ഞാന്‍ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ നടത്താന്‍ ഫെഫ്ക അന്ന് സമ്മതിച്ചില്ല; ആ സിനിമയുടെ പേരുമാറ്റി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി; കലാഭവന്‍ മണിയുടെ അനുസ്മരണ കുറിപ്പില്‍ വെളിപ്പെടുത്തലുമായി വിനയന്‍

വെളിപ്പെടുത്തലുമായി വിനയന്‍

Update: 2025-03-06 14:49 GMT

കൊച്ചി: താന്‍ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല്‍ കലാഭവന്‍ മണി അഭിനയിച്ച സിനിമ നടത്താന്‍ ഫെഫ്ക ഭാരവാഹികളായ ചില സംവിധായകര്‍ അന്ന് സമ്മതിച്ചില്ലെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചു. കലാഭവന്‍ മണിയുടെ ഒന്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുളള കുറിപ്പിലാണ് വിനയന്‍ ഇത് വെളിപ്പെടുത്തിയത്.

അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്‌നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണിയെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വര്‍ഷങ്ങള്‍ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പര്‍ശിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.

മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്. സിനിമയിലെ പ്രബലശക്തികളുടെ സമ്മര്‍ദ്ദത്താല്‍ എന്റെ മുന്നില്‍ വന്നു പെടാതെ ഓടി മാറുന്ന മണിയേയും അന്ന് കണ്ടിട്ടുണ്ടെന്ന് വിനയന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട' എന്നു പേരിട്ട 'ഒരു സിനിമയുടെ പൂജക്കു വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകന്‍ സലിം ബാവയുടെയും മണിയുടെയും നിര്‍ബന്ധപ്രകാരം ഞാന്‍ പോയി ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നു. ഞാന്‍ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ നടത്താന്‍ ഇന്നും ഫെഫ്കയുടെ നേതൃത്വത്തില്‍ ഇരിക്കുന്ന ചില സംവിധായകര്‍ അന്ന് സമ്മതിച്ചില്ലെന്ന് വിനയന്‍ ആരോപിച്ചു. ആ സിനിമയുടെ പേരുമാറ്റി അവര്‍ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലെ ഷൂട്ടിംഗ് നടത്തിക്കൂ എന്നു വാശി പിടിച്ചു. ഗത്യന്തരമില്ലാതെ ആ നിര്‍മ്മാതാക്കള്‍ സിനിമയുടെ പേരുമാറ്റി 'പ്രമുഖന്‍' എന്നാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങിയെന്നും വിനയന്‍ പറഞ്ഞു.

അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നു വരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കലാഭവന്‍ മണിയുടെ സ്മാരകം ഇടതു പക്ഷ സര്‍ക്കാരിനു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നുന്നുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മണി വിടപറഞ്ഞിട്ട് ഒന്‍പതു വര്‍ഷം....

സ്മരണാഞ്ജലികള്‍.....

അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകര്‍ഷിക്കുന്ന നാടന്‍ പാട്ടിന്റെ ഈണങ്ങള്‍ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്‌നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവന്‍ മണി..

കല്യാണസൗഗന്ധികം എന്ന സിനിമയില്‍ തുടങ്ങി എന്റെ പന്ത്രണ്ടു ചിത്രങ്ങളില്‍ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയുംപിന്നെ ഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരന്‍ എന്നിവ ഏറെ ചര്‍ച്ചയാവുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വര്‍ഷങ്ങള്‍ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പര്‍ശിച്ചിരുന്നു.. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിര്‍ത്തുകൊണ്ട് മലയാള സിനിമക്കുള്ളില്‍ത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്.. സിനിമയിലെ പ്രബലശക്തികളുടെ സമ്മര്‍ദ്ദത്താല്‍ എന്റെ മുന്നില്‍ വന്നു പെടാതെ ഓടി മാറുന്ന മണിയേയും ഞാന്‍ അന്ന് കണ്ടിട്ടുണ്ട്.

അതില്‍ നിന്നൊക്കെ ഉണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമ എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.. ആ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ആതിലൂടെ സെന്തില്‍ കൃഷ്ണ എന്ന നടനെ മലയാളസിനിമയ്കു ലഭിക്കുകയും ചെയ്തു..എന്നു മാത്രമല്ല പവര്‍ഗ്രൂപ്പ് എന്ന് ഇന്നറിയപ്പെടുന്ന ഫിലിം ഇന്‍ഡസ്ട്രയിലെ വിവരദോഷികളായ ചില സംവിധായകരും നടന്‍മാരും ചേര്‍ന്ന് മലയാള സിനിമയില്‍ അന്നു കാട്ടിക്കൂട്ടിയ വൃത്തികേടുകളും താന്‍ പോരിമയും ഒരു വമ്പനേയും ഭയക്കാതെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെ വിളിച്ചു പറയാനും അത് ചരിത്രത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞു എന്നത് എന്റെ ജീവിത ദൗത്യത്തിന്റെ ഭാഗമായി ഞാന്‍ കാണുന്നു.

മാധ്യമ സിംഹങ്ങള്‍ പോലും സിനിമാ പ്രമുഖര്‍ക്കെതിരെ സത്യങ്ങള്‍ പറയാന്‍ ഭയന്നിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട' എന്നു പേരിട്ട 'ഒരു സിനിമയുടെ പൂജക്കു വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകന്‍ സലിം ബാവയുടെയും മണിയുടെയും നിര്‍ബന്ധപ്രകാരം ഞാന്‍ പോയി ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നു..

