പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കി റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് ഇരട്ടിയില്‍ അധികമാക്കും; ഹൈക്കോടതിയില്‍ നിന്നും അതിവേഗ ഉത്തരവിന് കേന്ദ്ര നീക്കം സജീവം; സത്യവാങ്മൂലം നല്‍കുന്നതിനാല്‍ കോടതി സ്‌റ്റേ മാറിയാല്‍ ഏപ്രലിന് ശേഷം പുതുക്കിയവര്‍ എല്ലാം അധിക തുക നല്‍കേണ്ടി വരും

Update: 2025-08-23 02:56 GMT

തിരുവനന്തപുരം: പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കി റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് ഇരട്ടിയില്‍ അധികമാക്കുന്ന ഉത്തരവ് കേരളത്തില്‍ ഉടന്‍ നടപ്പാകില്ലെന്ന് സൂചന. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഈ ഏപ്രിലോടെ പ്രാബല്യത്തിലാകേണ്ടതായിരുന്നു. എന്നാല്‍ കേരളാ ഹൈക്കോടതിയിലെ കേസ് കാരണം ഇതില്‍ ഉടന്‍ കേരളം തീരുമാം എടുക്കില്ല. കോടതി തീരുമാനം വരെ കാത്തിരിക്കാനാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ തീരുമാനം. കേന്ദ്ര ഉത്തരവ് നടപ്പാക്കിയാല്‍ എല്ലാതരം വാഹനങ്ങള്‍ക്കും നിരക്ക് വര്‍ധന ബാധകമാവും.

ഇരുചക്രവാഹനങ്ങളുടെ പുതുക്കലിന് കേന്ദ്ര നിബന്ധന പ്രകാരം 300 രൂപയ്ക്ക് പകരം 1000 രൂപ നല്‍കേണ്ടി വരും. കാറുകളുടെത് 600-ല്‍നിന്ന് 5000 രൂപവരെയാണ് കരട് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. തരംതിരിവിന് അനുസരിച്ച് വലിയ വാഹനങ്ങളുടെ പുതുക്കല്‍ ഫീസ് 12000 മുതല്‍ 18000 വരെയായി ഉയരും. സംസ്ഥാന നികുതികള്‍ ഇതിനു പുറമെയാവും. ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ നല്‍കിവരുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നല്‍കണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കല്‍ ഫീസും ചേര്‍ന്ന് വരും. കേന്ദ്ര മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരം ഫീസ് വര്‍ധിപ്പിച്ചുള്ള ഉത്തരവ് കേന്ദ്ര മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. ഹൈക്കോടതിയില്‍ ഇതിനെതിരെ കേസ് എത്തിയതോടെ മരവിപ്പിച്ചു. ഈ കേസ് ഇപ്പോഴും തുടരുകയാണ്. ഇതാണ് ആശ്വാസമായി മാറുന്നത്.

ഇപ്പോള്‍ തന്നെ 15 വര്‍ഷം കഴിഞ്ഞുള്ള വാഹനങ്ങള്‍ പുതുക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും മോട്ടോര്‍വാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. വര്‍ധന പ്രാബല്യത്തിലായാല്‍ ഈ തുക നല്‍കാന്‍ ബാധ്യസ്ഥമാണ് എന്നാണ് നിബന്ധന ചെയ്യുന്നത്. കോടതി സ്റ്റേ ഉള്ളതിനാല്‍ നിലവില്‍ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാല്‍ വര്‍ധിപ്പിച്ച തുക നല്‍കാന്‍ ബാധ്യസ്ഥമാവും. 15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നത്. ഇതിന് അനുമതി ലഭിക്കണമെങ്കില്‍ അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം പൂര്‍ത്തിയാക്കിയിരിക്കണം. വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള നിരക്കും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ എന്ന് വരുമെന്നത് അനിശ്ചിതത്വമാണ്. അതിനിടെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലും നടത്തുമെന്നാണ് സൂചന.

പ്രൈവറ്റായി ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഉണ്ടായിരുന്നത് 1,000 രൂപയായി ഉയര്‍ത്തിയിരുന്നു. ത്രീ വീലറുകളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് 600 രൂപയില്‍ നിന്ന് 2,500 രൂപയാക്കി. കാറുകളുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ 600 രൂപ ഉണ്ടായിരുന്നതു 5,000 രൂപയാക്കി. ഇറക്കുമതി ചെയ്ത ഇരുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപ ഫീസ് അടക്കണം. നിലവില്‍ 2,500 രൂപയാണ് ഫീസ്. ഇറക്കുമതി ചെയ്ത കാറുകളുടെ റജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസ് 5,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി. മറ്റു വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ 3,000 രൂപ ഉണ്ടായിരുന്നത് 6,000 രൂപയാക്കി. ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള നിക്കില്‍ വന്‍ വര്‍ധനയാണ്.

ഈ വിഭാഗത്തിലെ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,400 രൂപയാണ് പുതിയ ഫീസ്. നിലവില്‍ 400 രൂപയായിരുന്നു. ത്രീവീലറുകള്‍ക്ക് 400 രൂപ ഉണ്ടായിരുന്നത് 4,300 ആക്കി. കാറുകള്‍ക്ക് 600 രൂപയായിരുന്നത് 8,300 രൂപയാക്കി. ഹെവി വാഹനങ്ങള്‍ക്ക് 800 രൂപയുണ്ടായിരുന്നത് 13,500 രൂപയായി ഉയര്‍ത്തി. റജിസ്‌ട്രേഷന്‍ പുതുക്കാനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും വൈകിയാല്‍ ഈടാക്കുന്ന പിഴയും ഉയര്‍ത്തിയിട്ടുണ്ട്. ഇതാണ് നടപ്പിലാകേണ്ടത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ആര്‍.സി. പുതുക്കല്‍ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ 10 ഇരട്ടി വരെ വര്‍ധിപ്പിച്ചിരുന്നു. 2021 ഒക്ടോബറില്‍ ഇറക്കിയ ജി.എസ്.ആറില്‍ മാറ്റമില്ലാത്തതിനാല്‍ ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലായിരുന്നു. പുതുക്കല്‍ നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വര്‍ധിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമായിരുന്നു.

വണ്ടിയുടെ ആര്‍.സി. (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) പുതുക്കാന്‍ വൈകിയാല്‍ വണ്ടി തൂക്കിവില്‍ക്കേണ്ട അവസ്ഥ വരും. നിലവില്‍ 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ പുതുക്കാന്‍ മറന്നാല്‍ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും (വൈകിയതിന്) ഒപ്പം 360 രൂപ പുതുക്കല്‍ ഫീസും നല്‍കണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോര്‍ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും. അതായത് ഒരുവര്‍ഷം 3600 രൂപ ഇത് മാത്രമായി (ഡിലേ ഫീ) അടയ്ക്കണം. അടയ്ക്കാന്‍ മറന്ന് കൂടുതല്‍ വര്‍ഷമായാല്‍ വണ്ടി തൂക്കിവില്‍ക്കുക മാത്രമേ ചെയ്യാനുള്ളൂ. കാറിന് 500 രൂപയാണ് മാസം (ഡിലേ ഫീ) വര്‍ധിക്കുക.

Tags:    

Similar News