ഒരുകാലത്ത് പ്രവര്‍ത്തിച്ചത് ഇന്ത്യാവിഷനിലെ സ്റ്റാഫിനെപ്പോലെ; പാര്‍ട്ടി സെക്രട്ടറിയായിരിക്കേ മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകള്‍; ജനകീയനാക്കി മാറ്റുന്നതില്‍ സഹായിച്ചത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍; വിഎസിനൊപ്പം വിവാദമൂലയും മാധ്യമ സിന്‍ഡിക്കേറ്റും ഓര്‍മ്മകളില്‍
വിഎസിനൊപ്പം വിവാദമൂലയും മാധ്യമ സിന്‍ഡിക്കേറ്റും ഓര്‍മ്മകളില്‍
കോഴിക്കോട്: മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകളായിരുന്നു, ഒരുകാലത്ത് വിഎസ് അച്യൂതാനന്ദന് ധാരാളമായി ഉണ്ടായിരുന്നത്. ആളുകളോട് ഒന്ന് ചിരിക്കുകപോലും ചെയ്യാത്തെ, തനി പ്രത്യയശാസ്ത്ര കടുംപിടുത്തക്കാരന്‍ എന്ന ഇമേജായിരുന്നു, 90കളില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസ പുരോഗതിക്കെതിരെ വി എസ് സംസാരിച്ചുവെന്നതും അദ്ദേഹത്തെ ന്യൂനപക്ഷ വിരോധിയാക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് ബലമായി. എന്നാല്‍ 90കളിലെ അവസാനം തന്നെ വിഎസിന്റെ ഇമേജ് മാറാന്‍ തുങ്ങി. 2001-ല്‍ പ്രതിപക്ഷനേതാവതോടെ വിഎസ് കേരളത്തില്‍ കൊടുങ്കാറ്റായി.
ഇന്ത്യാവിഷന്റെ സ്വന്തം വിഎസ്
മുരടനില്‍നിന്ന് ജനകീയനിലേക്കുള്ള വിഎസിന്റെ ഇമേജ് മാറ്റത്തിന് ഏറെ സഹായിച്ചതും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണ്. അച്ചടിമാധ്യമങ്ങളുടെ കുത്തക നഷ്ടപ്പെടുകയും, ദൃശ്യമാധ്യമങ്ങള്‍ വളര്‍ന്നുവരികയും ചെയ്ത, 2000ത്തിന്റെ തുടക്കത്തില്‍, വി എസ് ടെലിവിഷന്‍ ചാനലിലുടെ ഒരു ഐക്കണായി മാറി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍, അദ്ദേഹം എടുത്ത ഒരു രീതിയും പുതുതലമുറാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടമായി. എന്തു സംഭവമുണ്ടായാലും അവിടം സന്ദര്‍ശിച്ച് പ്രശ്നം പഠിച്ച് പ്രതികരിക്കുക എന്ന ഒരു ശൈലി തന്നെ വിഎസ് ഉണ്ടാക്കി. അങ്ങനെ അട്ടകടികൊണ്ട് മതികെട്ടാല്‍ ചോലയിലൂം, വയനാട്ടിലും, മുത്തങ്ങളിലുമൊക്ക വിഎസ് എത്തി, സാധാരണക്കാരന്റെ നാവായി. നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ വാഗ്ധോരണി, ചാനലുകള്‍ ഒരു സംഗീതംപോലെ ജനങ്ങളുടെ മുന്നിലെത്തിച്ചു. കേരളത്തിലെ വീട്ടമ്മമാര്‍പോലും വിഎസിനെ ഇഷ്ടപ്പെട്ടുതുടങ്ങിയത് ഈ ടെലിവിഷന്‍ ഇഫക്റ്റിനെ തുടര്‍ന്നായിരുന്നു.
2023 മുതല്‍ ഡോ. എം കെ മുനീര്‍ എന്ന മുസ്ലീലീഗ് നേതാവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ, കേരളത്തിലെ ആദ്യത്തെ സമ്പുര്‍ണ്ണ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷനിലെ ഒരു സ്റ്റാഫിനെപ്പോലെയായിരുന്നു പലപ്പോഴും വിഎസിന്റെ പ്രവര്‍ത്തനം. തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യാവിഷന്റെ സൃഷ്ടിയായിരുന്നു വിഎസ് എന്നുപോലും, പലപ്പോഴും വാദങ്ങള്‍ ഉയര്‍ന്നു. നികേഷ്‌കുമാറും, എം പി ബഷീറും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണ വിഎസിന് ആയിരുന്നു. ഇന്ത്യാവിഷന്‍ ബ്രേക്ക് ചെയ്ത ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അതി ശക്തമായി ഏറ്റെടുത്തതതും വിഎസ് ആയിരുന്നു.
'പെണ്‍വാണിഭക്കാരെ കൈയാമംവെച്ച് റോഡിലൂടെ നടത്തിക്കുമെന്ന' 2006-ലെ തിരിഞ്ഞെടുപ്പുകാലത്തെ വിഎസിന്റെ പ്രഖ്യാപനം, വലിയതോതില്‍ സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചായുന്നതിന് സഹായിച്ചു. പിന്നീട് വിഎസ് മുഖ്യമന്ത്രിയായപ്പോഴും നിര്‍ലോഭമായ പിന്തുണയാണ്, ഇന്ത്യാവിഷനും നികേഷ് ടീമും കൊടുത്തത്. മൂന്നാറിലെ കൈയറ്റഭൂമി തിരിച്ചുപിടിക്കല്‍ ദൗത്യമടക്കമുള്ളകാര്യത്തില്‍, കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ ഒക്കെയും വിഎസിന് ഒപ്പംമാണ് നിന്നത്.
