വിബിജി റാം ജി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; പ്രതിപക്ഷം നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങവേ ബില്ലിന് അംഗീകാരം നല്‍കല്‍; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; അധികബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഇതര സംസ്ഥാനങ്ങളും
വിബിജി റാം ജി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ തള്ളി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബിജി റാം ജി (വികസിത് ഭാരത്ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) പദ്ധതിക്കുള്ള ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ വിബിജി റാം ജി ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണു ബില്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്.
ലോക്സഭയില്‍ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞിരുന്നു. വിബിജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ബില്‍ പാസാക്കുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ശബ്ദവോട്ടോടെ ബില്‍ രാജ്യസഭയും പാസാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
നാളെ മുതല്‍ വന്‍ പ്രതിഷേധത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ നീങ്ങുകയാണ്. ഇതിനിടെയാണ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎന്‍ആര്‍ഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മോദി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമമാണ്. 20 വര്‍ഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎന്‍ആര്‍ഇജിഎ. ഇത് ഒരു പാര്‍ട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകര്‍ത്തതെന്ന് സോണിയ വിമര്‍ശിച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന ബില്‍ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇന്‍ഡ്യ സഖ്യ പാര്‍ട്ടികള്‍.
2005ലാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ എംജിഎന്‍ആര്‍ഇജിഎ പദ്ധതി ആരംഭിച്ചത്. ഇത് പ്രകാരം ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ പുതിയ ബില്ല് 125 ദിവസമായി ഉയര്‍ത്താനാണ് നിര്‍ദേശിക്കുന്നത്. ഗാന്ധിജിയുടെ പേര് തന്നെ മാറ്റി വിബിജി റാം ജി എന്നാക്കിയതിന് പുറമെ പദ്ധതി പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതാണ് പുതിയ ബില്‍. എന്നാല്‍ തൊഴിലാളി വേതനത്തിനുള്ള ഫണ്ടില്‍ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. പുതിയ പരിഷ്‌കാരം സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുളളില്‍ വേതനം നല്‍കണമെന്നാണ് ബില്ലിനെ നിര്‍ദേശം. സമയപരിധിക്കുളളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക. തിരക്കേറിയ കാര്‍ഷിക സീസണില്‍ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വ്യവസ്ഥയും പുതിയ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
