'ഞങ്ങള്‍ക്കും യൂത്തുണ്ട്, കരി ഓയില്‍ ഒഴിക്കാനറിയാം; കരി ഓയില്‍ ഒഴിക്കുമെന്ന പരാമര്‍ശത്തില്‍ ലിജു മറുപടി പറയണം; ലിജുവിനെ വേദിയിലിരുത്തി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി; കത്തിക്കലും ഹിംസയും മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ലെന്ന് ലിജുവിന്റെ മറുപടിയും
'ഞങ്ങള്‍ക്കും യൂത്തുണ്ട്, കരി ഓയില്‍ ഒഴിക്കാനറിയാം
ആലപ്പുഴ: എസ്എന്‍ഡിപിക്കും യൂത്ത് വിങ് ഉണ്ടെന്നും, അവര്‍ക്കും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കരി ഓയില്‍ ഒഴിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുെട വിമര്‍ശനം.
പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ലിജു പാവമാണ്. വഴിതെറ്റി ആ പാര്‍ട്ടിയില്‍ പോയതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു യൂത്തന്‍ തൃശൂരില്‍ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ കോലം കരിഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്ന്. ഊത്തുകാരനാണ്. അവന്‍ വെറുമൊരു പൊണ്ണനാണ്. എന്നെ കത്തിച്ചാലും എന്റെ അഭിപ്രായം മാറുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന് ലിജു വേദിയില്‍ വെച്ചു തന്നെ മറുപടി നല്‍കി. കത്തിക്കലും ഹിംസയും ആരു പിന്തുടര്‍ന്നാലും അതിനോട് മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. സംഭാഷണം വാദിക്കാനും ജയിക്കാനുമല്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. നിങ്ങളുടെ വാദം നിങ്ങളുടേതാണ്. സത്യത്തിന്റെ പാതയില്‍ ഏവര്‍ക്കും യോജിക്കാവുന്നതാണെന്നും ലിജു പറഞ്ഞു.
അതേസമംയ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തുവന്നു. വെള്ളാപ്പള്ളി നടേശനെ കരി ഓയില്‍ ഒഴിച്ച് ആക്രമിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നല്‍കും എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായാണ് ബിജെപി നേതാവ് രംഗത്തുവന്നത്. എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളില്‍ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരുന്നതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റുകളെക്കാള്‍ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുഡിഫ് എന്ന വര്‍ഗീയ മുന്നണിയെന്നും ബി ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23 ശതമാനം വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം. ആ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ട് വിരട്ടല്‍ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുതെന്നും ബിജെപി നേതാവ് പറയുന്നു. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം എന്നതിന്റെ ഉത്തരമാണ് ഇത്തരം പ്രതികരണങ്ങളെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു.
