അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: 2004 ല്‍ ജോലിക്ക് കയറിയ സൈജു സഖറിയ 2009 ല്‍ പുറത്തു പോയത് ഡിവിഷന്‍ ഫാളിനെ തുടര്‍ന്ന്; 2012 ലെ ഒഴിവില്‍ നിയമനം ലേഖയ്ക്ക് നല്‍കിയപ്പോള്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി; വ്യവഹാരങ്ങള്‍ക്ക് ശമനം ഉണ്ടായത് കഴിഞ്ഞ വര്‍ഷം; ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് ഘട്ടംഘട്ടമായി; വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥര്‍

ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് ഘട്ടംഘട്ടമായി; വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥര്‍

Update: 2025-08-05 05:23 GMT

പത്തനംതിട്ട: നാറാണംമൂഴി സെന്റ് ജോസഫ്സ് സ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ ഭര്‍ത്താവ് വി.ടി. ഷിജോ (47) ജീവനൊടുക്കിയ വിവാദത്തില്‍ സസ്പെന്‍ഷനിലായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് അഭിപ്രായമുയരുന്നു. കേസും വ്യവഹാരങ്ങളും മറ്റുമായി വര്‍ഷങ്ങള്‍ നീണ്ട വിഷയത്തില്‍ ഡി.ഇ.ഓഫീസില്‍ നിന്ന് കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ജനുവരി മുതല്‍ ഇക്കഴിഞ്ഞ ജൂലൈ രണ്ട് വരെ ലേഖ രവീന്ദ്രന്‍ ശമ്പളം കൈപ്പറ്റിയിരുന്നു. കിട്ടാനുള്ളത് 2012 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള ശമ്പള കുടിശികയാണ്. ഇത് സ്‌കൂളില്‍ നിന്ന് സ്പാര്‍ക്കില്‍ അപ്ലോഡ് ചെയ്യുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി ലഭിക്കുന്നതാണ്.

രണ്ടു അധ്യാപികമാര്‍ തമ്മിലുളള കേസും കോടതി വ്യവഹാരവും 2012 ലാണ് ആരംഭിക്കുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2004 ല്‍ എച്ച്എസ്എ നാച്വറല്‍ സയന്‍സ് അധ്യാപികയായി സൈജു സഖറിയ എന്നയാള്‍ ജോലിക്ക് കയറിയിരുന്നു. 2008-09 കാലഘട്ടത്തില്‍ ഡിവിഷന്‍ ഫാളിനെ തുടര്‍ന്ന് സൈജുവിന് ജോലി നഷ്ടമായി. തുടര്‍ന്ന് ഇവര്‍ ജോലി രാജി വച്ചുവെന്നാണ് പറയുന്നത്. തുടര്‍ന്ന് 2011-12 കാലത്ത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന അധ്യാപക പാക്കേജില്‍ സൈജുവും ഉള്‍പ്പെട്ടു. 2012 ല്‍ സ്‌കുളില്‍ ഒഴിവു വന്ന അധ്യാപക തസ്തികയില്‍ യുപിഎസ്എ ആയി ലേഖ രവീന്ദ്രനെ നിയമിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന ആളെന്ന നിലയില്‍ സൈജു ഈ തസ്തികയിലേക്ക് അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ചട്ടപ്രകാരം തനിക്കാണ് ജോലിക്ക് അവകാശം എന്ന് ചൂണ്ടിക്കാട്ടിയാണ് സൈജു കോടതിയെ സമീപിച്ചത്. സ്‌കൂള്‍ മാനേജരെയും ലേഖ രവീന്ദ്രനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. 2019 ല്‍ കേസില്‍ ലേഖയ്ക്ക് അനുകൂലമായ കോടതി വിധി വന്നു. രണ്ടു പേരെയും കേട്ട ശേഷം തീരുമാനമെടുക്കാനായിരുന്നു വിധി. സര്‍ക്കാര്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടു. ഒടുവില്‍ ലേഖയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചു.

ശമ്പളം കൊടുക്കുന്ന ഘട്ടമായപ്പോള്‍ സൈജു ഹൈക്കോടതിയെ വീണ്ടും സമീപിച്ച് സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ വാങ്ങി. സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇതോടെ ലേഖയ്ക്ക് ശമ്പളം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍ത്തി വച്ചു. കേസില്‍ അന്തിമ വിധി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വന്നത്. ലേഖയുടെ നിയമനം അംഗീകരിക്കുന്നതിനുളള വിധിക്കെതിരേ സൈജു അപ്പീല്‍ പോയി. തല്‍സ്ഥിതി നിലനിര്‍ത്താന്‍ നവംബറില്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ അന്തിമവിധി വന്നു. ഇതു പ്രകാരം ലേഖയുടെ ശമ്പളം നല്‍കണം. ഇനി വരുന്ന ഒഴിവില്‍ സൈജുവിന് നിയമനം നല്‍കാമെന്ന് മാനേജ്മെന്റ് സത്യവാങ്മൂലം നല്‍കണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

