മോദിയുടെ കൂട്ടുകാരന്‍ അദാനിയെ വിഴിഞ്ഞത്ത് വിശ്വസ്ത പങ്കാളിയാക്കി; കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് പറഞ്ഞ കണിച്ചുകുളങ്ങരയിലെ നേതാവ് ഭാവനാ സമ്പന്നനും ദീര്‍ഘവീക്ഷണമുള്ളയാളുമെന്ന് പുതിയ കണ്ടെത്തല്‍; പിണറായിയുടെ വിശ്വസ്തനായ മന്ത്രിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റില്‍ നിറയുന്നത് വെള്ളാപ്പള്ളിയുടെ മാഹാത്മ്യം; സിപിഎം ലൈന്‍ മാറി പിടിക്കുന്നുവോ? മന്ത്രി വാസവന്‍ വിടുവായത്തം പറയുമ്പോള്‍

വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വിഎന്‍ വാസവന്‍

Update: 2025-07-20 07:34 GMT

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എന്‍ വാസവന്‍. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നാണ് വാസവന്റെ പുകഴ്ത്തല്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയ നിലപാടുകള്‍ പറയുന്നയാളാണ് വെള്ളപ്പള്ളി നടേശന്‍. ഭാവനാ സമ്പന്നനും ദീര്‍ഘവീക്ഷണവുമുള്ള വെള്ളാപ്പള്ളി, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എന്‍ ഡിപി യോഗത്തെ കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവന്‍ അഭിപ്രായപ്പെട്ടു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം വിവാദമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പുകഴ്ത്തല്‍. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയത്. കേരളത്തില്‍ മുസ്ലിം ലീഗ് ആണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു വിവാദ പ്രസ്താവന. പിണറായിയുടെ വിശ്വസ്തനായ മന്ത്രിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റില്‍ നിറയുന്നതത്രയും വെള്ളാപ്പള്ളിയുടെ മാഹാത്മ്യമാണ്. സൂംബ ഡാന്‍സിലടക്കം ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുന്ന ഘട്ടത്തിലാണ് ഇടതു മന്ത്രിയുടെ വെള്ളാപ്പള്ളി പുകഴ്ത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ചുവടുമാറ്റമെന്ന സംശയവും ഉയരുന്നുണ്ട്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ പുകഴ്ത്തല്‍. വെള്ളാപ്പള്ളി ചുമതലയേല്‍ക്കുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി കുത്തഴിഞ്ഞ ഒരു പുസ്തകം പോലെയുള്ള സംഘടനയായിരുന്നെങ്കില്‍ അതിനെ നന്നായി കൂട്ടിക്കെട്ടി ഒരുപുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കും ചിട്ടയുമുള്ള ഒരു സംഘടനയാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു

'സാധാരണ നിലയില്‍ 56 വയസുകഴിയുമ്പോള്‍ പെന്‍ഷന്‍ ആയി എന്ന നിലയില്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന അവസ്ഥയിലേക്കാണ് എല്ലാവരും വരുന്നതെങ്കില്‍, ഇവിടെ 56 വയസിന് ശേഷം പൊതുജീവിതത്തിലേക്ക് കടന്നുവന്ന് ഊര്‍ജ്വസ്വലനായി ഒരുനാട്ടില്‍ ചരിത്രം സൃഷ്ടിക്കുന്ന തലത്തിലേക്ക് അദ്ദേഹം ഈ പദവിയെ എത്തിച്ചു. സമകാലീന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹത്തിന് വ്യക്തമായ രൂപത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് നിര്‍ഭയമായി മുന്നോട്ട് പോകുന്നു. അത് ഏത് തരത്തിലായാലും പറയാനുള്ളതെല്ലാം അദ്ദേഹം പറഞ്ഞുപോകും'.

'വെള്ളാപ്പള്ളി ചുമതലയേല്‍ക്കുന്ന കാലഘട്ടത്തില്‍ എസ്എന്‍ഡിപി കുത്തഴിഞ്ഞ ഒരു പുസ്തകം പോലെയുള്ള സംഘടനയായിരുന്നെങ്കില്‍ അതിനെ നന്നായി കൂട്ടിക്കെട്ടി ഒരുപുസ്തകമാക്കി രൂപാന്തരപ്പെടുത്തി, അടുക്കും ചിട്ടയുമുള്ള ഒരു സംഘടനയാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ചരിത്രം സൃഷ്ടിച്ചാണ് ഓരോ ദിവസവും അദ്ദേഹം മുന്നോട്ടുപോകുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സമൂദായംഗങ്ങളില്‍ ഓടിയെത്തും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അനസ്യൂതം യാത്ര തുടരുകയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിന് സവിശേഷങ്ങളായ ചില രൂപങ്ങളുണ്ട്. അത് തിരിച്ചറിയണം' വിഎന്‍ വാസവന്‍ പറഞ്ഞു.

ആരുടെയും മുഖത്ത് നോക്കി പറയാനുള്ള ആര്‍ജവുമുള്ള നേതാവാണ് വെള്ളാപ്പള്ളിയെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വേട്ടയാടിയ നേതാവാണ് വെള്ളാപ്പള്ളിയെന്നായിരുന്നു കെ ബാബു എംഎല്‍എയുടെ പ്രതികരണം.

Tags:    

Similar News