അച്ഛന് അസുഖമെന്ന് പറഞ്ഞ് അടിയന്തര പരോളിലിറങ്ങി; പോലീസിനെ ബോംബെറിഞ്ഞ കേസിലെ കുറ്റവാളി നിഷാദിന് എല്ലാം തോന്നിയതു പോലെ; പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തില്‍ പങ്കെടുത്തു; വി കെ നിഷാദ് പങ്കെടുത്തത് കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തില്‍

അച്ഛന് അസുഖമെന്ന് പറഞ്ഞ് അടിയന്തര പരോളിലിറങ്ങി

Update: 2026-01-27 07:15 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി.കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ല എന്നാണ് പരോള്‍ ചട്ടം. ഈ ചട്ടമെല്ലാം പാര്‍ട്ടിയുടെ സഖാവിന് വേണ്ടി വഴിമാറി.

ഇന്നലെ പ്രകടനം പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചു കയറിയത്. നിഷാദ് സി പി എം പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പരോള്‍ ചട്ടലംഘനം വ്യക്തമായതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

അച്ഛന് അസുഖമാണെന്ന് പറഞ്ഞാണ് നിഷാദിനു അടിയന്തര പരോള്‍ നേടിയത്. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലില്‍ കിടന്നത് ഒരു മാസം മാത്രമാണ്. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂര്‍ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് ശിക്ഷിച്ചത്.

വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. കൊലപാതക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വി.കെ നിഷാദ്. 2012ല്‍ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവില്‍ പയ്യന്നൂര്‍ മുന്‍സപാലിറ്റി കൗണ്‍സിലറും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂര്‍ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളില്‍ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വര്‍ഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോള്‍ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്റെ വിശദീകരണം.

Tags:    

Similar News