ചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല; ആദ്യം എത്തിയത് ചൈനയുടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; ആ കമ്യൂണിസ്റ്റ് ചതി പൊളിത്തത് ഡോ മന്‍മോഹന്‍ സിങ്; അദാനിയെ അടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എത്തിയതും തുറമുഖത്തെ തകര്‍ക്കാന്‍; അതും ചൈനയുടെ ചതി; ഏലിയാസ് ജോണ്‍ ആ പൊളിഞ്ഞ അട്ടിമറിക്കഥ പറയുമ്പോള്‍

Update: 2025-05-02 06:03 GMT

തിരുവനന്തപുരം: വിഴിഞ്ഞത്തെ ക്രെഡിറ്റ് കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ച ചൈനയുടെ കഥ പറയുകാണ് മാധ്യമ പ്രവര്‍ത്തകനായ ഏലിയാസ് ജോണ്‍. വിഴിഞ്ഞത്തിന്റെ സാധ്യത തിരിച്ചറിഞ്ഞതും കണ്ടെത്തിയതും ഏലിയാസ് ജോണാണ്. പലര്‍ക്ക് പിറകെ നടന്ന് സാധ്യതകള്‍ മനസ്സിലാക്കി നല്‍കിയതും ഏലിയാസ് ജോണ്‍ തന്നെയാണ്. അങ്ങനെ പേപ്പര്‍ വര്‍ക്കുകള്‍ തുടങ്ങി. ഇതിനിടെ പല പാരകളും വന്നു. വിഴിഞ്ഞത്തിന്റെ സാധ്യത മുഴുവനായി ഇപ്പോഴും വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഏലിയാസ് ജോണ്‍ പറയുന്നു. അപ്പോഴും വിഴിഞ്ഞത്ത് തുറമുഖം വന്നതിന്റെ ആഹ്ലാദം ഏലിയാസ് ജോണിനുണ്ട്. ഇതിനിടെ വിഴിഞ്ഞം അതിജീവിച്ച ചതി കഥകള്‍ പറയുകയാണ് ഏലിയാസ് ജോണ്‍. ഞെട്ടിക്കുന്ന അട്ടിമറിക്കഥകളാണ് ഏലിയാസ് ജോണ്‍ തുറന്നു പറയുന്നത്.

വൈകിപ്പിക്കാന്‍ പല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും ചൈനയാണ് അതു ചെയ്തത്. ചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല. ഏറ്റവും ഒടുവില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ടിലൂടെ അദാനിയെ അടിക്കുകയാണ്. ഇതു തുറക്കാനുള്ള ഡേറ്റ് പ്രഖ്യാപിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനിയുടെ ഓഹരിമൂല്യം കുത്തനേ ഇടിഞ്ഞു. തകര്‍ന്നുതരിപ്പണമായി. വിഴിഞ്ഞം നിന്നുപോയി എന്നു വിചാരിച്ചു. ബാക്കിയെല്ലാ കടമ്പകളും കടന്നാണ് ഇവിടെയെത്തിയത്. ഇപ്പോഴും ചൈന വിടാന്‍ തയ്യാറല്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ഉദ്ദേശ്യം അദാനിയെ പൊളിച്ചടുക്കുക എന്നായിരുന്നു. അതുവഴി അദാനി വിഴിഞ്ഞം ഉപേക്ഷിക്കും എന്ന് ചൈന കരുതി. അദാനി പോയാല്‍പ്പിന്നെ ഒരു മനുഷ്യന്‍ ഇതിലേക്കു തിരിഞ്ഞുനോക്കില്ല. മോദിയുടെ വിശ്വസ്തനു വിജയിപ്പിക്കാന്‍ കഴിയാത്ത പ്രോജക്റ്റ് ഏറ്റെടുക്കാന്‍ പിന്നെ ആരും വരില്ല. അതോടെ വിഴിഞ്ഞത്തിന്റെ കട്ടയും ബോര്‍ഡും മടങ്ങുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഭാഗ്യത്തിന് എങ്ങനെയോ രക്ഷപ്പെട്ടു. വേറൊരു ഇന്ത്യക്കാരനാണ് അദാനിയെ രക്ഷിച്ചത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി.ക്യു.ജി എന്നയാളാണ് ആ സമയത്ത് അദാനി ഗ്രൂപ്പില്‍ ഫണ്ട് കൊണ്ടിട്ട് രക്ഷിച്ചത്. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏലിയാസ് ജോണ്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വിശദ അഭിമുഖത്തില്‍ അദ്ദേഹം അട്ടിമറിയെ കുറിച്ച് പറഞ്ഞത് ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചതിയാണ്.