ഞാന്‍ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താല്‍ ആ സിനിമ നടത്താന്‍ ഇന്നും ഫെഫ്കയുടെ നേതൃത്വത്തില്‍ ഇരിക്കുന്ന ചില സംവിധായകര്‍ അന്ന് സമ്മതിച്ചില്ല .. ആ സിനിമയുടെ പേരുമാറ്റി അവര്‍ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലെ ഷൂട്ടിംഗ് നടത്തിക്കൂ എന്നു വാശി പിടിച്ചു.. ഗത്യന്തരമില്ലാതെ ആ നിര്‍മ്മാതാക്കള്‍ സിനിമയുടെ പേരുമാറ്റി 'പ്രമുഖന്‍' എന്നാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി. എങ്ങനുണ്ട് നമ്മുടെ സാംസ്‌കാരിക നായകര്‍.. പത്തൊമ്പതാം നൂറ്റാണ്ടെന്ന എന്റെ കഴിഞ്ഞ സിനിമയില്‍ ഇത്തരം തൊട്ടുകൂടായ്മയുടെ സീനുകള്‍ ഞാന്‍ കാണിച്ചിരുന്നു. ഇന്ന് അന്നത്തേതിലും വലിയ മാടമ്പി മനോഭവമുള്ളവന്‍മാരുടെ ചെകിട്ടത്തടി കൊടുക്കാന്‍ ഒടുവില്‍ സുപ്രീം കോടതി വരേണ്ടി വന്നു..

ഞാന്‍ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി... പിന്നെ കുറേ കഴിഞ്ഞപ്പോള്‍ ഈ മഹാന്‍മാരെ ഓര്‍ത്ത് ചിരിച്ചു..പക്ഷേ അപ്പോഴും മനസ്സില്‍ എവിടോ ഒരു വിങ്ങല്‍ തോന്നി. ഈ വിളക്കു കൊളുത്തിയ ശ്രീമാന്‍ ഞാന്‍ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിന്‍ സെക്രട്ടറിയായി വിനയന്‍ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്.. ഇത്രക്കു പക മനുഷ്യനുണ്ടാകാമോ?

പലര്‍ക്കും ഇതു കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല അല്ലേ? ഒരു പാവം മനുഷ്യനായ ശ്രീ സലിം ബാവ സാക്ഷി ആയുണ്ട്.. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചു പറഞ്ഞ സംവിധായകന്‍ സലിംബാവ ഇന്നും ജീവിച്ചിപ്പുണ്ട് സുഹൃത്തുക്കളേ.. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും. അതുപോലെ ഇവരുടെ നിരവധി നീചമായ കാര്യങ്ങള്‍ എണ്ണിയെണ്ണി എനിക്കു പറയുവാന്‍ കഴിയും.

ഒന്നോര്‍ത്തു നോക്കൂ.. ഇത്രയും വൃത്തികെട്ട ഫാസിസ്‌ററ് രീതികള്‍ സിനിമയില്‍ നടപ്പാക്കിയവരാണ് സിനിമാ നയരൂപീകരണ കമ്മിറ്റിയില്‍ കയറാനും അവാര്‍ഡ് കമ്മിറ്റിയില്‍ കയറാനും ഒക്ക ഇന്നും കോട്ടും തൈപ്പിച്ചു നടക്കുന്നത്.. തൊഴില്‍ വിലക്കെന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും സുപ്രീം കോടതിയും ശിക്ഷ വിധിച്ച് ഫൈന്‍ അടിച്ച മാന്യന്‍മാരെ കുറിച്ച് നമ്മുടെ സാംസ്‌കാരിക വകുപ്പിനാണെങ്കില്‍ നല്ല അഭിപ്രായം ആണു താനും.. പാണനാകാന്‍ പറ്റാത്തതു കൊണ്ടു തന്നെ എന്നോടു വലിയ ദേഷ്യവുമുണ്ട് ..

സിനിമയിലെ നന്മമരങ്ങളുടെ തനിനിറം ചാലക്കുടിക്കാരന്‍ ചംങ്ങാതിയിലൂടെ തുറന്നു കാണിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല. ആ ഞെട്ടലിന്റെ വൈരാഗ്യത്തില്‍ ഇന്നും അവരുടെ പിണിയാളുകളെ ക്കൊണ്ട് ആ സിനിമയെ താഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഈ വൈതാളികരുടെ എല്ലാം വായടപ്പിച്ചു കൊണ്ട് ടിവിയില്‍ വന്നപ്പോള്‍ പോലും മഴവില്‍ മനോരമയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട് റിക്കോഡിട്ട ചിത്രമായിരുന്നു ചാലക്കുടിക്കാരന്‍ ചംയങ്ങാതി എന്നോര്‍ത്താല്‍ കൊള്ളാം..

മലയാളസിനിമയില്‍ മറ്റാര്‍ക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി മണിയുടെ കഥ പറഞ്ഞുകൊണ്ട് അങ്ങനൊരു ചിത്രം എടുക്കാന്‍ കഴിഞ്ഞതിലും അതിലൂടെ പലര്‍ക്കും പൊള്ളുന്ന സിനിമയിലെ ചില അപ്രിയ സത്യങ്ങള്‍ പറയാന്‍ കഴിഞ്ഞതിലും എനിക്ക് ഏറെ അഭിമാനമുണ്ട്. ചാരിതാര്‍ത്ഥ്യമുണ്ട്.

അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നു വരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കലാഭവന്‍ മണിയുടെ സ്മാരകം ഇത്രയും കാലം തുടര്‍ന്നു ഭരിച്ചിട്ടു പോലും ഇടതു പക്ഷ സര്‍ക്കാരിനു പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി എനിക്കു തോന്നുന്നു.. ഉടനെ അതിനൊരു പരിഹാരം ഉണ്ടാവണം എന്നഭ്യര്‍തഥിക്കുന്നു.

Full View


Tags:    

Similar News