പതിനെട്ടാംവയസ്സില്‍ വളയം പിടിച്ചു തുടങ്ങി; 82ലും ബ്രേക്ക് ഇടാതെ ഡ്രൈവറായി തിളങ്ങി വാമന പൈ: മദ്യപിച്ചു വന്നാല്‍ നോ എന്‍ട്രി

പതിനെട്ടാംവയസ്സില്‍ വളയം പിടിച്ചു തുടങ്ങി; 82ലും ബ്രേക്ക് ഇടാതെ ഡ്രൈവറായി തിളങ്ങി വാമന പൈ: മദ്യപിച്ചു വന്നാല്‍ നോ എന്‍ട്രി

Update: 2024-10-01 01:11 GMT

ആലപ്പുഴ: ജീവിക്കാന്‍ വേണ്ടി പതിനെട്ടാംവയസ്സില്‍ വണ്ടിയുടെ വളയം പിടിച്ചു തുടങ്ങിയതാണ് വാമന പൈ. ഇന്ന് പ്രായം 82ല്‍ എത്തിയെങ്കിലും വാമന പൈ തന്റെ ഡ്രൈവിങിന് ബ്രേക്ക് ഇട്ടിട്ടില്ല. വാഹനങ്ങള്‍ പലതുമാറിയെങ്കിലും ഡ്രൈവിങിനോടുള്ള കമ്പത്തില്‍ ഒട്ടും തന്നെ കുറവില്ല. ഇന്നും ജീവനോപാധിയായി ഡ്രൈവിങ് ഉണ്ട്, വലിയ വണ്ടികളില്‍ നിന്നും ജീവിതം ഓട്ടോയിലേക്ക് സൈഡ് ആക്കി എന്നു മാത്രം. തുറവൂര്‍ തെക്ക് നാലാംവാര്‍ഡ് വലിയവീട്ടില്‍ വാമന പൈയാണ് ഡ്രൈവിങില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നത്.

ഡ്രൈവിങിനോടുള്ള ഇഷ്ടം കൊണ്ടാണ് അത് പഠിച്ചതെങ്കിലും പിന്നീട് അത് ജീവിത മാര്‍ഗമാക്കി. 14 കൊല്ലത്തോളം ചെന്നൈയിലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു. തിരികെവന്നശേഷം 40 വര്‍ഷത്തോളം ചേര്‍ത്തലയിലെ പെട്രോള്‍ പമ്പില്‍ ടാങ്കര്‍ലോറി ഡ്രൈവറായി. പിന്നീടാണ് ഓട്ടോയിലേക്ക് മാറിയത്. 2017 മുതല്‍ ഓട്ടോ ടാക്‌സിയാണ് വാമന പൈയുടെ ജീവിതമാര്‍ഗം. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അദ്ദേഹം താണ്ടി. രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ ഓട്ടോയുമായിറങ്ങും.

തുറവൂര്‍ ഓട്ടോസ്റ്റാന്‍ഡാണു വാമന പൈയുടെ തട്ടകം. ഓട്ടം പോകുന്നതിനു സമയമോ ദൂരമോ പ്രശ്‌നമല്ല. നേരം ഇരുട്ടിയാലും ആരെങ്കിലും വിളിച്ചാല്‍ വണ്ടിയുമായി പാഞ്ഞെത്തും. ഒറ്റ കണ്ടഷനെ ഇദ്ദേഹത്തിനുള്ളൂ, മദ്യപിച്ചുവന്നാല്‍ ആരായാലും വണ്ടിയില്‍ കയറ്റില്ല. അതില്‍ കണിശക്കാരനാണ് വാമന പൈ. മദ്യപിച്ചു വന്നാല്‍ എത്ര പണം തരാമെന്നു പറഞ്ഞാലും പൈയുടെ വണ്ടി ചലിക്കില്ല,

'അന്ന് വെറുതേ ഡ്രൈവിങ് പഠിച്ചതാണ്. ചെറുതും വലുതുമായ വാഹനങ്ങളുടെ ലൈസന്‍സെടുത്തു. അത് ജീവിതമാര്‍ഗവുമായി. 40 രൂപ ശമ്പളത്തിനു തുടങ്ങിയതാണ് ഈ പണി'- അദ്ദേഹം പറയുന്നു. ഇക്കാലത്തിനിടെ ഡ്രൈവിങ്ങില്‍ പലരുടെയും ആശാനായി. വണ്ടിയില്‍ ഒരു കറുത്ത കണ്ണടയുണ്ട്. അതുംവെച്ചാണ് ഓട്ടം. പക്ഷേ, വായിക്കാന്‍ കണ്ണട വേണ്ടാ.

ആരോഗ്യത്തെപ്പറ്റി ചോദിച്ചാല്‍ എനിക്കൊരു കുഴപ്പവുമില്ലെന്നുപറഞ്ഞ് നിറഞ്ഞൊന്നു ചിരിക്കും. ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കുണ്ടെന്നു പറഞ്ഞ് മീശയൊന്നു പിരിക്കും. ഇതുവരെ തന്റെ വണ്ടിതട്ടി ഒരപകടവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിതവഴിയില്‍ വാമന പൈക്ക് പിന്തുണയുമായി ഭാര്യയും മകളും കൊച്ചുമകനും ഉണ്ട്.

Tags:    

Similar News