'രണ്ടാമൂഴം' സിനിമ മുടങ്ങാന്‍ കാരണം ബി.ആര്‍ ഷെട്ടിയുടെ ബിസിനസ് തകര്‍ന്നത്; കുറ്റബോധത്തെക്കാള്‍ കൂടുതല്‍ വിഷമം; എന്നേക്കാള്‍ വിഷമമായിരുന്നു എംടിക്ക്; അദ്ദേഹത്തിന്റെ കാലശേഷം സിനിമയായാല്‍ വലിയ ശ്രദ്ധാഞ്ജലിയെന്ന് വി എ ശ്രീകുമാര്‍; കേസ് കൊടുത്തിട്ട് ഇങ്ങനെ പറയാന്‍ ചില്ലറ തൊലിക്കട്ടി പോരെന്ന് വിമര്‍ശനം

രണ്ടാമൂഴം സിനിമ മുടങ്ങാന്‍ കാരണം ബി.ആര്‍ ഷെട്ടിയുടെ ബിസിനസ് തകര്‍ന്നത്

Update: 2024-12-26 13:00 GMT

കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധത്തെക്കാള്‍ കൂടുതല്‍ തനിക്ക് വിഷമമാണുള്ളതെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. രണ്ടാമൂഴം സിനിമയാവുകയെന്നത് എംടിയുടെ വലിയ ആഗ്രഹമായിരുന്നെന്നും അത് സാധിക്കാതിരുന്നതില്‍ തന്നേക്കാള്‍ നിരാശ അദ്ദേഹത്തിനായിരിക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു. ഒരു മകനെപ്പോലെയും അദ്ദേഹം തന്നെ കണ്ടത്. എംടിക്ക് അന്തിമോപചാരം അര്‍പ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമകനെപ്പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. ഈ വീട്ടില്‍ വച്ചാണ് രണ്ടാമൂഴത്തിന്റെ സ്‌ക്രിപ്റ്റ് തരാമോയെന്ന് അദ്ദേഹത്തിനോട് ആദ്യം ചോദിക്കുന്നത്. മൂന്നാമത്തെ തവണ വന്നപ്പോഴാണ് അദ്ദേഹം അതിന് സമ്മതിച്ചത്. അതിന്റെ സീന്‍ ബൈ സീന്‍ അദ്ദേഹം വായിച്ചുതരിക, ഞാന്‍ നോട്ടെഴുതുക അങ്ങനെ വലിയ വലിയ അനുഭവങ്ങളിലൂടെ കടന്നുപോയി. രണ്ടാമൂഴം സിനിമയാകാത്തതില്‍ എന്നെക്കാള്‍ നിരാശ അദ്ദേഹത്തിനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ടാമൂഴം സിനിമയാവുകയെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് അതൊരു സിനിമയായി മാറുകയെന്നത്.- ശ്രീകുമാര്‍ പറഞ്ഞു.

രണ്ടാമൂഴം സിനിമായാക്കാന്‍ പറ്റാത്തത് തനിക്ക് വ്യക്തിപരമായ നഷ്ടമാണ് എന്നാണ് ശ്രീകുമാര്‍ പറയുന്നത്. ആയിരം കോടിക്ക് മുകളില്‍ ചെലവുള്ള സിനിമായിരുന്നു അത്. നിര്‍മാതാവിനെ തേടി ഒരുപാട് നടന്നു. ഒടുവില്‍ ബി.ആര്‍ ഷെട്ടി അതിന് തയ്യാറായിവന്നു. ഷെട്ടിയുടെ ബിസിനസ് തകര്‍ന്നു. എല്ലാവലിയ പ്രൊജക്റ്റുകള്‍ക്കും ഒരുയോഗമുണ്ട്. അതിന് എനിക്ക് യോഗമില്ല. കുറ്റബോധത്തെക്കാള്‍ കൂടുതല്‍ എനിക്ക് വിഷമമാണ്. ലോകപ്രശസ്ത ടെക്‌നീഷ്യന്‍സ് ആ സിനിമയുടെ ഭാഗമാകേണ്ടിയിരുന്നു. ആ ചര്‍ച്ചകളില്ലെല്ലാം എം.ടി. പങ്കെടുത്തിരുന്നു. സിനിമയാക്കാന്‍ പറ്റാത്തതില്‍ ആ വാക്ക് പാലിക്കാന്‍ പറ്റാത്തതില്‍ കുറ്റബോധമുണ്ട്- വി എ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.


