പിന്നില്‍ കനത്ത പുകയും തീഗോളമായി മാറിയ വിമാനവും; വെള്ള ടീ ഷര്‍ട്ട് ധരിച്ച് ഇടതുകയ്യില്‍ മൊബൈലും പിടിച്ച് നടന്നടുക്കുന്ന വിശ്വാസ് കുമാര്‍ രമേഷ്; വിമാനം പൊട്ടിത്തെറിച്ചെന്ന് വിളിച്ചുപറയുന്ന ഓടിക്കൂടിയവര്‍; 11 എ സീറ്റുകാരന്‍ രക്ഷപ്പെട്ട ഞെട്ടിപ്പിക്കുന്ന പുതിയ വീഡിയോ പുറത്ത്
വിശ്വാസ് കുമാര്‍ രമേഷിന്റെ ഞെട്ടിപ്പിക്കുന്ന പുതിയ വീഡിയോ പുറത്ത്
അഹമ്മദാബാദ്: എയര്‍ ഇന്ത്യ എഐ -171 വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികന്‍ വിശ്വാസ് കുമാര്‍ രമേഷിന്റെ പേര് വിമാന അപകടചരിത്രത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു. ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിമാനം തീഗോളമാകും മുമ്പേ രക്ഷപ്പെട്ട വിശ്വാസിന്റെ കഥ ഇതിനകം എല്ലാവര്‍ക്കും അറിയാം. പക്ഷേ, പുതുതായി പുറത്തുവന്ന ഒരു വീഡിയോ തലനാരിഴയ്ക്കുള്ള വിശ്വാസിന്റെ രക്ഷപ്പെടലിന്റെ മറ്റൊരു ചിത്രം നല്‍കുന്നു. വിമാനം തകര്‍ന്നുവീണയിടത്തെ കനത്ത കറുത്ത പുകയില്‍ നിന്ന് പുറത്തേക്ക് വരുന്ന വിശ്വാനിനെയും പിന്നില്‍ കത്തിയാളുന്ന വിമാനത്തെയും കാണാം.
വെളള ടീ ഷര്‍ട്ട് ധരിച്ച വിശ്വാസിന്റെ ഇടതുകയ്യില്‍ മൊബൈല്‍ ഫോണ്‍ കാണാം. അവിടെ ഓടിക്കൂടിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും കാണാം. വിമാനം പൊട്ടിത്തെറിച്ചു എന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാം. എമര്‍ജന്‍സി എക്‌സിറ്റിന് അടുത്ത് 11 എ സീറ്റിലിരുന്ന ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാരന് താന്‍ രക്ഷപ്പെട്ടുവെന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. വിശ്വാസിന് നടന്നതിനെക്കുറിച്ചു കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നതേയില്ല.
' ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് കുറച്ചുസമയത്തേക്ക് കരുതി. പക്ഷേ കണ്ണുകള്‍ തുറന്നപ്പോള്‍ ജീവനുണ്ടെന്ന് മനസ്സിലായി. സീറ്റ് ബെല്‍റ്റ് തുറന്നു ഞാന്‍ പുറത്തുകടന്നു. എയര്‍ ഹോസ്റ്റസും മറ്റുള്ളവരും എന്റെ കണ്‍മുന്നില്‍ മരിച്ചുവീണു. ഹോസ്റ്റലില്‍ ഇടിച്ചുകയറിയപ്പോള്‍ എമര്‍ജന്‍സി വാതില്‍ തുറന്നു.' ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ താഴത്തെ നിലയോട് ചേര്‍ന്നായിരുന്നു വിശ്വാസ്. 'അവിടെ വിടവുണ്ടായിരുന്നു. അങ്ങനെ ഞാന്‍ പുറത്തുകടന്നു. കെട്ടിടത്തിന്റെ ഭിത്തി എതിര്‍വശത്തായിരുന്നു. ആ വശത്തൂടെ ആര്‍ക്കും പുറത്തുകടക്കുക സാധ്യമല്ലായിരുന്നു.'- വിശ്വാസ് പറഞ്ഞു.
ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മിനിറ്റ് പിന്നിട്ടപ്പോള്‍ വിമാനം കുടുങ്ങിയത് പോലെ തോന്നി. പിന്നീട് പച്ച, വെളള ലൈറ്റുകള്‍ തെളിഞ്ഞു. വിമാനം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വിമാനം അതിവേഗത്തില്‍ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി-വിശ്വാസ് വിശദീകരിക്കുന്നത് ഇങ്ങനെ.