ബന്ധുക്കളില്‍ ഒരാള്‍ക്ക് അസുഖം കൂടിയെന്ന വ്യാജേന വീട്ടില്‍ നിന്ന് ഓരോരുത്തരെയായി വിളിച്ചിറക്കി; നാരായണന്‍ ചെട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷണം കഴിച്ച് വിശ്രമം; പിന്നീട് ഭാര്യയെയും മക്കളെയും; അഞ്ചുമണിക്കൂറില്‍ നാലുപേരുടെ കൂട്ടക്കുരുതി; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടലില്‍ ചര്‍ച്ചയായി വാകേരി കൂട്ടക്കൊലയും

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടലില്‍ ചര്‍ച്ചയായി വാകേരി കൂട്ടക്കൊലയും

Update: 2025-02-26 14:46 GMT

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വിചാരണ കോടതി തൂക്ക് ശിക്ഷ വിധിച്ചപ്പോള്‍, കേരളത്തില്‍ ഒരു വനിതാ കുറ്റവാളിയെ പോലും തൂക്കിലേറ്റിയിട്ടില്ല എന്ന കാര്യം ചര്‍ച്ചയായി. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേരെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അഴകേശനെയാണ് 1979ല്‍ ആദ്യമായി കേരളത്തില്‍ തൂക്കിലേറ്റിയത്. 1984ല്‍ വാകേരിയില്‍ 4 പേരെ കൊലപ്പെടുത്തിയ വി ബാലകൃഷ്ണനെ 16 മാര്‍ച്ച് 1994ന് തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലായ് 6ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. ഇപ്പോള്‍, വെഞ്ഞാറമൂട്ടില്‍ സഹോദരനും, മുത്തശ്ശിയും, പതൃസഹോദരനും ഭാര്യയും പെണ്‍സുഹൃത്തും അടക്കം അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത അഫാനും കടുത്ത ശിക്ഷ വിധിക്കണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ തൂക്കിലേറ്റിയവരുടെ ചരിത്രം നോക്കിയാല്‍ വാകേരി കൂട്ടക്കൊലയ്ക്കാണ് വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി സാമ്യമുള്ളത്.

വയനാട് ബത്തേരിക്കടുത്ത് വാകേരിയില്‍ 1984 ജനുവരി 27 ന് രാത്രിയാണ് പ്രതിയായ ബാലകൃഷ്ണന്‍ ബന്ധുക്കളായ നാലുപേരെ കൂട്ടക്കുരുതി നടത്തിയത്. 5 മണിക്കൂറിനിടെയാണ് പ്രതി കുറ്റക്യത്യം നിര്‍വ്വഹിച്ചത്. ബന്ധുവായ പണയമ്പത്ത് നാരായണന്‍ ചെട്ടി, ഭാര്യ ദേവകി, മകന്‍ ശ്രീധരന്‍, മകള്‍ ജയശ്രീ എന്നിവരെയാണ് ബാലകൃഷ്ണന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. നാരായണ ചെട്ടിയുമായി ഉണ്ടായ സാമ്പത്തിക തര്‍ക്കങ്ങളും പെണ്‍മക്കളിലൊരാളെ വിവാഹം കഴിച്ചു നല്‍കാത്തതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

രാത്രി 9.45 ഓടെയായിരുന്നു ബാലകൃഷ്ണന്‍ അരുംകൊല തുടങ്ങിയത്. ബന്ധുക്കളിലൊരാള്‍ക്ക് അസുഖം കൂടിയെന്നു പറഞ്ഞു നാരായണന്‍ ചെട്ടിയുടെ വീട്ടിലെത്തിയ ബാലകൃഷ്ണന്‍ കുടുംബാംഗങ്ങളെ ഓരോരുത്തരെയായി വീട്ടില്‍ നിന്ന് വിളിച്ചിറക്കി. ആദ്യം കൂട്ടി കൊണ്ട് പോയത് നാരായണന്‍ ചെട്ടിയെയായിരുന്നു. അര കിലോമീറ്റര്‍ അകലെയുള്ള പാടത്ത് കൊണ്ടുപോയി പിന്നില്‍ നിന്ന് കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച ശേഷം വെട്ടി നുറുക്കി കഷ്ണങ്ങളാക്കുകയായിരുന്നു.

സമാനരീതിയില്‍, നാലുപേരെ കൊന്ന ശേഷം വീട്ടിലെ പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാരായണചെട്ടിയെ കൊന്ന് വീട്ടിലെത്തിയ ബാലകൃഷ്ണന്‍ ഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷമാണ് ദേവകിയെയും മക്കളെയും കൊണ്ട് പോകുന്നത്. കയ്യില്‍ കിട്ടിയ പണവും സ്വര്‍ണവുമെല്ലാം അപഹരിച്ചു

ബാലകൃഷ്ണനെ പിന്നീട് പൊലീസ് പിടികൂടി, പ്രതിക്കു കടുത്ത കുറ്റവാസനയെന്നായിരുന്നു കണ്ടെത്തല്‍. നാലു വര്‍ഷത്തെ വിചാരണക്കൊടുവില്‍ 1994 മാര്‍ച്ച് 16 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് പ്രതിയെ തൂക്കിലേറ്റി. 'ചെകുത്താന്‍ ജന്മമെന്ന്' വിളിച്ച ബന്ധുക്കള്‍ ബാലകൃഷ്ണന്റെ മൃതദേഹം സ്വീകരിക്കാന്‍ പോലും എത്തിയില്ല. തൂക്കിലേറ്റുമ്പോള്‍ ബാലകൃഷ്ണന് 32 വയസായിരുന്നു. ജയില്‍ പറമ്പില്‍ തന്നെയുള്ള ശ്മശാനത്തിലാണ് ബാലകൃഷ്ണനെ സംസ്‌കരിച്ചത്. ബാലകൃഷ്ണന്റെ കണ്ണുകള്‍ ദാനം ചെയ്യാനായി എടുത്തുമാറ്റുകയും ചെയ്തു. ജയില്‍ വാര്‍ഡന്‍മാര്‍ തന്നെയാണ് ആരാച്ചാരുടെ റോള്‍ വഹിച്ചത്. അസാധാരണമായ അനുസരണയും, സഹകരണവുമായി ജയില്‍ അധികൃതരെ വിസ്മയിപ്പിക്കുകയും ചെയ്തു ബാലകൃഷ്ണന്‍. തൂക്കുമരത്തിലേറുന്ന ദിവസവും ഇയാള്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ 'കൂളായി'രുന്നത് ഒരാള്‍ക്കും സാധിക്കുന്ന കാര്യമല്ല എന്നാണ് അന്നത്തെ ജയില്‍ അധികൃതര്‍ പറഞ്ഞത്.

Tags:    

Similar News