എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങി അമേരിക്കയിലെ പ്രമുഖ അഭിഭാഷക! ഗോള്‍ഡ്മാന്‍ സാക്‌സിലെ പ്രബലയായ കാതി റൂംലര്‍ പുറത്തേക്ക്; ലൈംഗിക കുറ്റവാളിയുമായി വഴിവിട്ട ബന്ധമെന്ന് തെളിവുകള്‍ പുറത്തുവന്നതോടെ ഗതികെട്ട് രാജി; കാതി റൂംലര്‍ ഒബാമ കാലത്ത് വൈറ്റ് ഹൗസിലെ 'പവര്‍ ലേഡി'
കാതി റൂംലര്‍ ഒബാമ കാലത്ത് വൈറ്റ് ഹൗസിലെ 'പവര്‍ ലേഡി'
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ലോകമെമ്പാടുമുള്ള പ്രമുഖര്‍ അങ്കലാപ്പിലാണ്. തെളിവുകള്‍ പുറത്തുവന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപബാങ്കുകളിലൊന്നായ ഗോള്‍ഡ്മാന്‍ സാക്‌സിലെ പ്രമുഖ അഭിഭാഷക കാതി റൂംലര്‍ രാജി പ്രഖ്യാപിച്ചു.
ഗോള്‍ഡ്മാന്‍ സാക്‌സിലെ ചീഫ് ലീഗല്‍ ഓഫീസര്‍ കാതി റൂംലര്‍ പടിയിറങ്ങുകയാണ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് കൗണ്‍സിലറായി തിളങ്ങിനിന്ന ഈ 'പവര്‍ ലേഡി' എപ്സ്റ്റീനുമായി പുലര്‍ത്തിയ അവിശുദ്ധ ബന്ധത്തിന്റെ രേഖകള്‍ പുറത്തുവന്നതോടെയാണ് രാജി എന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയത്.
ജെഫ്രി എപ്സ്റ്റീന്‍ എന്ന ലൈംഗിക കുറ്റവാളിയുടെ ചീട്ടു കൊട്ടാരം തകര്‍ന്നപ്പോള്‍ പല പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, കാതി റൂംലര്‍ വെറുമൊരു പരിചയക്കാരിയല്ലായിരുന്നു എന്നാണ് പുറത്തുവന്ന 'എപ്സ്റ്റീന്‍ രേഖകള്‍' വ്യക്തമാക്കുന്നത്. എപ്സ്റ്റീന് നിയമപരമായ വഴിവിട്ട ഉപദേശങ്ങള്‍ നല്‍കി, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈപ്പറ്റി, എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് കാതിയെ കുറിച്ചു പുറത്തുവന്നത്.
നാണക്കേട് ഭയന്നാണോ അതോ പാരമ്പര്യം കാക്കാനാണോ എന്നറിയില്ല, ഗോള്‍ഡ്മാന്‍ സാക്‌സ് സി.ഇ.ഒ ഡേവിഡ് സോളമന്‍ കാതിക്ക് മികച്ചൊരു യാത്രയയപ്പാണ് നല്‍കിയിരിക്കുന്നത്. 'അവര്‍ അസാധാരണ പ്രൊഫഷണലായിരുന്നു, അവരെ ഞങ്ങള്‍ മിസ്സ് ചെയ്യും' എന്നൊക്കെയാണ് സോളമന്റെ പുകഴ്ത്തലുകള്‍. ജൂണ്‍ അവസാനത്തോടെ അവര്‍ തന്റെ പദവികള്‍ ഒഴിയും.
ഒബാമ ഭരണകൂടത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളിയായിരുന്ന ഒരാള്‍ ഇത്തരമൊരു ലൈംഗിക റാക്കറ്റ് തലവനുമായി ബന്ധം സ്ഥാപിച്ചത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അധികാരം ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കാന്‍ കാതി ശ്രമിച്ചോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട മുപ്പത് ലക്ഷത്തിലധികം ഫയലുകള്‍ പുറത്തുവിട്ടത് ലോകം ഏറെ സംശയിച്ചിരുന്ന ചില പേരുകള്‍ സ്ഥിരീകരിക്കുക മാത്രമല്ല, ആരും പ്രതീക്ഷിക്കാത്ത ചില പേരുകളെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ പുറത്തുവന്ന പേരുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറും എക്‌സ് ഉടമ ഇലോണ്‍ മസ്‌കും മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും വിര്‍ജിന്‍ ഗ്രൂപ്പിന്റെ റിച്ചഡ് ബ്രാന്‍സണും മുന്‍ ഇസ്രയേല്‍ പ്രസിഡന്റ് യഹൂദ് ബാരക്കും യോര്‍ക്കിലെ മുന്‍ പ്രഭ്വി സാറാ ഫെര്‍ഗൂസനും യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാഡ് ലൂട്ട്‌നിക്കും ഫുട്‌ബോളര്‍ ഫ്രാങ്ക് റിബെറിയും മൈക്കേല്‍ ജാക്‌സണും മൈക്ക് ജാഗറും വുഡി അലനും ചിന്തകന്‍ നോം ചോംസ്‌കിയും മാത്രമല്ല, ആത്മീയ നേതാവ് ദലൈലാമയും ഉണ്ടായിരുന്നു.
