എരുമേലിയില്‍ 'വാപുര സ്വാമി' എന്ന പേരില്‍ സ്വകാര്യ വ്യക്തിയുടെ ക്ഷേത്രം നിര്‍മിക്കുന്നു; കെട്ടിട നിര്‍മ്മാണത്തിന് മതിയായ അനുമതിയില്ലെന്ന് പഞ്ചായത്ത്; ക്ഷേത്രനിര്‍മ്മാണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്; എരുമേലി വാവരുപള്ളി മതസൗഹാര്‍ദത്തിന്റെ പ്രതീകമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍

എരുമേലിയില്‍ 'വാപുര സ്വാമി' എന്ന പേരില്‍ സ്വകാര്യ വ്യക്തിയുടെ ക്ഷേത്രം നിര്‍മിക്കുന്നു

Update: 2025-07-06 13:36 GMT

തിരുവനന്തപുരം: എരുമേലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 'വാപുര സ്വാമി' ക്ഷേത്രനിര്‍മ്മാണം തടഞ്ഞ് ഹൈക്കോടതി. സ്ഥലമുടമകള്‍ ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിര്‍മ്മാണം നടക്കുന്നില്ലെന്ന് എരുമേലി പഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും ഹൈക്കോടതി അറിയിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തിന് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിര്‍മാണം തടഞ്ഞത്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ ഉടമസ്ഥയിലുള്ള ഭൂമിയിലാണ് വാപുര സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. എന്നാല്‍ കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച്, കെട്ടിട നിര്‍മ്മാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ക്ഷേത്ര നിര്‍മാണം ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്.

തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കാന്‍ ഇരിക്കെ ആണ് ഹൈക്കോടതി നടപടി. പഞ്ചായത്ത് നടപടിയെടുക്കുമ്പോള്‍ ആവശ്യമായ സുരക്ഷ നല്‍കാന്‍ എരുമേലി പൊലിസിനും ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കി. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എരുമേലി എസ് എച്ച് ഒ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി പി. ജോഷിയുടെ 49 സെന്റ് സ്ഥലത്താണ് ക്ഷേത്ര നിര്‍മ്മാണ നീക്കങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വിശ്വാസിയായ നോര്‍ത്ത് പറവൂര്‍ സ്വദേശി കെ.കെ. പത്മനാഭനാണ് കോടതിയെ സമീപിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രനിര്‍മ്മാണമെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പിന്നാലെ വാപുരന്‍ എന്ന സങ്കല്‍പ്പമുണ്ടെന്നും എന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും വിശ്വഹിന്ദു പരിഷത്ത് പ്രതികരിച്ചിരുന്നു.

സര്‍ക്കാരിനും പഞ്ചായത്തിനുമടക്കം നോട്ടീസിന് നിര്‍ദ്ദേശിച്ച കോടതി, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. അതേസമയം എരുമേലി വാപുര സ്വാമി ക്ഷേത്രത്തിനെതിരെ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. വാവരുപള്ളി മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണെന്നും അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.

Tags:    

Similar News