പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വേഗതയും സുരക്ഷയും നല്‍കും; ഇവിടെ ഉള്ളത് ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; ഇന്ത്യയിലെ ആദ്യ സമര്‍പ്പിത ട്രാന്‍ഷിപ്‌മെന്റ് തുറമുഖം; വിഴിഞ്ഞം എല്ലാ കപ്പല്‍ ഗതികളേയും മാറ്റി മറിക്കും

Update: 2025-05-02 01:21 GMT

തിരുവനന്തപുരം: ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത് രാജ്യത്തെ തന്നെ ആദ്യ സമര്‍പ്പിത ട്രാന്‍ഷിപ്മെന്റ് തുറമുഖം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യന്‍ കണ്ടെയ്നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തേക്കെത്തും.

പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും സുരക്ഷയും നല്‍കുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. വിജിഎഫ് കരാര്‍ ഒപ്പിട്ടതോടെ വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ കേരളം എന്ന പേര് തങ്കലിപികളില്‍ എഴുതപ്പെടുകയാണ്. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി. ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുര്‍ക്കിയെ ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്യുകയുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സര്‍വീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉള്‍പ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്. എം എസ് സിയുടെ പ്രധാന ചരക്ക് ഗതാഗത പാതയായ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റി യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് പോകുന്ന കപ്പല്‍ പാതയിലെ പ്രധാന സര്‍വീസുകളില്‍ ഒന്നാണ് ജേഡ് സര്‍വീസ്. ഈ സര്‍വീസിലെ ദക്ഷിണ ഏഷ്യയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്. ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സര്‍വീസില്‍, വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്നതും ഉയര്‍ന്നതോതില്‍ കണ്ടെയ്നറുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമാണ് എം എസ് സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ പട്ടികയിലേക്ക് ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയെന്നത് വലിയ നേട്ടമാണ്. ഇതോടെ ദക്ഷിണേഷ്യയിലുള്ള ചൈനയിലെ ക്വിങ്ദാവോ, നിങ്ബോഷൗഷാന്‍, ഷാങ്ഹായ്, യാന്റിയന്‍ ദക്ഷിണ കൊറിയയിലെ ബുസാന്‍, സിംഗപ്പൂര്‍ എന്നീ വന്‍കിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എത്തിച്ചേരുന്നത്. സിംഗപ്പൂരില്‍ നിന്നും വിഴിഞ്ഞത്തെത്തുന്ന എം എസ് സി കപ്പല്‍ അവിടെ നിന്നും സ്പെയിനിലെ വലന്‍സിയ തുറമുഖത്തേക്കും തുടര്‍ന്ന് ബാഴ്സലോണ തുറമുഖം വഴി അവസാന കേന്ദ്രമായ ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്തേക്കുമാണ് പോവുക.

ജേഡ് സര്‍വീസില്‍ ഇടം പിടിച്ചതോടെ ദക്ഷിണ ഏഷ്യയുടെ ചരക്കു ഗതാഗത മുഖമായി വിഴിഞ്ഞം മാറുകയാണ്. ഇതോടെ ഇന്ത്യയിലേക്കു വരുന്ന കണ്ടെയ്നറുകള്‍ വിഴിഞ്ഞത്ത് വന്നു കേന്ദ്രീകരിക്കുകയും ചെറു കപ്പലുകളായി മറ്റു തുറമുഖങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലേക്ക് മാറും. പദ്ധതിയില്‍ അറുപത് ശതമാനത്തിലേറെ നിക്ഷേപം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് അധികാരമോ ലാഭ വിഹിതമോ ഇല്ലാത്ത കരാറായിരുന്നു നേരത്തെ ഒപ്പിട്ടത്. 40 വര്‍ഷത്തേക്കുള്ള ആ കരാര്‍ പ്രകാരം ബി.ഒ.ടി വ്യവസ്ഥയിലുള്ള പദ്ധതിയില്‍ 20 വര്‍ഷം സര്‍ക്കാരിന് ലാഭവിഹിതം ഇല്ലാത്ത നിലയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വര്‍ഷം മാത്രം 1 ശതമാനം ലാഭവിഹിതം ലഭിക്കും. പിന്നീട് ഒരോവര്‍ഷവും 1 ശതമാനം വീതം അധിക ലാഭവിഹിതം. കരാറില്‍ നിന്ന് പിന്മാറിയാല്‍ സര്‍ക്കാര്‍ വന്‍ നഷ്ടപരിഹാരം നല്‍കേണ്ട വ്യവസ്ഥയുമുണ്ടായിരുന്നു.

ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവെച്ചതിന്റെ പ്രാധാന്യം. പലവിധ കാരണങ്ങളാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകിയ സാഹചര്യത്തില്‍ തുറുമുഖത്തില്‍ നിന്നുളള വരുമാനം സംസ്ഥാനത്തിന് 2039ല്‍ മാത്രമേ ലഭിക്കു എന്നതായിരുന്നു നേരത്തെയുള്ള സാഹചര്യം. അതായത് പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. ഇപ്പോള്‍ ഒപ്പുവെച്ച സപ്ലിമെന്ററി കരാര്‍ പ്രകാരം 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും. മാത്രമല്ല, മൂലകരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമഘട്ടം പൂര്‍ത്തിയാക്കേണ്ടത് 2045 ല്‍ ആയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച സപ്ലിമെന്ററി കരാര്‍ പ്രകാരം 2028 ല്‍ തന്നെ എല്ലാവിധമായ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരും അദാനി കമ്പനിയും തമ്മിലുളള ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം നിശ്ചയിച്ച സമയക്രമത്തിനേക്കാള്‍ വേഗത്തിലായത്. അതായത് 2045 ല്‍ മാത്രം തീരേണ്ട പദ്ധതി 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2028ല്‍ തന്നെ തീരുന്ന നിലയുണ്ടാവുന്നത്.

2028 നകം തുറമുഖ നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും. ഇതിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്സ് ആയിരിക്കും വഹിക്കുക. വിഴിഞ്ഞം ഒരു യഥാര്‍ത്ഥ മള്‍ട്ടിമോഡല്‍ ഹബ്ബാണ്. ദേശീയ പാത 66ലേക്ക് ചുരുങ്ങിയ സമയത്തില്‍ പ്രവേശനം സാധ്യമാക്കുന്ന റോഡ് കണക്ടിവിറ്റി, ഭാവിയിലെ വര്‍ദ്ധിച്ച ചരക്ക് ഗതാഗതം സുഗമമാക്കാന്‍ കേരളത്തിലെ ആദ്യത്തെ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്ന റെയില്‍ പാത രാജ്യത്തിന്റെ റെയില്‍ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും. തുറമുഖത്തു നിന്നും കേവലം 15 കീ.മി. ദൂരമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖത്തിന്റെ സംയോജിത കണക്റ്റിവിറ്റി പൂര്‍ണ്ണമാക്കുന്നു. തുറമുഖം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ വ്യാവസായിക വളര്‍ച്ചയുണ്ടാകും. അങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായും സമൂഹത്തിന്റെ കൈത്താങ്ങ് എന്ന നിലയിലും വിഴിഞ്ഞം ഒരു ശക്തമായ സാമ്പത്തിക എഞ്ചിനായി മാറുകയാണ്.

പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വി.ജി.എഫ് ഗ്രാന്റ് എന്ന സഹായത്തിനു പകരമായി, ലഭിക്കുന്ന ലാഭ വിഹിതത്തിന്റെ ഷെയര്‍ ആണ് ചോദിച്ചിരിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതല്‍ മുടക്ക്. ഇതില്‍ 5,370.86 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും 2497 കോടി രൂപ അദാനി പോര്‍ട്സും വഹിക്കും. ഇന്ത്യയിലെ ആദ്യ സെമിഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ടെര്‍മിനല്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി (ടി.ഒ.എസ്) ചേര്‍ന്ന അത്യാധുനിക ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആര്‍.എം.ജിക്രെയിന്‍ ഓപ്പറേറ്ററായി സ്ത്രീകളെ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തില്‍ ശ്രദ്ധ നേടി. ഐ.ഐ.ടി മദ്രാസും മാരിടൈം ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് വികസിപ്പിച്ച, എ.ഐ, റഡാര്‍, സെന്‍സര്‍ എന്നിവ ഉപയോഗിച്ച പുതിയ തലമുറ വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (വി.ടി.എം.എസ്) കപ്പലുകളുടെ ചലനങ്ങള്‍ കൃത്യമായി നിയന്ത്രിക്കുന്നു.

