വിവാഹ ആഘോഷത്തിനിടെ അതിഥികളുടെ മുകളിലേക്ക് കാശ് വാരിയെറിഞ്ഞ് വരന്‍റെ കുടുംബം; 20 ലക്ഷം രൂപയുടെ നോട്ടുകളാണ് വലിച്ചെറിഞ്ഞത്; നോട്ടുകൾ വാരാൻ തലങ്ങും വിലങ്ങും ഓട്ടം; വീഡിയോ വൈറൽ; പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശനം
സിദ്ധാർത്ഥ് നഗർ: ഓരോ നാട്ടിലും പല തരത്തിലാണ് വിവാഹ ആഘോഷങ്ങൾ. ലളിതമായും ആഡംബരമായും ഒക്കെ ആഘോഷങ്ങൾ നടക്കാറുണ്ട്. വിചിത്രമായ പല ചടങ്ങുകൾ കുറിച്ചും നമ്മളൊക്കെ മുൻപും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു വാർത്തയാണ് ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ നിന്നും വരുന്നത്. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുകളിലേക്ക് വരന്‍റെ കുടുംബം എറിഞ്ഞത് 20 ലക്ഷം രൂപയാണ്.
ഒരു സംഘം ആളുകള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ജെസിബിയുടെ മുകളില്‍ കയറിയും അതിഥികൾക്കായി 100, 200, 500 രൂപകളുടെ നോട്ടുകള്‍ വലിച്ചെറിയുന്ന വീഡിയോ ആണ് സാമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം രൂക്ഷ വിമർശനവുമായും നിരവധി പേർ രംഗത്തെത്തി.
സിദ്ധാർത്ഥ് നഗറിലെ ദേവൽഹാവ ഗ്രാമത്തിൽ നിന്നുള്ള അഫ്സാലിന്‍റെയും അർമാന്‍റെയും വിവാഹത്തിൽ നിന്നുള്ള രംഗങ്ങളായിരുന്നു ഇതെന്ന് സോഷ്യൽ മീഡിയയിലെ കുറിപ്പുകള്‍ പറയുന്നു. കുടുംബങ്ങൾ എറിഞ്ഞ നോട്ടുകൾ ആകാശത്ത് പാറിനടക്കുന്നതും അതിഥികള്‍ പണം ശേഖരിക്കാനായി തലങ്ങും വിലങ്ങും ഓടുന്നതും വീഡിയോയില്‍ കാണാം. ഏതാണ്ട് 20 ലക്ഷം രൂപയോളം ഇത്തരത്തില്‍ അതിഥികളുടെ മുകളിലേക്ക് സംഘം വലിച്ചെറിഞ്ഞതെന്നാണ് റിപ്പോർട്ട്.
വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്നും രൂക്ഷവിമര്‍ശനമാണുണ്ടായത്. നാട്ടില്‍ നിരവധി പേര്‍ പട്ടിണിയും കഷ്ടപ്പാടുമായി കഴിയുമ്പോള്‍ ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പണം എറിഞ്ഞ് കളയാന്‍ തോന്നുന്നതെന്നായിരുന്നു പലരുടെയും സംശയം. 'എന്തിനാണ് ഇങ്ങനെ പഴം പാഴാക്കുന്നത്? എന്‍റെ മകന്‍റെ ചികിത്സയ്ക്കായി വെറും 5 ലക്ഷം രൂപയ്ക്ക് വേണ്ടി ഞാന്‍ ഒരു വര്‍ഷമായി കഷ്ടപ്പെടുന്നു.' ഈന്നായിരുന്നു മറ്റൊരു അഭിപ്രായം.
'സാക്ഷരരെങ്കിലും വിദ്യാഭ്യാസമില്ലാത്തവര്‍' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇന്ത്യ യാചകരുടെ രാജ്യമാണ്, എന്‍റെ കുട്ടിക്കാലത്ത് ഭിക്ഷാടനത്തെക്കുറിച്ച് ഞാൻ ഒരു ലേഖനം എഴുതി, ഇപ്പോൾ ഈ വീഡിയോ കണ്ടതിന് ശേഷം ഞാൻ വളരെ സന്തുഷ്ടനാണ്," മറ്റൊരാൾ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. "നികുതി ഒഴിവാക്കുന്നതിനുള്ള സാധാരണ മാർഗം," എന്നായിരുന്നു മറ്റൊരു കമന്റ്.