അവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന്‍ അഫ്‌സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്‍
അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന്‍ അഫ്‌സാനെ കുറിച്ചെന്ന് ബന്ധു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ 23 കാരന്‍ അരുംകൊല ചെയ്ത അഞ്ചുപേര്‍ക്കും നാട് അന്ത്യമൊഴി നല്‍കിയപ്പോള്‍, ഒന്നും അറിയാതെ ആശുപത്രി കിടക്കയിലാണ് അഫാന്റെ അമ്മ ഷമി. ഇളയ മകന്‍ അഫ്‌സാനെ മൂത്ത മകന്‍ അഫാന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിവരം ആ ഉമ്മ അറിഞ്ഞിട്ടില്ല. ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍, അഫ്സാനെ കാണണമെന്നാണ് അവര്‍ ബന്ധുക്കളോടു ആവശ്യപ്പെട്ടത്്. എല്ലാവരും ഒന്നും പറയാനാവാതെ കുഴങ്ങി.
ഷമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷമിയെ സന്ദര്‍ശിച്ച ബന്ധു പറഞ്ഞു. അഫ്സാന്റെ തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണു കരുതുന്നത്. ചെവിയുടെ തൊട്ടുപിന്നിലാണ് അടിയേറ്റിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയിുടെ സംസ്‌കാര ചടങ്ങാണ് ആദ്യം പൂര്‍ത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫര്‍സാനയുടെ മൃതദേഹം കൊണ്ടുവന്നത്. പൊതുദര്‍ശനത്തിന് ശേഷം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാമസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ഫര്‍സാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിന്‍കീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്.
പ്രതിയായ അഫാന്റെ മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്സാന്‍,അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്‌കാരം താഴെ പാങ്ങോട് മുസ്ലിം ജുമാ മസ്ജിദില്‍ നടന്നു. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സല്‍മാ ബീവിയുടെയും അഫ്‌സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കഴും ഉള്‍പ്പെടെ നിരവധിപേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിയത്. എസ്.എന്‍ പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റെയും ഷാഹിദയുടെയും മൃതദേഹങ്ങള്‍ കൊണ്ടുവന്നത്.
അതേ സമയം വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്‍ മാത്രമാണെന്നു ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ പറഞ്ഞു. എല്ലാവരെയും കൊന്നത് ഒരേ ചുറ്റിക ഉപയോഗിച്ചാണെന്നും ആയുധം കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു. കേസ് അന്വേഷിക്കാന്‍ നാല് സിഐമാരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിക്കും. റൂറല്‍ എസ്പി കെ.എസ്.സുദര്‍ശന്‍ നേതൃത്വം നല്‍കും. പ്രതി അഫാനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അഫാന്‍ ഇതുവരെ നല്‍കിയിരിക്കുന്ന മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. അഫാന്റെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.