പരീക്ഷണ പ്രവര്‍ത്തന വേളയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖം, നേരിട്ട് 755ല്‍ അധികം തൊഴിലവസരങ്ങള്‍ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു. 67 ശതമാനം ജീവനക്കാരും കേരളത്തില്‍ നിന്നുള്ളവരാണ്. 35 ശതമാനം പേര്‍ വിഴിഞ്ഞം തദ്ദേശീയരും. തുറമുഖ വികസനം നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളര്‍ച്ച കൂടി പരിഗണിച്ചു കൊണ്ടാണ് എന്നതിന്റെ തെളിവാണിത്. പദ്ധതിക്ക് ആവശ്യമായ ഭൂമി കടല്‍നികത്തി എടുത്തിട്ടുണ്ട്. തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് അതിവേഗത്തിലാണ് പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2,960 മീറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇതില്‍ 2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഔട്ടര്‍ ഇന്നര്‍ അപ്രോച്ച് ചാനല്‍, ടേണിംഗ് പോക്കറ്റ്, ബെര്‍ത്ത് പോക്കറ്റ്, എന്നിവയ്ക്ക് ആവശ്യമായ ആഴം കൈവരിച്ചിട്ടുണ്ട്. ബ്രേക്ക് വാട്ടര്‍ കോര്‍ലെയര്‍ പൂര്‍ത്തിയായി. ആര്‍മര്‍ ലെയര്‍, അക്രോപോഡ് ലെയര്‍, വേവ് വാള്‍ എന്നിവയടക്കം നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി. തുറുമുഖത്തെ കെട്ടിടങ്ങള്‍, കണ്ടെയ്നര്‍ ബൈര്‍ത്ത്, കണ്ടെയ്നര്‍ യാര്‍ഡ് എന്നീവ പൂര്‍ത്തീകരിച്ചു. ഏട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളും സ്ഥാപിച്ചിട്ടുണ്ട്. ടഗ്ഗ് ബോട്ട്,പൈലറ്റ് കം സര്‍വ്വേ വെസല്‍ എന്നിവ വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. തുറുമുഖം പ്രവര്‍ത്തന സജ്ജമാകുന്നതിന് മുന്നോടിയായുളള എല്ലാ കേന്ദ്ര അനുമതികളും ലഭ്യമായി കഴിഞ്ഞിട്ടുമുണ്ട്.

റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാക്കാന്‍ 2028 ഡിസംബര്‍ വരെ സമയം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കൊങ്കണ്‍ റെയില്‍വേയെ ഇതിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉളള റെയില്‍ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനുളള പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുണ്ട്. തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട പാതയുടെ 9.2 കിലോമീറ്ററും ടണല്‍ വഴിയാണ് കടന്ന് പോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കം 1482.92 കോടി ചിലവാകും. റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നത് വരെ താല്‍കാലിക സംവിധാനം എന്ന നിലയില്‍ കണ്ടെയ്‌നര്‍ റെയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ റെയില്‍വേയുമായി നടന്നുവരുന്നു. തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക്, വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. നിലവിലെ മത്സ്യബന്ധന തുറമുഖം ആധുനികവല്‍ക്കരിച്ച്, ആവശ്യമായ അധിക സൗകര്യങ്ങളും ബര്‍ത്തുകളും സ്ഥാപിക്കുവാനുള്ള പദ്ധതി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പു നടപ്പിലാക്കുന്നതാണ്. ഇതിനായി 48 കോടി രൂപയുടെയും 25 കോടി രൂപയുടെയും രണ്ട് പദ്ധതികള്‍ എച്ച്.ഇ.ഡി തയ്യാറാക്കി പി.എം.എം.എസ്.വൈ സ്‌കീമില്‍ നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 256 കോടി രൂപ മുതല്‍മുടക്കില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു പുതിയ മത്സ്യ ബന്ധന തുറമുഖം വിസില്‍, എ.വി.പി.പി.എല്‍ ഇവയുടെ സഹായത്തോടെ നിര്‍മ്മിക്കുന്നതാണ്. ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം 3000 പേര്‍ക്ക് ജീവനോപാധി നഷ്ടപരിഹാരവും നല്‍കിയിട്ടുണ്ട്.

നിര്‍മ്മാണം ആരംഭിച്ചശേഷം പല ഘട്ടങ്ങളിലായി വിഴിഞ്ഞം നിവാസികള്‍ വിവിധ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. അവയുടെ പരിഹാരത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനത്തിന് 50 കോടി രൂപ ചിലവില്‍ ട്രെയിനിംഗ് സെന്റര്‍ കൂടി ഒരുക്കിക്കൊണ്ട് കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കി തുറമുഖ നിര്‍മ്മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു.

പോര്‍ട്ടിനെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന്റെ 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 6,000 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡുകൂടി വരുന്നതോടെ ഈ പദ്ധതി വലിയ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യും. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചേര്‍ന്ന് ഔട്ടര്‍ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്കപ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന ബൃഹത് പദ്ധതിയാകും ഇത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News