വിവാദമൂലയിലെ വിഎസ്
2006 മുതല്‍ വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം സിപിഎം കടുത്ത വിഭാഗീയതിയിലൂടെയാണ് കടന്നുപോയത്. അന്നാണ് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ മാധ്യമ സിന്‍ഡിക്കേറ്റിനെ കുറിച്ച് ആശങ്ക ഉയര്‍ത്തിയത്. ഇതിനൊക്കെ മുഖ്യമന്ത്രി എന്ന നിലയിലും ചുട്ട മറുപടി തന്നെ വിഎസ് നല്‍കി. ഒരുകാലത്ത് വിഎസ്- പിണറായി വിഭാഗീയത തന്നെയായിരുന്നു മാധ്യമങ്ങള്‍ക്ക് ചാകര. അന്ന്് പുര്‍ണ്ണമായും വിഎസിന് ഒപ്പമാണ് കേരളാ മാധ്യമങ്ങള്‍ നിന്നത്. മുഖ്യമന്ത്രിയായിരിക്കേ വിഎസ് നടത്തിയ പല വാര്‍ത്താസമ്മേളനങ്ങളിലും വിവാദ ഉണ്ടാവുന്നത് ഒരു പ്രത്യേക മോഡലില്‍ ആയിരുന്നു.
ക്ലിഫ് ഹൗസിലെ ഔദ്യോഗിക വാര്‍ത്താ സമ്മേളനം കഴിഞ്ഞ്, പ്രൈവറ്റ് സെക്രട്ടറി സുരേഷിന്റെ സഹായത്തോടെ നടന്നു നീങ്ങവെ, വലതുഭാഗത്തെ ആ മൂലയില്‍ എത്തായാല്‍, മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചുചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്, വി എസ് ഉത്തരം പറയും. ആവര്‍ത്തിച്ച് വിവാദം ഉണ്ടായതോടെ ആ മൂല വിവാദമുല എന്ന് അറിയപ്പെട്ടു. 'മാധ്യമ, സിന്‍ഡിക്കേറ്റ് സിന്‍ഡിക്കേറ്റ് എന്ന് പറയുന്നവര്‍ തന്നെ സിന്‍ഡിക്കേറ്റിനെ ആശ്രയിക്കുന്നു' എന്നതടക്കമുള്ള നിരവധി പരാമര്‍ശങ്ങള്‍ ഈ മൂലയില്‍നിന്നാണ് ഉണ്ടായത്.
അതുപോലെ അന്ന് എസ്എഫഐ സംസ്ഥാന നേതാവായിരുന്നു, എം സ്വരാജ് ഒരിക്കല്‍ 'പിതൃശൂന്യമായ മാധ്യമ പ്രവര്‍ത്തനം' എന്ന പരാമര്‍ശം നടത്തിയിരുന്നു. ഇത് മാധ്യമ പ്രവര്‍ത്തകരെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ചു എന്ന രീതിയിലാണ് ചിലര്‍ വ്യാഖ്യാനിച്ചത്. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ക്ക് എതിരെ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകള്‍ കടമെടുത്ത് ഉപയോഗിക്കയാണ് സ്വരാജ് ചെയ്തത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇത് മുഖ്യമന്ത്രിയായ വിഎസിന്റെ മുന്നിലെത്തിച്ച്, കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം ഇറക്കിച്ചു. ആ ചോദ്യത്തിന് മറുപടിയായി സ്വരാജിനെ വിഎസ് നിശിതമായി വിമര്‍ശിച്ചതും വലിയ വാര്‍ത്തയായി. സിപിഎം ഗ്രൂപ്പിസത്തില്‍ ഈ സംഭവവും എണ്ണപാര്‍ന്നു. അതുപോലെ എത്രയെത്ര വിവാദങ്ങള്‍.
പിന്നീട് ഈ മാധ്യമ ബാന്ധവം വിഎസിന് വലിയ വിനയുമായി. സെക്രട്ടറിയായിരുന്ന എം ഷാജഹാന്‍ അടക്കമുള്ളവര്‍, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ പുറത്താകുകയും ചെത്തു. പക്ഷേ പിന്നീട് മാധ്യമ പ്രവര്‍ത്തകരില്‍നിന്നുതന്നെ വിഎസിനെതിരെ വെളിപ്പെടുത്തലുകളും ഉണ്ടായി. ലാവലിന്‍ കേസിന്റെ സമയത്ത്, പിണറായി വിജയനെതിരെ വാര്‍ത്ത എഴുതാന്‍ വി എസ് ആവശ്യപ്പെട്ടതായി, കേരളകൗമുദി ഉടമയും, എഡിറ്ററുമായിരുന്ന എം എസ് മണി പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു.
പക്ഷേ എന്തായാലും മാധ്യമങ്ങളുടെ അരുമയായതോടെ, വിഎസ് ജനകീയയായി. 2011-ല്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോള്‍ 'കണ്ണേ കരളേ, വിസ്സേ' എന്ന് പറഞ്ഞ് ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്. തുടര്‍ന്ന് പാര്‍ട്ടി പി ബി ഇടപെട്ട് ആ തീരുമാനം തിരുത്തിയതും, കേരളത്തില്‍ വിഎസ് തരംഗം ആഞ്ഞടിച്ചതും ചരിത്രം. അടുത്ത തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിഎസിന് സീറ്റ് നിഷേധിച്ചുവെങ്കിലും ജനകീയ പ്രതിഷേധം വീണ്ടും അദ്ദേഹത്തെ നായകനാക്കി.