ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപ ലഭിച്ചിട്ടില്ല; കേന്ദ്രത്തിന്റെ പ്രചാരണം തെറ്റ്; നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍; കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ്; കേന്ദ്രവും കേരളവും പരസ്പ്പരം തര്‍ക്കിക്കുമ്പോള്‍ ആശമാരുടെ സമരത്തിന് ഇനിയും പരിഹാരമില്ല
ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപ ലഭിച്ചിട്ടില്ല
തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ പരസ്പ്പരം കുറ്റപ്പെടുത്തി കേന്ദ്രവും കേരളവും. ഫണ്ട് വിഷയത്തില്‍ അടക്കം സംസ്ഥാനവും കേന്ദ്രസര്‍ക്കാറും രണ്ട് തട്ടിലാണ്. കേരളത്തിന് പണം നല്‍കിയെന്ന് കേന്ദ്രമന്ത്രി പറയുമ്പോഴും പണം കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി പറയുന്നത്.
ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ഇതുസംബന്ധിച്ച കണക്ക് കേരളം പുറത്തുവിട്ടു. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 വര്‍ഷത്തില്‍ 636.88 കോടി രൂപ കേന്ദ്രം നല്‍കിയില്ല. നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു.
2023-24 വര്‍ഷത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) കേന്ദ്രം നല്‍കാനുള്ളത് 636.88 കോടി രൂപയാണെന്ന് ചൂട്ടിക്കാണിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്കും, സംസ്ഥാന ആരോഗ്യ സെക്രട്ടറി കേന്ദ്ര സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷന്‍ നാഷണല്‍ മിഷനും കത്ത് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 28ന് കേന്ദ്രം നല്‍കിയ മറുപടിയിലും കേന്ദ്രം കേരളത്തിന് 2023-24 വര്‍ഷത്തില്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ട് എന്ന് വ്യക്തമാണ്.
എന്‍എച്ച്എമ്മിന്റെ ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി അനുവദിച്ചില്ല.
കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ കേരളം സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍എച്ച്എം പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോയത്. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്‌മെന്റ്, മരുന്നുകള്‍, കനിവ് 108 ആംബുലന്‍സ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് നടത്തിയിരുന്നതെന്നും കേരളം വ്യക്തമാക്കുന്നു.
നേരത്തെ ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയതായി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് മന്ത്രി വീണ ജോര്‍ജ്ജ് രംഗത്തുവന്നത്. ആശ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് അധികമായി 120 കോടി രൂപ നല്‍കിയതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സുരേഷ് ഗോപി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ആശ വര്‍ക്കര്‍മാരുടെ സമരവും ഇവരുടെ പ്രശ്‌നങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരാണ് പ്രശ്‌നപരിഹാരം കാണേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിന് അധികമായി 120 രൂപ കോടി നല്‍കിയതാണെന്നും കേന്ദ്രസര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നമുണ്ടായാലും അതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വിമര്‍ശിക്കുകയുംചെയ്തു.
ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ചൊവ്വാഴ്ച നിയമസഭയിലും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും പുതിയ ഇടപെടലുമായി രംഗത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച സി.ഐ.ടി.യു. നേതാവിന് മറുപടിയുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.
സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, ആശാ വര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുത്താലും തെറ്റില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്ന സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
'കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശ വര്‍ക്കര്‍മാര്‍. എന്താ തെറ്റുള്ളത്? ഞങ്ങള്‍ അതില്‍ ഒരു അശ്ലീലവും കാണുന്നില്ല. സുരേഷ് ഗോപി കുട കൊടുത്താല്‍ മാത്രമല്ല, മുത്തം കൊടുത്താലും തെറ്റില്ല. മുത്തം കൊടുക്കാന്‍ യോഗ്യരായിട്ടുള്ളവരാണ് ആശാ വര്‍ക്കര്‍മാര്‍. നാടിന്റെ മണിമുത്തുകളാണവര്‍. അവരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താല്‍ ഒരു തെറ്റുമില്ല', സുരേന്ദ്രന്‍ പറഞ്ഞു. 'കേന്ദ്രം അനാവശ്യമായി ഒരു പൈസപോലും പിടിച്ചുവെക്കില്ല. കേരള സര്‍ക്കാര്‍ ചെയ്യേണ്ട ഒരുകാര്യവും ചെയ്യാതെ കേന്ദ്രവിരുദ്ധ നിലപാട് സ്വീകരിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്.
2014-ന് മുമ്പ് ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ലഭിക്കുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ആശ വര്‍ക്കര്‍മാര്‍ക്ക് ഇവിടുത്തേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. പതിവ് പല്ലവി വിജയിക്കാന്‍ പോവുന്നില്ല. വീഴ്ച കേന്ദ്രത്തിന്റേത് അല്ല. സംസ്ഥാന സര്‍ക്കാരിന്റേതാണ്', സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 'സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍', എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം നിയമസഭയിലും ചര്‍ച്ചയായിട്ടുണ്ട്. വിഷയം അവതരിപ്പിച്ച പ്രതിപക്ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.