിരുന്നുവെന്നുമാണ് മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ ആദ്യ സിനിമയുടെ ടൈറ്റില്‍ ലോഞ്ചില്‍ മനോജ് കെ. ജയന്‍ പ്രതികരിച്ചിരുന്നു. കരഞ്ഞു കൊണ്ടായിരുന്നു പ്രതികരണം. ഏറെ വൈറലാകുകയും ചെയ്തു. 'കുഞ്ഞാറ്റയ്ക്ക് ഇങ്ങനെ നല്ലൊരു ഓഫര്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങണം എന്നാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ആണ് അവളുടെ അമ്മ ഉര്‍വശി.. അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് സിനിമയിലേക്ക് കുഞ്ഞാറ്റ വരുമ്പോള്‍ വേണ്ടത്.. അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ കുഞ്ഞാറ്റയെ ഞാന്‍ ചെന്നൈയിലേക്ക് പറഞ്ഞയച്ചു...മോളുടെ കാര്യം വരുമ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണല്‍ ആകും...' മനോജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
അതിനിടെ ദുബായിയില്‍ മകള്‍ തേജലക്ഷ്മിക്കൊപ്പം ഓണമാഘോഷിക്കുന്ന വിഡിയോ പങ്കുവച്ച് ഉര്‍വശിയും ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കി. മകള്‍ക്ക് ഓണസദ്യ വാരിക്കൊടുക്കുന്ന ഹൃദ്യമായ ദൃശ്യമാണ് ഉര്‍വശി പങ്കുവച്ചത്. 'അച്ചുവിന്റെ അമ്മ' സിനിമയിലെ 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ' എന്ന പാട്ടോടു കൂടിയാണ് ദൃശ്യം. 'എന്റെ സുന്ദരി മകളോടൊപ്പം ദുബായില്‍ ഓണം ആഘോഷിച്ചു. എല്ലാവര്‍ക്കും ഓണാശംസകള്‍' വിഡിയോയ്‌ക്കൊപ്പം ഉര്‍വശി കുറിച്ചു. മകള്‍ക്ക് സദ്യ വാരിക്കൊടുക്കുന്ന വിഡിയോ അത്യധികം സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നിരവധിപ്പേരാണ് ഇവര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് എത്തിയത്. അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കുഞ്ഞാറ്റയെന്ന തേജലക്ഷ്മി. 'സുന്ദരിയായവള്‍ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമാ ലോകത്തേക്കെത്തുന്നത്. നവാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'സുന്ദരിയായവള്‍ സ്റ്റെല്ല'. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ നായകന്‍.
ഉറക്കെ സംസാരിച്ചും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് ഇവിടെ എല്ലാ കാലത്തും നീതി നടപ്പിലാക്കിയിട്ടുള്ളതെന്നും എല്ലാവര്‍ക്കും ഗാന്ധിയാകാന്‍ സാധിക്കില്ലെന്നും ഉര്‍വശി പ്രതികരിച്ചിരുന്നു. തനിക്ക് അരുതാത്തത് എന്ന് തോന്നുന്നതിനെ കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അതിലൂടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 'ഒരുകാലത്ത് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി പുരസ്‌കാരം പ്രഖ്യാപിക്കുന്നവരായിരുന്നു ദേശീയ പുരസ്‌കാരത്തിന്റെ ജൂറി. അതിന് അകത്താണിപ്പോള്‍ പക്ഷപാതപരമായ ഒരു സമീപനമാണുണ്ടായിരിക്കുന്നത്. ആ പുരസ്‌കാരത്തിന് ഞാന്‍ മൂല്യം നല്‍കുന്നുണ്ട്. അത് സ്വീകരിക്കുകയും ചെയ്യും. അതേസമയം എനിക്ക് അരുതാതത്ത് എന്ന് തോന്നുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കും. അതിന് മാറ്റമുണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഉറക്കെ സംസാരിച്ചും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് ഇവിടെ എല്ലാ കാലത്തും നീതി നടപ്പിലാക്കിയിട്ടുള്ളത്. അല്ലാതെ നിശബ്ദത പാലിച്ചിട്ടല്ല. എല്ലാവര്‍ക്കും ഗാന്ധിയാകാന്‍ സാധിക്കില്ല.'- ഉര്‍വശി വ്യക്തമാക്കി.
ലോകത്ത് സമത്വം നടപ്പിലാക്കിയത് സിനിമിയലൂടെയാണെന്നും അത് ആര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ജാതി, മതം, സവര്‍ണര്‍, അവര്‍ണര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ഇന്നില്ല. ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് അറിയില്ല. എന്നാല്‍ പണ്ട് അതായിരുന്നില്ല സ്ഥിതി. വളരെ മോശം അവസ്ഥയായിരുന്നു. സിനിമ എന്ന കലാരൂപം വരികയും അവിടെ എല്ലാവരും തുല്ല്യരായി ഇരിക്കുകയും ചെയ്തു. സിനിമ കാണാനായി കൊട്ടകയ്ക്കുള്ളില്‍ കുറച്ച് മുമ്പിലാണ് യജമാനന്‍മാര്‍ ഇരുന്നിരുന്നത്. എന്നാല്‍ ഏറ്റവും പിന്നിലുള്ള അടിയാന്‍മാര്‍ക്കാണ് കറക്റ്റ് വിഷന്‍ കിട്ടുക. അത് അറിയാനുള്ള ബോധം അന്നുള്ളവര്‍ക്കില്ല. ഏറ്റവും പിന്നില്‍ ഇരിക്കുന്നവനാണ് യജമാനന്‍ എന്ന് കാണിച്ചുകൊടുത്തത് സിനിമയാണ്. കൊട്ടകയ്ക്കകത്തുള്ള സമത്വമാണ് ലോകത്ത് ആദ്യം നടപ്പിലാക്കിയത് എന്നാണ് ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. മറ്റ് എവിടേയെങ്കിലും ഉണ്ടെങ്കില്‍ അത് എനിക്കറിയില്ല.'-ഉര്‍വശി പറഞ്ഞു.