ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ല; എന്‍എസ്എസിന്റെത് വിഷയാധിഷ്ഠിത നിലപാടാണ്; അവര്‍ക്ക് സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല; സ്ത്രീ പ്രവേശനത്തില്‍ നിന്നും സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ നിലപാട് മയപ്പെട്ടു; ജി. സുകുമാരന്‍ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ല;
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജി. സുകുമാരന്‍ നായര്‍ പറഞ്ഞത് ശരിയാണെന്നും, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസിന് അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. എന്നാല്‍ വിഷയത്തിനനുസരിച്ച് അനുസരിച്ച് നിലപാടുകള്‍ മാറുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍എസ്എസിന്റെത് വിഷയാധിഷ്ഠിത നിലപാടാണ്. അവര്‍ക്ക് സര്‍ക്കാരിനെ എതിക്കേണ്ട കാര്യമില്ല. സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ആചാരത്തിന് എതിരായപ്പോള്‍ എന്‍എസ്എസ് അതിനെ എതിര്‍ത്തു. സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ നിലപാട് മയപ്പെട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിശ്വാസികള്‍ക്കൊപ്പം ആണ് സര്‍ക്കാര്‍ നിലപാട്. അത് എന്‍എസ്എസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്‍എസ്എസും സര്‍ക്കാരുമായി നിരന്തരം കലഹം ഉണ്ടായിട്ടില്ല. അവര്‍ പറയുന്നത് സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. അവര്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സമഗമത്തിലെ പങ്കാളിത്ത വിഷയത്തിലും വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആളെ കൂട്ടുക എന്ന കാര്യം നിസാര കാര്യമാണ്. ചുരുങ്ങിയ സമയത്തില്‍ അവര്‍ക്ക് ആളെ എത്തിക്കാന്‍ കഴിയും. പമ്പയില്‍ എത്തിചേരാന്‍ പ്രയാസമുള്ള സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചത്. ചര്‍ച്ചകള്‍ ഉടന്‍ തന്നെ ആരംഭിച്ചതും ആള്‍ കുറയാന്‍ കാരണമായി. അടുത്ത സംഗമം മാറ്റും എന്നത് സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ട. അവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകള്‍ മാത്രമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചത്. നാമജപ ഘോഷയാത്രയില്‍ പോലും കോണ്‍ഗ്രസും ബിജെപിയും പങ്കെടുത്തില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിനെ ജി. സുകുമാരന്‍ നായര്‍ പുകഴ്ത്തുകയും ചെയ്തു. സ്ത്രീ പ്രവേശനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നീട് ശക്തിപ്പെടുത്തിയില്ല. ആചാരങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുകയാണ് പിന്നീട് സര്‍ക്കാര്‍ ചെയ്തതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് എന്‍എസ്എസിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പ സംഗമവുമായി സഹകരിച്ചതെന്നും ശബരിമലയ്ക്കായി ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്നും നടക്കുന്നത് അയ്യപ്പ ഭക്തന്മാരെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്‌കരിച്ചത്. വോട്ട് തട്ടാനുള്ള എല്‍ഡിഎഫ് കുതന്ത്രമാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ പിന്നീട് വ്യക്തത വരുത്താമെന്നും പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നത്.