ക്രെഡിറ്റിനു വേണ്ടി തെറ്റുകള്‍ വിളിച്ച് പറഞ്ഞ് വീണ ജോര്‍ജ്; ശിശു മരണനിരക്ക് ഇപ്പോഴാണ് കുറഞ്ഞതെന്ന് വീരവാദം; 2020 ല്‍ കൈവരിച്ച നേട്ടം ഇപ്പോഴുള്ളതാണെന്ന് അഭിപ്രായം; കണക്കുകളില്‍ കണ്ടത് മുന്‍ മന്ത്രിയുടെ നേട്ടങ്ങള്‍; മരണനിരക്ക് കുറഞ്ഞത് 2017 ല്‍ രൂപീകരിച്ച പദ്ധതിയിലൂടെ

Update: 2025-10-08 11:10 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ശിശു മരണനിരക്ക് ഇപ്പോഴാണ് ഏറ്റവും കുറഞ്ഞ സംഖ്യയില്‍ എത്തിയതെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍െ്റ അഭിപ്രായം തെറ്റാണെന്ന് കണക്കുകള്‍. 2020 ല്‍ തന്നെ കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചിലേക്ക് ചുരുങ്ങിയിരുന്നു. മൂന്നുവര്‍ഷത്തിനു മുന്‍പും അമേരിക്കയേക്കാള്‍ കുറവ് ശിശു മരണനിരക്ക് കേരളത്തിലായിരുന്നു. കെ.കെ ശൈലജ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍. ശിശു മരണനിരക്ക് കുറക്കാന്‍ 2017 ല്‍ രൂപീകരിച്ച പദ്ധതിയല്ലാതെ മറ്റൊന്നും ആവിഷ്‌കരിക്കാതെ ആരോഗ്യ വകുപ്പ്.

കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചായി കുറഞ്ഞെന്നും ഇതൊരു വലിയ നേട്ടമാണെന്നും കഴിഞ്ഞ മാസമാണ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. 5.6 എന്ന അമേരിക്കയിലെ മരണ നിരക്കിനേക്കാള്‍ കുറവാണിതെന്നും വീണ ജോര്‍ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന 2020 ല്‍, നീതി ആയോഗ് കണക്കുകള്‍ പ്രകാരം കേരളത്തിലെ ശിശു മരണനിരക്ക് 5.4 ആയിരുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.42 ആയിരുന്നു. കെ.കെ ശൈലജ മന്ത്രിയായിരുന്ന 2016- 2021 കാലയളവില്‍ ഘട്ടംഘട്ടമായി മരണനിരക്ക് കുറയുകയായിരുന്നു. ആ കണക്കുകളെല്ലാം മൂടിവച്ച് പെട്ടെന്നുണ്ടായ മാറ്റം പോലെയാണ് കഴിഞ്ഞമാസം വീണ ജോര്‍ജ് അവകാശവാദം ഉന്നയിച്ചത്.

ഇപ്പോള്‍ പുറത്തിറങ്ങിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കില്‍ വലിയ അന്തരമുണ്ട്. രാജ്യത്തെ ശരാശരി ഗ്രാമീണ മേഖലയില്‍ 28 ഉം നഗര മേഖലയില്‍ 19 തുമാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .എന്നാല്‍ കേരളത്തില്‍ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ നിരക്കില്‍ ഗ്രാമ- നഗര വ്യത്യാസമില്ല. കെ.കെ ശൈലജ മന്ത്രിയായിരുന്നപ്പോഴാണ് ശിശു മരണനിരക്ക് കുറക്കാനായി ഹൃദ്യം പദ്ധതി ആരംഭിച്ചത്. ജനിതക ഹൃദയ വൈകല്യമുണ്ടെന്ന് കണ്ടെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് ഹൃദ്യം.

ഇതിലൂടെ ശിശു മരണനിരക്ക് ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. കോടികള്‍ ചെലവിട്ടാണ് ഹൃദ്യം പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമൊരുക്കിയത്. ഈ പദ്ധതി മാത്രമാണ് ഇപ്പോഴും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ആരംഭിച്ച ഫീറ്റല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് മാത്രമാണ് വീണ ജോര്‍ജ് തന്നെ നേട്ടമായി പറയുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍െ്റ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനാകുമെന്നതാണ് ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ നേട്ടം.

Tags:    

Similar News