സിപിഎം പേജിലെ 'രാഹുല്‍ മാങ്കൂട്ടത്തില്‍' വീഡിയോ ഹാക്കിങ് അല്ല; അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെ; അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു തടിയൂരാന്‍ നേതൃത്വം; വിവാദ വീഡിയോയില്‍ വിശദീകരണം തേടി സംസ്ഥാന നേതൃത്വം; ദിവ്യ വിഷയത്തിലെ അമര്‍ഷമെന്നും സംശയം

സിപിഎം പേജിലെ 'രാഹുല്‍ മാങ്കൂട്ടത്തില്‍' വീഡിയോ ഹാക്കിങ് അല്ല

Update: 2024-11-11 02:01 GMT

പാലക്കാട്: സിപിഎമ്മിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പണി കിട്ടുന്ന കാലമാണ്. ഇതിന്റെ ഒടുവിലെ തെളിവായി മാറിയത് പത്തനംതിട്ട സിപിഎം ഫെയ്‌സ്ബുക്ക് പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ എത്തിയതായിരുന്നു. ഈ വിഷയത്തില്‍ സിപിഎം ആകെ വെട്ടിലായ അവസ്ഥയിലാണ്. ഹാക്കിങ് ആണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിലപ്പോകുന്ന ലക്ഷണമില്ല. കാരണം സംഭവത്തില്‍ നടന്നിരിക്കുന്നത് ഹാക്കിങ് അല്ലെന്നും പണി കിട്ടിയത് സ്വന്തം പാളയത്തില്‍ നിന്നുമാണെന്ന് സിപിഎം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഹാക്കിങ് എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും അഡ്മിന്‍മാരില്‍ ഒരാളാണ് വിഡിയോ അപ് ലോഡ് ചെയ്തത് എന്ന് വ്യക്തമായി. വീഡിയോ വന്നതോടെ ജില്ലാക്കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു തടി രക്ഷിക്കാനാണ് ശ്രമം നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തല ഉയര്‍ത്തി നിന്ന പത്തനംതിട്ട ജില്ലാക്കമ്മിറ്റിക്ക് ഏറ്റ കനത്ത പ്രഹരമാണ് ഔദ്യോഗിക പേജില്‍ വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ. 11 വര്‍ഷമായി സജീവമായ പേജിനെ തള്ളിപ്പറഞ്ഞ ജില്ലാ സെക്രട്ടറി പിന്നീട് ഹാക്കിങ് എന്ന് തിരുത്തി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനാണ് ഫേസ്ബുക്ക് പേജിന്റെ ചുമതല. രാത്രി വിഡിയോ അപ്ലോഡ് ചെയ്ത അഡ്മിനില്‍ ഒരാള്‍ ലിങ്ക് കോപ്പി ചെയ്തതിനൊപ്പം പേജിന്റെ പേരു കാണും വിധം വിഡിയോ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തു. പി.പി.ദിവ്യയെ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ അടക്കം പോയതില്‍ ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. ഇതിലുള്ള അമര്‍ഷമോ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയോടുള്ള താല്‍പര്യക്കുറവോ ആകാം വീഡിയോയ്ക്ക് പിന്നിലെന്നാണ് സംശയം.

അതേസമയം സമ്മളന കാലത്തെ ഭിന്നതയാണെന്ന ആക്ഷേപവും മറുവശത്ത് ഉയരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ളവര്‍ ഹാക്ക് ചെയ്തു എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം. വിഡിയോ അപ്‌ലോഡ് ചെയ്ത ആള്‍ക്കെതിരെ രഹസ്യ നടപടി ഉണ്ടാവും. വീഡിയോ വിവാദത്തോടെ അഡ്മിന്‍ പാനല്‍ ഏറ്റവും പ്രധാനപ്പെട്ടവരെ മാത്രമാക്കിച്ചുരുക്കിയിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന സംഭവക്കില്‍ പരാതി നല്‍കി. ജില്ല പൊലീസ് മേധാവിക്കാണ് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പരാതി നല്‍കിയത്. സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നും കെ.പി. ഉദയഭാനു നല്‍കിയ പരാതിയില്‍ പറയുന്നു.

'പാലക്കാട് എന്ന സ്‌നേഹവിസ്മയം' അടിക്കുറിപ്പോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകളില്‍ വോട്ടു ചോദിക്കുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ പ്രചരിച്ചത്. സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സി.പി.എം വിശദീകരണവുമായി രംഗത്തെത്തി. ഇത് വ്യാജ അക്കൗണ്ടാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആദ്യം പറഞ്ഞു. എന്നാല്‍, ഔദ്യോഗികപേജ് തന്നെയെന്ന് പിന്നീട് വ്യക്തമായതോടെ ഹാക്ക് ചെയ്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

63,000ത്തോളം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് അടൂര്‍ സ്വദേശിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട് അടൂര്‍ മണ്ഡലത്തിലെ പള്ളിക്കല്‍ പഞ്ചായത്തിലാണ്. അടൂരിലെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വന്ന വിഡിയോ അഡ്മിന്‍ അറിയാതെ എഫ്.ബി പേജിലേക്ക് അപ് ലോഡ് ചെയ്തതാകാമെന്ന് സി.പി.എം കേന്ദ്രങ്ങള്‍ വിശദീകരിച്ചിരുന്നു.

Tags:    

Similar News