ലോറിക്കാര്‍ വാഹനം നിര്‍ത്തി വെള്ളം ശേഖരിക്കുന്നത് തലയ്ക്കു മുകളിലെ അപകടമറിയാതെ; വീരമലക്കുന്ന് അപകടം; കലക്ടറുടെ റിപ്പോര്‍ട്ട് അവഗണിച്ചു; ദേശീയപാത അതോറിറ്റിയുടേത് ഗുരുതര അനാസ്ഥ; മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കെതിരേ നടപടിയുണ്ടായേക്കും

Update: 2025-07-24 05:24 GMT

കാസര്‍ഗോഡ്: ചെറുവത്തൂര്‍ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചെന്നാണ് കണ്ടെത്തല്‍. പ്രദേശത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലോടെ നിര്‍മാണ ചുമതലയുള്ള മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കെതിരേ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍ മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മണ്ണിടിടിച്ചില്‍ ഉണ്ടായത്. പ്രദേശത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഓരോ മഴയിലും ഇടിഞ്ഞിടിഞ്ഞ് വീരമല ആശങ്കയാവുകയാണ്. ഇടിഞ്ഞ മണ്ണിനടിയിലൂടെ വരുന്ന ഉറവയില്‍നിന്ന് ലോറിക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി വെള്ളം ശേഖരിക്കുക പതിവായിരുന്നു. തലയ്ക്കു മുകളില്‍ വലിയ അപകടമാണെന്നറിയാതെയായിരുന്നു ഇതുവരെയുള്ള വെള്ളമെടുപ്പ്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂര്‍ മയിച്ചയിലെ വീരമലക്കുന്നിന്റെ അവസ്ഥ അതി സങ്കീര്‍ണ്ണമാണ്. ഓരോ ദിവസവും മഴ പെയ്യുമ്പോള്‍ കുന്നിടിയുകയാണ്. മലയുടെ മുകള്‍തട്ടിലേക്കുവരെ മണ്ണ് ഇടിഞ്ഞ് വീഴുന്നുണ്ട്. മണ്ണിടിയുന്ന ഭാഗത്തിന്റെ മുകള്‍തട്ടിലാണ് ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ജലസംഭരണി. ഇതിനു പുറമേ 1984ല്‍ നിര്‍മിച്ച ആശ്വാസ കേന്ദ്രത്തിന്റെ കെട്ടിടവും ഇവിടെയുണ്ട്. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ ഇതെല്ലാം ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീഴും. മണ്ണിടിച്ചില്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ ഒന്നുംതന്നെ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. 5 മീറ്റര്‍ ഉയരത്തില്‍ ചെറിയ സുരക്ഷാഭിത്തി മാത്രമാണ് ഇവിടെയുള്ളത്. മഴയുടെ സ്ഥിതി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് അധികൃതര്‍.

സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിലെ അപാകത പരിശോധിച്ച് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) നിയോഗിച്ച വിദഗ്ധസംഘം ചെറുവത്തൂര്‍ വീരമലയും പിലിക്കോട് മട്ടലായിക്കുന്നും സന്ദര്‍ശിച്ച് പരിശോധന നടത്താനെത്തിയെങ്കിലും കാര്യമായ പരിശോധന നടത്താതെ മടങ്ങിയിരുന്നു. വീരമലയില്‍ ശ്മശാനത്തിന് സമീപം പലതവണ മലയിടിച്ചിലുണ്ടായി. ഇവിടെ മലയിടിഞ്ഞ് മണ്ണ് സംരക്ഷണഭിത്തിക്ക് സമാന്തരമായി എത്തിയിരിന്നു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മട്ടലായിക്കുന്നില്‍ ജോലി നടക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ നിര്‍മാണത്തൊഴിലാളിയായ യുവാവ് മണ്ണിടിഞ്ഞ് മരിക്കുകയും 2 തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് അറിയാമായിരുന്നിട്ടും ആരും ഒന്നും ചെയ്തില്ലെന്നതാണ് വസ്തുത.

നാട്ടുകാരുടെ ആശങ്ക കൂട്ടിയാണ് കഴിഞ്ഞ ദിവസം വീണ്ടും ചെറുവത്തൂര്‍ മയ്യിച്ചയിലുള്ള വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത്. തത്സമയം കാറിലും ബൈക്കിലും യാത്ര ചെയ്തവര്‍ വന്‍ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 10.10നാണ് നാടിനെയാകെ ഭയപ്പാടിലാക്കി കുന്ന് മുഴുവനായി ഇടഞ്ഞുവീണത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു. നൂറു മീറ്റര്‍ ഉയരത്തിലുള്ള വീരമല കുന്നാണ് മൂന്നാം തവണയും ഇടിഞ്ഞത്. ഇത്തവണത്തെ മണ്ണിടിച്ചല്‍ ഇതുവരെ ഉണ്ടായതിലും ഭയാനകമായിരുന്നു. കുന്നിന്റെ ഏറ്റവും ഉയരത്തില്‍ നിന്നാണ് ഇടിഞ്ഞുവന്നത്. കുന്നിന്റെ മുകളിലുള്ള സമുദായ ശ്മശാനത്തിന് തെക്കുഭാഗത്തെ 75 മീറ്റര്‍ നീളത്തില്‍ കുന്നുകള്‍ ഒടിഞ്ഞിരുന്നു.

കൂറ്റന്‍ കരിങ്കല്‍ പാറയും ചെങ്കല്ലും മണ്ണും ഒന്നാകെ കുത്തനെ ഒഴുകി കരാര്‍ കമ്പനിക്കാര്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സുരക്ഷാ ഭിത്തിയും ഡിവൈഡറുകളും തകര്‍ത്ത് പടിഞ്ഞാറുഭാഗത്തേക്കുള്ള റോഡ് ഭാഗവും കടന്ന് പതിക്കുകയായിരുന്നു. ആറു വരി പാതയും കവിഞ്ഞ് രതീഷ് ഹോട്ടലിന് സമീപം വരെ കല്ലും മണ്ണും പതിച്ചു. തിരക്കേറിയ ഹൈവേയില്‍ അപകട സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ അതോറിറ്റിയും സന്നദ്ധ സേവകരും സ്ഥലത്തെത്തി ആറു മണിക്കൂറോളം നടത്തിയ ശ്രമഫലമായി മണ്ണ് ഭാഗികമായി നീക്കം ചെയ്തെങ്കിലും വീണ്ടും ഇടിഞ്ഞേക്കുമെന്ന ഭീതി ശക്തമാണ്. ഷിരൂര്‍ ദുരന്തത്തിന് സമാനമായതാണ് കഴിഞ്ഞ ദിവസം തലനാരിഴയ്ക്ക് ഒഴിഞ്ഞു പോയത്. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ വീണ്ടും ദുരന്തം ഉണ്ടാകാനുള്ള സാധ്യതയാണ് മുന്നിലുളളത്.

Tags:    

Similar News