Full View


രണ്ടാമൂഴം സിനിമയാകാത്തതിന് പിന്നില്‍

'രണ്ടാമൂഴം' നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി തീര്‍പ്പാക്കിയത് 2020ലാണ്. അതിന് ശേഷം എംടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. രണ്ടാമൂഴം സിനിമയാക്കാന്‍ പറ്റുന്ന അന്തരീക്ഷമല്ല അപ്പോഴെന്ന് എം.ടി. വാസുദേവന്‍ നായര്‍. പറഞ്ഞിരുന്നു. പ്രയാസമൊക്കെ ഒന്നു കഴിയട്ടെ. തിരക്കഥ തിരിച്ചുതന്നിരുന്നു. ഇനി സിനിമ നിര്‍മിക്കാനുള്ള അന്തരീക്ഷം ശരിയാവട്ടെ. അതേക്കുറിച്ച് ഒന്നും പറയുന്നില്ല -ഇതായിരുന്നു പ്രതികരണം. ഈ കേസില്‍ വലിയ നിയമ യുദ്ധമാണ് എംടി നടത്തിയത്. കേരളത്തിലെ ഒരു സാഹിത്യകാരനും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായില്ലെന്നതാണ് വസ്തുത.

രണ്ടാമൂഴത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥകള്‍ തിരിച്ചുകിട്ടാന്‍ 2018-ല്‍ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് അനുകൂല തീരുമാനമുണ്ടായത്. ഈ തിരക്കഥകളുടെ ഒറിജിനലും ഇലക്ട്രോണിക് പകര്‍പ്പുകളും എം.ടി.ക്ക് അവകാശപ്പെട്ടതാണെന്നും ഇതുപയോഗിക്കാന്‍ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന് അവകാശമുണ്ടായിരിക്കില്ലെന്നും വിധിയില്‍ വ്യക്തമാക്കി. 2014-ലാണ് രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാര്‍ മേനോനുമായി കരാറൊപ്പിട്ടത്. രണ്ടുവര്‍ഷത്തിനകം സിനിമയുണ്ടാക്കുമെന്നായിരുന്നു കരാര്‍. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സിനിമാ ജോലികള്‍ തുടങ്ങാത്തതിനാല്‍ 2018-ല്‍ തിരക്കഥ തിരികെച്ചോദിച്ച് എം.ടി. കോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞതിനാല്‍ കരാര്‍ അസാധുവായെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

തര്‍ക്കത്തില്‍ മധ്യസ്ഥത വേണമെന്ന വാദവുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയതോടെ കേസ് സുപ്രീംകോടതി വരെ പോയി. ഒടുവില്‍, അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ എം.ടി.യില്‍നിന്നു കൈപ്പറ്റി തിരക്കഥ തിരിച്ചുനല്‍കാമെന്ന ഒത്തുതീര്‍പ്പിലെത്തി. സുപ്രീംകോടതി അംഗീകരിച്ച ഈ വ്യവസ്ഥ കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയെ അറിയിച്ചു. ഇതോടെയാണ് എം.ടി.യുടെ ഹര്‍ജി കോടതി തീര്‍പ്പാക്കിയത്. രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ടു നല്‍കിയ കേസില്‍ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എതിര്‍ ഹര്‍ജി നല്‍കിയത് അടക്കം ചര്‍ച്ചയായിരുന്നു. വിഷയം കോടതിക്കു പുറത്തു പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എതിര്‍കക്ഷിയായ സംവിധായകന്‍ ശ്രീകുമാരമേനോന്‍ നല്‍കിയ ഹര്‍ജിയുടെ മറുപടി ഹര്‍ജിയിയായിരുന്നു ഇത്.

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുമെന്ന് കേട്ടിരുന്ന സിനിമയ്ക്കായി 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്. മഹാഭാരതത്തിലെ ഭീമന്റെ ജീവിതം പകര്‍ത്തുന്ന എംടിയുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാലിനെ ഭീമനാക്കി ചിത്രം പദ്ധതിയിട്ടത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്.

1977 ല്‍ ഒരു നവംബര്‍ മാസത്തില്‍ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂര്‍ത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തില്‍ സര്‍ഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവല്‍ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികള്‍ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാര്‍ മേനോന്‍ ഏറെ വിവാദങ്ങളില്‍ പെട്ടു. ശ്രീകുമാര്‍ മേനോന്റെ പുഷ് കമ്പനി പാപ്പര്‍ സ്യൂട്ടും നല്‍കി. ഇതെല്ലാം പലവിധ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. ഇതോടെയായിരുന്നു എംടി നിയമ പോരാട്ടത്തിന് ഇറങ്ങിയത്.

Tags:    

Similar News