വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ കാര്‍ബണ്‍ സ്റ്റീല്‍ ആക്‌സും; തടി വെട്ടാനും പൂന്തോട്ട പരിപാലനത്തിനും ഉപയോഗിക്കുന്ന മഴു വേടന് എന്തിന് എന്ന് ബോധ്യപ്പെടാതെ പൊലീസ്; വേടന്‍ താമസിച്ചിരുന്നത് ആള്‍ട്ട് പ്ലസ് ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ ഫ്‌ളാറ്റില്‍; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയിട്ടും റാപ്പര്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍

വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളില്‍ കാര്‍ബണ്‍ സ്റ്റീല്‍ ആക്‌സും

Update: 2025-04-28 17:06 GMT

കൊച്ചി: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍, റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. ഫ്ളാറ്റില്‍ നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ എട്ടുപേരെയും ജാമ്യത്തില്‍വിട്ടു.

എന്നാല്‍, പുലിപ്പല്ല് കൈവശം വെച്ച സംഭവത്തില്‍ റാപ്പര്‍ വേടനെ വനം വകുപ്പിന് കൈമാറി. ഇന്ന് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കോടനാട്ടെ ഓഫീസില്‍ വേടനെ പാര്‍പ്പിക്കും. ഇതിനായി വേടനെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ നിന്നും കോടനാട്ടേക്ക് കൊണ്ടുപോയി. തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്നും വേടന്‍ പ്രതികരിച്ചു.

മാലയില്‍നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയ സംഭവത്തില്‍ വേടനെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വേടന്‍ ധരിച്ചിരുന്നത് അഞ്ചുവയസ്സ് പ്രായമുള്ള പുലിയുടെ പല്ലാണെന്നാണ് വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. പുലിപ്പല്ല് തന്നെയാണോ എന്ന് വിശദമായ പരിശോധനയില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.

തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയ കേസില്‍ തത്കാലം കേസെടുക്കില്ല. എന്നാല്‍ ജാമ്യം ലഭിക്കുന്നതും അല്ലാത്തതുമായ വകുപ്പുകള്‍ വേടനെതിരെ ചുമത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുക്കണോ എന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പമുണ്ട്. തത്കാലം വേടനെ വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം ഇതിന് പിന്നാലെയായിരുന്നു. വേടന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ വിശദാംശങ്ങള്‍ അടക്കം ചേര്‍ത്ത് നാളെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും. ആയുധങ്ങളില്‍ കണ്ടെത്തിയ ഒന്ന് കാര്‍ബണ്‍ സ്റ്റീല്‍ ആക്‌സാണ്. തടി വെട്ടാനും, ഗാര്‍ഡനിങ്ങിനും മറ്റും ഉപയോഗിക്കുന്ന കാര്‍ബണ്‍ സ്റ്റീല്‍ ആക്‌സ് വേടന്‍ സൂക്ഷിച്ചിരുന്നത് എന്തിനെന്ന് വ്യക്തമല്ല.

അതേസമയം, ആള്‍ട്ട് പ്ലസ് എന്ന ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി എടുത്തുനല്‍കിയ ഫ്‌ളാറ്റിലാണ് വേടന്‍ കഴിഞ്ഞിരുന്നതെന്ന് വ്യക്തമായി. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഗീത രംഗത്തെ പ്രബല കമ്പനിയാണ് ആള്‍ട്ട് പ്ലസ്്. വേടന്റെ സംഗീത പരിപാടികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് ഈ കമ്പനിയാണ്. വേടനെ കൂടാതെ സംഗീത രംഗത്തെ മറ്റുപ്രതിഭകള്‍ക്കും ഈ ഏജന്‍സി പരിശീലന സഹായങ്ങള്‍ നല്‍കി വരുന്നു.

Tags:    

Similar News