വിസ്മയ 'തുടക്കം'! പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക്; താരപുത്രിയെത്തുന്നത് ആശിര്‍വാദ് സിനിമാസിന്റെ ചിത്രത്തിലെ നായികയായി; ജൂഡ് ആന്റണി സംവിധായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്

Update: 2025-07-01 11:45 GMT

ചെന്നൈ: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലാണ് വിസ്മയ നായികയായി അഭിനയിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമ ജീവതത്തിന് തുടക്കമാകുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിലുണ്ടെന്നാണ് വിവരം. മകള്‍ക്ക് ആശംസയറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമയുടെ ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വിസ്മയയുടെ വരവിനെ നോക്കികാണുന്നത്.

എഴുത്തുകാരി കൂടിയായ വിസ്മയ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്‍മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.  ഏതെങ്കിലും സൂപ്പര്‍താരമായിരിക്കുമോ നായകനെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലെത്തിയപ്പോള്‍ത്തന്നെ വിസ്മയ സിനിമയിലേക്ക് വരുമോയെന്ന ചോദ്യം ആരാധകരില്‍ നിന്നുയര്‍ന്നിരുന്നു.

മകള്‍ സിനിമയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അവര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹന്‍ലാല്‍ അന്നൊക്കെ മറുപടി നല്‍കിയത്.അടുത്തിടെയാണ് മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെയാണ് മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലെത്തുന്നത്.

Similar News