ഓഫീസ് വാടകയായി 25,000 രൂപ പ്രശാന്ത് പോക്കറ്റിലാക്കുന്നോ? വട്ടിയൂര്‍ക്കാവില്‍ 'ബ്രോ'ക്കെതിരെ സൈബര്‍ പോര്; ഒടുവില്‍ വിവരാവകാശ രേഖ പുറത്ത്; എംഎല്‍എമാരുടെ ശമ്പള കണക്കുകളുമായി പ്രതിരോധിച്ച് മന്ത്രി പി.രാജീവ്; മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമെന്ന് പ്രശാന്ത്

ഓഫീസ് വാടകയായി 25,000 രൂപ പ്രശാന്ത് പോക്കറ്റിലാക്കുന്നോ?

Update: 2025-12-31 10:56 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന് ഓഫീസ് വാടക അലവന്‍സായി പ്രതിമാസം 25,000 രൂപ ലഭിക്കുന്നുണ്ടോ? എംഎല്‍എ ഓഫീസിന് 25,000 രൂപ വാടക അലവന്‍സ് എഴുതിയെടുക്കുന്നെന്നാണ് വ്യാപക പ്രചാരണം. എന്നാല്‍, എംഎല്‍എയ്ക്ക് വാടക അലവന്‍സ് ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എംഎല്‍എമാര്‍ക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക അലവന്‍സ് അനുവദിക്കുന്നില്ലെന്നും, ലഭിക്കുന്ന 25,000 രൂപ മണ്ഡല അലവന്‍സായി മാത്രമാണെന്നും നിയമസഭാ സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു.

ഓഫീസ് മുറിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്ന് വി കെ പ്രശാന്ത് എംഎല്‍എ ആരോപിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കെ മുരളീധരനും ശബരീനാഥനും ഈ വിഷയം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. അടുത്ത തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയെ പരാജയപ്പെടുത്താനാണ് ഈ വിഷയത്തിലൂടെ ശ്രമിക്കുന്നത്. ഇത് ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ കെട്ടിടം ഒഴിയണമെങ്കില്‍ സെക്രട്ടറി നോട്ടീസ് നല്‍കണം. കൗണ്‍സിലാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ഓഫീസിനായി 25,000 രൂപ അലവന്‍സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് നേരത്തെ മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു അലവന്‍സ് എംഎല്‍എമാര്‍ക്കില്ലെന്നും, ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവന്‍സും എംഎല്‍എമാര്‍ക്ക് നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും പി രാജീവ് പറഞ്ഞിരുന്നു.

മാസ അലവന്‍സും മണ്ഡലം അലവന്‍സും യാത്രാ അലവന്‍സും ടെലിഫോണ്‍ അലവന്‍സും ഇന്‍ഫര്‍മേഷന്‍ അലവന്‍സും മറ്റ് അലവന്‍സുകളും ചേര്‍ത്ത് 70000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നതും ജീവിതച്ചിലവ് വഹിക്കുന്നതും ഓഫീസുള്‍പ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാല്‍ ബിജെപി ഫാക്ടറിയില്‍ നിന്ന് മുട്ടയിട്ട നുണകള്‍ പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവര്‍ക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണെന്നും പി രാജീവ് പ്രതികരിച്ചു.

Tags:    

Similar News