മുറിയിലെ ചുവരുകളിലെ രക്തക്കറകള്‍ മായ്ച്ചു കളയാനാണ് ധൃതിപിടിച്ച് പെയിന്റടിച്ചതെന്ന് ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തല്‍; മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നു; ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒത്താശ ചെയ്തതായും സംശയം; മൊബൈല്‍ ഫോണ്‍ കാണാതായതും ദുരൂഹം; അജിത്തിനെ കൊന്നത് പുറത്തു നിന്നുളളവര്‍; പ്രത്യേക അന്വേഷണ സംഘം നടപടികളിലേക്ക്; വെമ്പായത്തേത് പ്രതികാരക്കൊല; അമ്മയും മകനും അകത്താകും

Update: 2025-12-21 05:43 GMT

തിരുവനന്തപുരം: ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ വെമ്പായം സ്വദേശി അജിത് കുമാര്‍ മരിച്ച സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19-ന് നടന്ന മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, 60 ദിവസത്തിന് ശേഷം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ കഠിനമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കേസ് വഴിത്തിരിവിലെത്തിയത്.

സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ ബീനയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയാല്‍ അവര്‍ക്കെതിരെ രംഗത്തിറങ്ങുമെന്ന് മര്‍ദനമേറ്റ ചിത്രങ്ങള്‍ സഹിതം അജിത് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അജിത് മരിച്ച് അഞ്ചാം നാള്‍ വീടിനുള്ളിലെ രണ്ട് മുറികള്‍ ധൃതിപിടിച്ച് പെയിന്റടിച്ചു പുതുക്കിയത് തെളിവ് നശിപ്പിക്കാനാണെന്ന് ആരോപണമുണ്ട്. മരണ വീട്ടില്‍ അസാധാരണമാണ് പെയിന്റടി. ഇതാണ് ഇവിടെ സംഭവിച്ചത്. കൂടാതെ, അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മരണശേഷം ആരോ നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

അമിത അളവില്‍ ഗുളിക കഴിച്ച് അച്ഛന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മകന്‍ വിനായക് ശങ്കര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, അന്ന് രാത്രി അച്ഛനുമായി തര്‍ക്കമുണ്ടായെന്നും സ്വയരക്ഷയ്ക്കായി വടികൊണ്ട് അടിച്ചെന്നും മകന്‍ മൊഴി മാറ്റിയിട്ടുണ്ട്. മരണദിവസം രാത്രി അജിത്തിന്റെ വീട്ടുപരിസരത്ത് ചില കോണ്‍ഗ്രസ് നേതാക്കളും ഗുണ്ടാസംഘങ്ങളും തമ്പടിച്ചിരുന്നതായി അജിത്തിന്റെ അമ്മ രാധാദേവി ആരോപിക്കുന്നു. ഹൃദയാഘാതം മൂലമാണ് അജിത് മരിച്ചതെന്നാണ് ഭാര്യ ബീന നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതെല്ലാം ദുരൂഹത കൂട്ടുന്നു.

മകന്‍ വിനായക് ശങ്കര്‍ വടികൊണ്ട് അടിച്ചതായി സമ്മതിച്ചെങ്കിലും, ഇതില്‍ പുറത്തുനിന്നുള്ളവരുടെ പങ്കിനെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്. അജിത് കുമാറിനെ മകന്‍ മര്‍ദ്ദിക്കുമ്പോള്‍ ആ വീട്ടില്‍ മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അജിത് കൊല്ലപ്പെട്ട രാത്രിയില്‍ വീടിന് പുറത്ത് അസ്വാഭാവികമായ സാഹചര്യത്തില്‍ ചില വാഹനങ്ങള്‍ കണ്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ, മകന്‍ ഒറ്റയ്ക്കല്ല മൃതദേഹം മുറിയില്‍ നിന്ന് മാറ്റിയതെന്നും പോലീസ് സംശയിക്കുന്നു. അജിത് കൊല്ലപ്പെട്ട മുറിയിലെ ചുവരുകളിലെ രക്തക്കറകള്‍ മായ്ച്ചു കളയാനാണ് ധൃതിപിടിച്ച് പെയിന്റടിച്ചതെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തല്‍. മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നതായാണ് സൂചന.

അജിത് കുമാര്‍ തന്റെ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ ഫോണില്‍ നിര്‍ണ്ണായകമായ പല തെളിവുകളും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നു. കൊലപാതക വിവരം അറിഞ്ഞിട്ടും അത് ഹൃദയാഘാതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒത്താശ ചെയ്തതായും ആരോപണമുണ്ട്. അജിത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കയറി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തത് ആരാണെന്ന് കണ്ടെത്താന്‍ സൈബര്‍ സെല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആരുടെയൊക്കെ ഐ.പി. അഡ്രസ്സുകള്‍ ആ സമയത്ത് ഉപയോഗിക്കപ്പെട്ടു എന്നത് കേസില്‍ നിര്‍ണ്ണായകമാകും.

വട്ടപ്പാറ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. മന്ത്രി ജി.ആര്‍. അനില്‍, സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എന്നിവര്‍ അജിത്തിന്റെ വീട് സന്ദര്‍ശിച്ച് അച്ഛനും അമ്മയ്ക്കും നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

Tags:    

Similar News