വിദേശത്ത് ജോലി വാഗ്‌ദാനം നൽകി ബാങ്കിൽ പ്രമാണം വെച്ച് വായ്പ്പയെടുപ്പിച്ചു; ജോലി ലഭിച്ചില്ലെങ്കിൽ തുക തിരിച്ചടയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വായ്പ്പ ലഭിച്ച ശേഷം ഒഴിവ് കഴിവുകൾ പറഞ്ഞ് തുടങ്ങിയതോടെ സംശയമായി; ബാങ്കിലെത്തിയപ്പോൾ അറിഞ്ഞത് കൊടും ചതി; വായ്‌പ്പ കുടിശ്ശിക ആയതോടെ ബാങ്ക് നിയമ നടപടിയിലേക്ക്; വീടും വസ്‌തുവും നഷ്ടപ്പെടുമെന്ന ആശങ്കയിൽ യുവതിയും അമ്മയും

Update: 2025-07-08 10:00 GMT

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്‌ദാനം നൽകി വായ്പ തട്ടിപ്പിനിരയാക്കിയതോടെ യുവതിയും മാനസിക രോഗിയായ അമ്മയും വീടും വസ്‌തുവും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ. വർക്കല വടശേരിക്കോണം സംഗീതാ ഭവനിൽ ശ്രീക്കുട്ടിയും കുടുംബവുമാണ് കിടപ്പാടം നഷ്ട‌പ്പെടുമെന്ന ഭീതിയിലുള്ളത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീക്കുട്ടി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ ഇപ്പോഴുള്ള ജോലി പോലും നഷ്ടമാകുന്ന അവസ്ഥയിലാണുള്ളതെന്നും ശ്രീക്കുട്ടി പറയുന്നു.

വർക്കല സ്വദേശികളായ സജീവ് ഗോപാലൻ, ഭാര്യ ദീപ, മകൾ രാധു, സുഹൃത്ത് ബൈഷി എന്നിവർക്കെതിരെയാണ് ശ്രീക്കുട്ടി പരാതി നൽകിയത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ബൈഷി വഴിയാണ് സജീവ് ഗോപാലനെ ശ്രീക്കുട്ടി പരിചയപ്പെടുന്നത്. എംബിഎ യോഗ്യതയുള്ള ശ്രീക്കുട്ടി വിദേശത്ത് ജോലിക്ക് ശ്രമിക്കുകയായിരുന്നു. സജീവ് ഗോപാലന്റെ മകൾ യുകെയിലാണെന്നും അവിടേക്ക് ജോലിക്കുള്ള വിസ നൽകാമെന്നുമായിരുന്നു വാഗ്‌ദാനം. വിസയ്ക്കായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് വീടും വസ്‌തുവും ഈടുവച്ച് വായ്പ എടുത്ത് നൽകാൻ ശ്രീക്കുട്ടി ശ്രമിച്ചു. എന്നാൽ സിബിൽ സ്കോർ കുറവായിരുന്നതിനാൽ ശ്രീക്കുട്ടിയുടെ പേരിൽ വായ്പ്പ എടുക്കാൻ സാധിച്ചില്ല. ഇതോടെ സജീവ് തൻ്റെ പേരിൽ വായ്പ എടുക്കാമെന്ന് പറയുകയായിരുന്നു.

2023 ജൂലൈ 15നകം വിസ തരപ്പെടുത്തി നൽകാമെന്നുമായിരുന്നു വാഗ്ദാനം. പറഞ്ഞ കാലാവധിക്കുള്ളിൽ ശ്രീക്കുട്ടിക്ക് വിദേശത്ത് ജോലി ലഭിച്ചില്ലെങ്കിൽ വായ്‌പയെടുത്ത തുക തിരിച്ചടയ്ക്കാമെന്നും പ്രമാണം ബാങ്കിൽ നിന്നെടുത്ത് കൊടുക്കാമെന്ന് സജീവ് ഗോപാലൻ 500 രൂപ മുദ്രപത്രത്തിൽ കരാർ ഒപ്പിട്ട് നൽകിയിരുന്നു. സജീവ് ഗോപാലന്റെ ഭാര്യ ദീപ, സുഹൃത്തായ ബൈഷി എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. 2023 മാർച്ച് 1നാണ് ബാങ്കിൽ നിന്നും വായ്പ്പ എടുക്കുന്നത്. പിന്നീട് മകൾക്ക് നാട്ടിലേക്ക് വരാനായുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് നൽകണമെന്നും 5 ദിവസത്തിനുള്ളിൽ പണം നൽകാമെന്നും സജീവ് ഗോപാലൻ പറഞ്ഞു. തുടർന്ന് പരാതിക്കാരി ടിക്കറ്റ് ബുക്ക് ചെയ്ത നൽകി.

