നിയമപ്രകാരം കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത് പിതാവിന്; വിപഞ്ചികയുടെ മകളെ ദുബായിൽ സംസ്കരിക്കാൻ അനുകൂല വിധിയുണ്ടായതിന് പിന്നിൽ യുഎഇയുടെ നിയമം; മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് പിതാവ് നിതീഷ്; മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സങ്ങളേറെ

Update: 2025-07-16 17:31 GMT

ദുബായ്: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ യുഎഇ നിയമപ്രകാരം കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത് പിതാവിനാണ്. ഇതോടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ പിതാവ് നിതീഷിന് അനുകൂലമായി വിധിയുണ്ടായി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനം. ഇതനുസരിച്ച്, വൈകാതെ ദുബായിലെ പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം ശവസംസ്കാരം നടക്കും.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അമ്മ ഷൈലജ കഴിഞ്ഞ ദിവസം യുഎഇയിലെത്തി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത്. അതിനാൽ കോടതി ഉത്തരവ് പിതാവ് നിതീഷിന് അനുകൂലമായി. ഇന്നലെ കുഞ്ഞിന്റെ ശവസംസ്കാരം നടക്കേണ്ടിയിരുന്നത്. എന്നാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലൂടെ ഇത് മാറ്റിവച്ചു. കാനഡയിൽ നിന്നും വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയനും യുഎഇയിലെത്തിയിട്ടുണ്ട്.

ഇന്നും കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഷൈലജയും, മണിയനുമായും ഭർത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായും ചർച്ച നടന്നു. എന്നാൽ കുട്ടിയെ യുഎഇയിൽ സംസ്കരിക്കണമെന്ന നിലപാടിൽ നിതീഷ് ഉറച്ച് നിൽക്കുകയാണെന്നാണ് സൂചന. നിതീഷിന് അനുകൂലമായാണ് നിലവിൽ കോടതി ഉത്തരവ് നിലനിൽക്കുന്നത്. കുട്ടിയുടെ മൃതദേഹം ഏറെ നാൾ ഫൊറൻസിക് ലാബിൽ വയ്ക്കുന്നതിന്റെ അനൗചിത്യവും കാരണം കോൺസുലേറ്റിന് ഇക്കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.

വൈഭവിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് നിതീഷാണ്. വിപഞ്ചികയുടെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും യുഎഇയിലെത്തിയത്. എന്നാൽ യുഎഇയിലെ നിയമവും, നിതീഷിന്റെ നിലപാടും വിപഞ്ചികയുടെ ബന്ധുക്കൾക്ക് പ്രതികൂലമാകാനാണ് സാധ്യത.

Tags:    

Similar News