സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്‌സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്‌ഐഒ
സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല
തിരുവനന്തപുരം: മാസപ്പടി കേസില്‍ താന്‍ എസ്എഫ്‌ഐഒയ്ക്ക് മൊഴി നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് വീണ വിജയന്‍. സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്നു മൊഴി നല്‍കിയിട്ടില്ല. എസ്എഫ്‌ഐഒക്ക് മൊഴി നല്‍കി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധം മൊഴി നല്‍കിയിട്ടില്ല. താനോ എക്സാ ലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി.
ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാന്‍ നല്‍കിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്‌സാലോജിക് സൊല്യൂഷന്‍സോ സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്നും വീണ വിജയന്‍ കുറിപ്പിലൂടെ വ്യക്തമാക്കി.
സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി ഇടപാടില്‍ വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് സമ്മതിച്ചതായാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. അതിനിടെ സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസ് കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്‌ഐഒ കൈമാറി. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.
നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ എന്നിവര്‍ക്കാണ് കേസിലെ അന്വേഷണ വിവരങ്ങള്‍ കൈമാറിയത്. സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നതെന്നാണ് വിവരം.
എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആര്‍എല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയത്. വീണ അടക്കമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്.
വീണയും സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയും ഉള്‍പ്പെടെ 13 പേരാണ് കേസിലെ പ്രതികള്‍. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.