ഇതോടെയാണ് സജീവും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ശ്രീക്കുട്ടിക്ക് സംശയം തോന്നുന്നത്. കൂടാതെ ബാങ്കിൽ നിന്നും വായ്പ്പ ലഭിച്ച ശേഷം വിസയുടെ ആവശ്യവുമായി ബന്ധപ്പെടുമ്പോൾ പ്രതികൾ ഫോൺ പോലും എടുക്കാതെയായി. പറഞ്ഞ കാലാവധിക്കുള്ളിൽ ശ്രീക്കുട്ടിക്ക് പ്രതികൾ വിസയും നൽകിയില്ല. ഇതോടെ പ്രമാണം തിരിച്ചെടുത്ത് നൽകണമെന്ന് ശ്രീക്കുട്ടി ആവശ്യപ്പെട്ടു. 2023 മെയ് 25ന് വീടിന്റെ പ്രമാണം തിരിച്ചെടുത്ത് നൽകാമെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ലണ്ടനിലുള്ള ഭാര്യ ദീപ വന്നാൽ മാത്രമേ പ്രമാണം തിരിച്ചെടുക്കാൻ സാധിക്കുകയുള്ളു എന്നാണ് സജീവ് ഗോപാലൻ പറഞ്ഞത്.

തുടർന്ന് പരാതിക്കാരി ബാങ്കിൽ പോയി വിവരങ്ങൾ അന്വേഷിക്കുമ്പോഴാണ് സജീവ് ബാങ്കിൽ നിന്നും പണം പിൻവലിച്ച കാര്യം ശ്രീക്കുട്ടി മനസ്സിലാക്കുന്നത്. വർക്കല സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ ആദ്യം തയ്യാറായില്ല എന്നാണ് ശ്രീക്കുട്ടി പറയുന്നത്. പിന്നീട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി എന്നിവർക്കും പരാതി നൽകി. മുഖ്യമന്ത്രി നൽകിയ പരാതിയിൽ മൊഴിയെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് പരാതിക്കാരി വർക്കല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. തുടർന്ന് കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.

വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വർക്കല പോലീസിന് മനുഷ്യാവകാശ കമ്മീഷനും നിർദ്ദേശം നൽകി. അതിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 15,000 രൂപ വെച്ച് 10 വർഷത്തേക്കായിരുന്നു വായ്പ്പ തിരിച്ചടക്കേണ്ടിയിരുന്നത്. 10 ലക്ഷം രൂപ വായ്പ്പ തുകയിൽ നിന്നും 9 ലക്ഷം രൂപ 2023 മാർച്ച് 2ന് തന്നെ സജീവ് ഗോപാലൻ ബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു. ഈ തുക തന്റെ സമ്മതമില്ലാതെയാണ് സജീവ് പിൻവലിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന ഒരു ലക്ഷം രൂപയിൽ നിന്നും അടുത്ത മാസത്തേക്കുള്ള തിരിച്ചടവ് ബാങ്ക് പിടിച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തേക്കുള്ള തുക ബൈഷിയാണ് അടച്ചത്.

വായ്‌പ്പയിൽ നിന്നും ബൈഷിയും വലിയൊരു തുക കൈപ്പറ്റിയതായാണ് പരാതിക്കാരി പറയുന്നത്. ഇത് കഴിഞ്ഞും തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽ നിന്നും നോട്ടീസെത്തി. 7 മാസത്തെ കുടിശ്ശികയാണ് മുടങ്ങിയത്. എന്നാൽ പ്രതികളെ വിളിച്ചിട്ട് ഒരു മറുപടിയും ലഭിക്കാതായതോടെയാണ് താൻ സ്വർണം പണയപ്പെടുത്തി ബാങ്ക് നടപടികൾ താൽക്കാലികമായി ഒഴിവാക്കിയെന്നും ശ്രീക്കുട്ടി പറയുന്നു. പിന്നീട് കുടിശിക തിരിച്ചടയ്ക്കാൻ പരാതിക്കാരിക്കും കഴിഞ്ഞില്ല. 2024 ഏപ്രിൽ മുതലുള്ള കുടിശ്ശികയാണ് നിലവിലുള്ളത്. വായ്‌പ്പ തുടർച്ചയായി കുടിശ്ശികയായതോടെ ബാങ്ക് തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

വായ്പ കുടിശ്ശികയാകിയവരുടെ വിവരങ്ങൾ പത്രത്തിൽ ബാങ്ക് പരസ്യം നൽകിയതോടെയാണ് തൻ്റെ വിടും പറമ്പും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ശ്രീക്കുട്ടി മനസ്സിലാക്കുന്നത്. 10 ലക്ഷം രൂപയാണ് വായ്പ്പയെടുത്തത്. ഇതിൽ 1,65,000 രൂപ മാത്രമാണ് തിരിച്ചടച്ചത്. 2024 ഏപ്രിൽ മുതലുള്ള തിരിച്ചടവ് ബാക്കിയുണ്ട്. 13 ലക്ഷത്തിൽപരം രൂപ കുടിശ്ശികയായി ഉണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ സജീവ് ഗോപാലനും ഭാര്യ ദീപയും പ്രതികളാണെന്നാണ് സൂചന. വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയെന്ന സജീവിന്റെ സഹോദരൻ നൽകിയ പരാതിയിലും വർക്കല പോലീസ് കേസെടുത്തിരുന്നു. സജീവ് ഗോപാലൻ, ഭാര്യ ദീപ, ശ്രീജ, രാധു സജീവ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

Tags:    

Similar News