വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ദൃശ്യയെ വകവരുത്തിയത് കിടപ്പുമുറിയില്‍ കയറി; പിതാവിന്റെ വ്യാപാര സ്ഥാപനത്തിനും തീയിട്ട സൈക്കോ; വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ടത് ശുചിമുറിയുടെ ചുവര്‍ തുരന്ന്; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍
വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ടത് ശുചിമുറിയുടെ ചുവര്‍ തുരന്ന്; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍
മലപ്പുറം: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ വിചാരണ തടവുകാരനായ പ്രതി വിനീഷ് രക്ഷപ്പെട്ടു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. 2021 ജൂണിലായിരുന്നു എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്ന 21കാരിയായ ദൃശ്യ കൊല്ലപ്പെട്ടത്. വിനീഷ് വിചാരണത്തടവുകാരനാണ്. മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ ശുചിമുറിയുടെ ചുമര്‍ തുരന്നാണ് രക്ഷപ്പെട്ടത്.11 മണിയോടെ വിനീഷിനെ സെല്ലില്‍ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. നേരത്തെ ജയിലില്‍ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു. പ്രതിക്കായി പ്രദേശത്ത് തെരച്ചില്‍ വ്യാപിപ്പിച്ചു. ഇതിന് മുമ്പും സമാനമായ വിധത്തില്‍ ഇയാള്‍ രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നു.
ഇയാള്‍ 2022ലും മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.2021 ജൂണിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടില്‍ സി കെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കിടപ്പുമുറിയില്‍ കയറി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതിയെ സംഭവം നടന്ന അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഒഫ് ലോ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു ദൃശ്യ. ദൃശ്യയുടെ പിതാവിന്റെ കടയും പ്രതി കത്തിച്ചു. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ഓടിയ പ്രതി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തന്ത്രപൂര്‍വം സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ പത്താം തീയതിയാണ് വിനീഷിനെ വീണ്ടും കുതിരവട്ടത്ത് എത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് വീണ്ടും കുതിരവട്ടത്തെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
