പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ ആ തേജസ്സ് നഷ്ടമായി; പ്രതിമയെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് പോലെയാക്കി തീര്‍ത്തു എന്ന് ആരോപണം; സ്പെയിനിലെ സെവില്ലയില്‍ കന്യാമറിയത്തിന്റെ പ്രതിമയെ ചൊല്ലി വിവാദം

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ ആ തേജസ്സ് നഷ്ടമായി

Update: 2025-08-18 06:20 GMT

ബാഴ്‌സലോണ: സ്പെയിനില്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പ്രശസ്തമായ കന്യാമറിയത്തിന്റെ പ്രതിമ പുനസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുന്നു. പ്രതിമയെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് പോലെയാക്കി തീര്‍ത്തു എന്നാണ് അവര്‍ ആരോപിക്കുന്നത്. സ്പെയിനിലെ സെവില്ലിലുള്ള കന്യകാമറിയത്തിന്റെ 5 അടി 9 ഇഞ്ച് ഉയരമുളള പ്രതിമയായ ലാ മകറീനയെ ജൂണില്‍ പതിവ് മിനുക്കുപണികള്‍ക്കായിട്ടാണ് ദേവാലയത്തില്‍ നിന്ന് പുറത്ത് എത്തിച്ചത്. എന്നാല്‍ മിനുക്ക് പണികള്‍ക്ക് ശേഷം പ്രതിമ തിരികെ എത്തിച്ചപ്പോള്‍ വിശ്വാസികള്‍ പറയുന്നത് അവരുടെ മുഖം തിരിച്ചറിയാത്ത അവസ്ഥയിലായി എന്നാണ്.

പ്രതിമയുടെ കണ്‍പീലികള്‍ നീളമുള്ളതായും നിറത്തിലും ചര്‍മ്മത്തിലും മൂക്കിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ കണ്ടു എന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. പതിവായി ലാ മക്കറീനയുടെ അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത് 85 വയസ്സുള്ള ഫ്രാന്‍സിസ്‌കോ അര്‍ക്വില്ലോ ടോറസ് എന്ന ശില്‍പ്പിയാണ്. ഇതോടെ അദ്ദേഹവും ജനമധ്യത്തില്‍ അപമാനിതനായിരിക്കുകയാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു പൊതു പരിശോധന നടത്താന്‍ തയ്യാറാണ് എന്നാണ് ടോറസ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ സെവില്ലെയിലെ വിശ്വാസികളും ലാ മകാറിനയെ കാണാന്‍ ലോകമെമ്പാടും നിന്ന് എത്തിയവരും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കണം എന്നാണ് ആവശ്യപ്പെടുന്നത്. പ്രതിമയുടെ മുഖഭാവം പൂര്‍ണ്ണമായും മാറിയിരിക്കുന്നതായി ഒരു വിശ്വാസി ദേഷ്യത്തോടെ പ്രതികരിച്ചതായി ഒരുന സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ശരിയായ രൂപത്തിന്റെ മോശം പകര്‍പ്പാണ് എന്നും വിശ്വാസികള്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ പ്രതിമ കണ്ടാല്‍ മേക്കപ്പിട്ടത് പോലെയുണ്ടെന്നും അവര്‍ രോഷത്തോടെ പറയുന്നു.

പ്രതിമയെ ഒരു സംഘം കൊല്ലാക്കൊല ചെയ്തതായും വിശ്വാസികളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പ്രതിമ സംരക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രസ്ഥാനമായ ബ്രദര്‍ഹുഡ് ഓഫ് ദി മക്കറീനയ്ക്കുള്ളിലും ഇത് അസ്ഥസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ബ്രദര്‍ഹുഡ് നേതാക്കളുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ നൂറുകണക്കിന് കോപാകുലരായ ആരാധകര്‍ ബസിലിക്ക ഡി ലാ മക്കറീനയ്ക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.

എന്നാല്‍ ദേവാലയ അധികാരികള്‍ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. ഇപ്പോള്‍ പെഡ്രോ മന്‍സാനോ എന്ന വിദഗ്ധനെയാണ് ലാ മക്കറീനയുടെ തെറ്റായ മേക്കോവര്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കാനായി മാസങ്ങള്‍ ത്ന്നെയെടുക്കും എന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News