പത്തനംതിട്ട മുന്‍ എസ്പി വി.ജി. വിനോദ്കുമാറിന് വീണ്ടും സര്‍ക്കാരിന്റെ സഹായ ഹസ്തം; ആറന്മുള പോക്സോ കേസ് അട്ടിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റി; പകരം നിയമിച്ചിരിക്കുന്നത് വിനോദ്കുമാറിന്റെ വിശ്വസ്തനായ ശ്രീകുമാറിനെ; അട്ടിമറി നടന്നപ്പോള്‍ ശ്രീകുമാര്‍ പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി

പത്തനംതിട്ട മുന്‍ എസ്പി വി.ജി. വിനോദ്കുമാറിന് വീണ്ടും സര്‍ക്കാരിന്റെ സഹായ ഹസ്തം

Update: 2025-09-26 15:05 GMT

കോട്ടയം: മുന്‍ പത്തനംതിട്ട എസ്പി വി.ജി. വിനോദ്കുമാറിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. വിനോദ് പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ നടന്ന ആറന്മുള പോക്സോ കേസ് അട്ടിമറി അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥിയെ മാറ്റി. പകരം നിയമിച്ചിരിക്കുന്നത് വി.ജി. വിനോദ്കുമാറിന്റെ വിശ്വസ്ഥന്‍ എന്നറിയപ്പെടുന്ന ആര്‍. ശ്രീകുമാറിനെയാണ്.

ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായ നൗഷാദ് തോട്ടത്തില്‍ പ്രതിയായ പോക്സോ കേസാണ് ആറന്മുള പോലീസ് അട്ടിമറിച്ചത്. വിനോദ്കുമാര്‍ എസ്.പിയായിരിക്കുമ്പോഴാണ് അട്ടിമറി നടക്കുന്നത്. യഥാര്‍ഥത്തില്‍ കേസ് അട്ടിമറിച്ചത് ആറന്മുള പോലീസായിരുന്നു. മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എസ്.പി വിനോദ്കുമാര്‍ ഒരു ഘട്ടത്തിലും അന്വേഷണത്തില്‍ ഇടപെട്ടില്ല. ഒടുവില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ടതോടെയാണ് ഹോം സെക്രട്ടറി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ഇതോടെയാണ് ഞെട്ടിക്കുന്ന അട്ടിമറിയുടെ കഥകള്‍ പുറത്തു വന്നത്.

ഈ കേസുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത കോന്നി ഡിവൈ.എസ്.പിയായിരുന്ന രാജപ്പന്‍ റാവുത്തര്‍, എസ്.എച്ച്.ഓ ആയിരുന്ന പി. ശ്രീജിത്ത് എന്നിവരെ കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്തു. അവരിപ്പോഴും പുറത്ത് തന്നെയാണുള്ളത്. കോന്നിയില്‍ നിന്ന് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ആറന്മുള പോലീസിന് കൈമാറിയ കേസില്‍ അവിടെ എഫ്ഐആര്‍ ഇടാന്‍ കാലതാമസം നേരിട്ടു. രണ്ടു ദിവസം താമസിച്ച് എഫ്ഐആര്‍ ഇട്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഒരു നടപടിയും ആറന്മുള പോലീസിന്റെയോ പത്തനംതിട്ട ഡിവൈ.എസ്.പിയുടെയോ ഭാഗത്ത് നിന്നുണ്ടായില്ല. എസ്പിയാകട്ടെ ഇതു സംബന്ധിച്ച് ഒരു നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയില്ല.

സര്‍ക്കാരും ആഭ്യന്തരവകുപ്പും പ്രതിക്കൂട്ടിലായതോടെയാണ് ഡിഐജി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. മൂന്നു പേര്‍ക്കുമെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തുവെങ്കിലും വിനോദ്കുമാറും മന്ത്രി വാസവനുമായുള്ള ബന്ധം തടസമായി. വിനോദ്കുമാറിനെ ഏറെ നാളിന് ശേഷം സ്ഥലം മാറ്റിയെങ്കിലും പത്തനംതിട്ട ഡിവൈ.എസ്.പിക്കും ആറന്മുള എസ്എച്ച്ഓയ്ക്കും എതിരേ വകുപ്പുതല ശിക്ഷണ നടപടി (പി.ആര്‍) മാത്രമാണുണ്ടായത്. ഇതുമായി യാതൊരു ബന്ധവും നേരിട്ടില്ലാത്ത കോന്നിയിലെ ഉദ്യോഗസ്ഥരെ വിനോദ്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച വേഗവും ശുഷ്‌കാന്തിയും മറ്റുള്ളവരുടെ അടുത്ത് ചെന്നപ്പോള്‍ തണുത്തു.

സംഭവം വിവാദമായതോടെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥിയെ അട്ടിമറി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ആരുടെയും സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഗിരീഷ് അന്വേഷിച്ചാല്‍ തനിക്ക് കുഴപ്പമാകുമെന്ന് വിനോദിന് അറിയാമായിരുന്നു. നിലവില്‍ ഗിരീഷ് പി. സാരഥി അന്വേഷണം പൂര്‍ത്തിയാക്കി ഫാക്ച്വല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് എതിരായി വന്നാല്‍ വിനോദ്കുമാറിനെ ബാധിക്കും. ഇവിടെയാണ് അട്ടിമറിക്കുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഗിരീഷ് പി. സാരഥിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് വ്യക്തതയും കൂടുതല്‍ വിശദീകരണവും തേടി വേണമെങ്കില്‍ മടക്കാം. അങ്ങനെ വന്നാല്‍ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഇപ്പോള്‍ നിയമിക്കപ്പെടുന്ന ശ്രീകുമാറാകും. ഇതോടെ പന്ത് വീണ്ടും വിനോദിന്റെ കളത്തിലെത്തും.

അതിനാലാണ് എസ്.പി ആര്‍. ശ്രീകുമാറിനെയും ഗീരിഷ് പി. സാരഥിയെയും പരസ്പരം മാറ്റി നിയമിക്കാനുള്ള ചരടുവലി നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സ്പെഷല്‍ സെല്‍ എസ്.പിയായിരുന്നു ശ്രീകുമാര്‍. വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ട എസ്.പിയായിരിക്കുമ്പോള്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്നു ശ്രീകുമാര്‍. ഗുണ്ടാബന്ധം അടക്കം നിരവധി വിഷയങ്ങളില്‍ വകുപ്പുതല അന്വേഷണവും പി.ആറും നേരിട്ടിരുന്ന ശ്രീകുമാറിനെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് അതെല്ലാം വിടുതല്‍ ചെയ്ത് കൊടുത്ത് എസ്.പിയായി സ്ഥാനക്കയറ്റം വാങ്ങി കൊടുത്തതില്‍ വിനോദ്കുമാറിന് മുഖ്യപങ്കുണ്ടായിരുന്നു.

Tags:    

Similar News