നിലവില്‍ സൈജു കോന്നി ബി.ആര്‍.സി കോ-ഓര്‍ഡിനേറ്ററാണ്. പുതിയ നിയമനം വരുന്നത് വരെ സൈജുവിനെ ആ തസ്തികയില്‍ നിലനിര്‍ത്തും. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുള്ള സത്യവാങ്മൂലവും സര്‍ക്കാരില്‍ നിന്നുള്ള അനുവാദവും ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ട് പോകാം എന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അവസ്ഥ. സ്‌കൂള്‍ മാനേജര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കഴിഞ്ഞ ജനുവരി 17 ന് സര്‍ക്കാരിന്റെ ഉത്തരവും ഇറങ്ങി. 31 ന് നടപടി ഉത്തരവ് സ്‌കൂള്‍ പ്രഥമാധ്യാപികയ്ക്ക് ഡി.ഇ.ഓഫീസില്‍ നിന്ന് അയച്ചു നല്‍കി. ഇതിന്‍ പ്രകാരം പ്രഥമാധ്യാപിക ലേഖയുടെ സാലറി ഫിക്സ് ചെയ്യുന്നതിനുള്ള അപേക്ഷയും നല്‍കി. പ്രൊസീഡിങ്സ് പൂര്‍ത്തിയാക്കി ഡി.ഇ.ഒ സാലറി ഫിക്സേഷന് ഉത്തരവും നല്‍കി. കഴിഞ്ഞ ജനുവരി മുതല്‍ ലേഖയ്ക്ക് ശമ്പളം ലഭിച്ചു തുടങ്ങി. ജൂലൈ രണ്ടിനും ഒടുവിലത്തെ ശമ്പളം കിട്ടി. ഇനിയുള്ളത് 2012 മുതല്‍ നിയമനം അംഗീകരിച്ച 2019 ലെ വരെയുള്ള ശമ്പള കുടിശികയാണ്. രണ്ടാം ഘട്ടമായി 2019 മുതല്‍ 24 വരെയുള്ള കുടിശികയും നല്‍കണം. നിയമനം അംഗീകരിക്കുന്നത് വരെയുള്ള കുടിശിക പി.എഫില്‍ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. അതായത് 2012 മുതല്‍ 19 വരെയുള്ള ശമ്പളം പി.എഫിലേക്ക് പോകണം. ആ നടപടി ക്രമം പൂര്‍ത്തിയായി കഴിഞ്ഞാല്‍ രണ്ടാം ഘട്ട ശമ്പളം കൈയില്‍ കിട്ടും.

അരിയര്‍ ബില്‍ തയാറാക്കി നല്‍കേണ്ടത് സ്‌കൂള്‍ പ്രഥമാധ്യാപികയാണ്. 2012 മുതല്‍ ഓരോ വര്‍ഷവുമുള്ള ശമ്പള വര്‍ധന, ശമ്പള പരിഷ്‌കരണം എന്നിവ അനുസരിച്ചുള്ള അരിയര്‍ ബില്‍ വേണം തയാറാക്കാന്‍. ഇത് തയാറാക്കി അപ്ലോഡ് ചെയ്യുമ്പോള്‍ ആ തുക നേരെ പി.എഫിലേക്ക് പോകും. ഇതിന് ശേഷം വേണം 2019 മുതലുള്ള ബില്‍ തയാറാക്കി പാസാക്കാന്‍. സ്പാര്‍ക്കില്‍ ബില്‍ അപ്ലോഡ് ചെയ്യുന്നതിന് താമസം നേരിടുകയും ചെയ്യും. ഇതിനിടെ മാര്‍ച്ച് 31 ന് നിലവിലുള്ള പ്രഥമാധ്യാപിക വിരമിച്ചു. പകരം ഏപ്രില്‍ ഒന്നിന് സ്ഥാനമേറ്റതാണ് ഇപ്പോഴുള്ള പ്രഥമാധ്യാപിക. ഇവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

ഫലത്തില്‍ ചട്ടപ്രകാരമുള്ള ജോലികളാണ് ഡി.ഇ.ഓ ജീവനക്കാര്‍ ചെയ്തത് എന്ന് പറയുന്നു. കിട്ടിയ മുറയ്ക്ക് അനുസരിച്ച് ഇവര്‍ ഇവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചിട്ടുണ്ട്. വിഷയം വിവാദമാവുകയും മരിച്ചത് പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ആളാവുകയും ചെയ്തതോടെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ വേണ്ടി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി ഇടതു സര്‍വീസ് സംഘടനകള്‍ പോലും രംഗത്തില്ല എന്നുള്ളതാണ് ശ്രദ്ധേയം.

സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നാണ് ലേഖയുടെ നിയമനം ഉപാധികളോടെ അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൂന്ന് മാസത്തിനള്ളില്‍ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കോടതി വിധി പരിശോധിച്ച് ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് കഴിഞ്ഞ ജനുവരി 17 സര്‍ക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു. ജനുവരി 31 ന് ഇതു സംബന്ധിച്ച് സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് നിര്‍ദേശം നല്‍കിയതിന് ശേഷം ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കി, സ്പാര്‍ക്ക് ഓതന്റിക്കേഷന് സ്‌കൂള്‍ പ്രധാനാധ്യാപിക നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിച്ചു എന്നിവയാണ് ഉദ്യോഗസ്ഥരുടെ വീഴ്ചയായി സസ്പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Tags:    

Similar News