ഏലിയാസ് ജോണിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കരാറിന്റെ സമയത്ത് ചൈനയാണ് ആദ്യത്തെ ബിഡ്ഡില്‍ പങ്കെടുക്കുന്നത്. ചൈനയുടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഇവിടുത്തെ ഒരു കമ്പനിയും വന്നില്ലല്ലോ എന്ന് അപ്പോള്‍ ആലോചിച്ചു. ഇന്ത്യയില്‍ ഒരു കമ്പനിയുമില്ലേ. സൂം ഡെവലപ്പേഴ്‌സ് എന്ന ഒരു പേരാണ് ആകെ ഇന്ത്യന്‍ പങ്കാളിയായി വന്നത്. അവരെ മധ്യപ്രദേശ് ഗവണ്‍മെന്റ് കരിമ്പട്ടികയില്‍ പെടുത്തിയതാണ് എന്നു മനസ്സിലായി. നോക്കുമ്പോള്‍ ഒരു വെബ്‌സൈറ്റ് പോലുമില്ല. ചൈനയിലെ രണ്ട് പൊതുമേഖലാ കമ്പനികള്‍ക്ക് ഇന്ത്യയിലെ വിശ്വാസ്യതയുള്ള ഒരു കമ്പനിയെപ്പോലും പങ്കാളിയാക്കാന്‍ കിട്ടുന്നില്ല. ചൈനയുമായി സഹകരിക്കാന്‍ ഇവിടെയുള്ള കമ്പനികള്‍ തയ്യാറാകുന്നില്ല എന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. വിശ്വാസ്യതയും തുറമുഖ നിര്‍മ്മാണത്തില്‍ മുന്‍ പരിചയവും മെച്ചപ്പെട്ട സാമ്പത്തിക പശ്ചാത്തലവുമില്ലാത്ത ഒരു കമ്പനിയെ കൂട്ടുപിടിച്ച് ഇവര്‍ എന്തിനാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുക്കാന്‍ വരുന്നത് എന്ന് അന്വേഷിച്ചു. വസ്തുതയിലേക്കു വന്നപ്പോള്‍, അവര്‍ വിഴിഞ്ഞം പദ്ധതി നടത്താനല്ല അവരുടെ താല്‍പ്പര്യം എന്നു മനസ്സിലായി. അവരുടെ നിയന്ത്രണത്തില്‍ ഇതിനെ വയ്ക്കുക. എന്നിട്ടു വേണമെങ്കില്‍ പേരിന് വല്ലാര്‍പാടംപോലെ എന്തെങ്കിലും ഒരു ഓപ്പറേഷന്‍ നടത്തുക. വിഴിഞ്ഞം ഒരിക്കലും അവര്‍ക്കൊരു ഭീഷണിയായി മാറരുത്. നമുക്കു മനസ്സിലാകുന്നതിനു മുന്‍പു തന്നെ അവര്‍ക്ക് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ മനസ്സിലായി. വിഴിഞ്ഞത്ത് തുറമുഖം വന്നാല്‍ ഇന്ന് അവിടെ പോയിരിക്കുന്ന നിക്ഷേപം മുഴുവന്‍ ഇന്ത്യയിലേയ്ക്കു വരുമെന്ന് അന്ന് ഇഅവര്‍ മനസ്സിലാക്കി. അവര്‍ക്ക് അവിടെ എഴുപതുകള്‍ മുതല്‍ വന്‍കിട തുറമുഖങ്ങളുണ്ട്. വിഴിഞ്ഞത്തിനു സമാനമായ 32 തുറമുഖങ്ങളുണ്ട് അവിടെ.

വിഴിഞ്ഞം ഒരു മാഗ്‌നെറ്റാണ്. വെറുതേ ഒരു തുറമുഖമാണെങ്കില്‍ ഇവിടെ പ്രത്യേകിച്ചു 'റവല്യൂഷന്‍' ഒന്നും സംഭവിക്കില്ല. പക്ഷേ, ഇതിന്റെ ഭാഗമായി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന ഇത്രയും പ്രദേശങ്ങളുടെയെങ്കിലും വ്യവസായവല്‍ക്കരണത്തിനു സഹായകമാകും. ഇതു നമ്മളെക്കാള്‍ മുന്‍പ് ചൈന മനസ്സിലാക്കി. അതുകൊണ്ടാണ് അവര്‍ ഇതില്‍ താല്‍പ്പര്യം കാണിച്ചത്. ഒന്നുകില്‍ ഇതു നടക്കരുത്; നടന്നാല്‍ അവരുടെ നിയന്ത്രണത്തിലായിരിക്കണം. അങ്ങനെ അവര്‍ ആദ്യത്തെ ടെന്‍ഡര്‍ എടുത്തു. അവര്‍ക്കു കൊടുക്കാന്‍ കേരള ഗവണ്‍മെന്റ് തീരുമാനിച്ചു. ഡല്‍ഹിയില്‍ ഉടക്കി. ഇവര്‍ക്ക് കൊടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. പൊളിറ്റിക്കല്‍ ക്ലിയറന്‍സിനുവേണ്ടി ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ കാണാന്‍ പോയി. വെളിയം ഭാര്‍ഗവനൊക്കെ ആ സംഘത്തിലുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. രാജ്ഭവനു മുന്നില്‍ പ്രതിഷേധമൊക്കെ സംഘടിപ്പിച്ചിരുന്നു. പിന്നീടാണ് ഡല്‍ഹിയില്‍ പോയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേറൊരു മുറിയില്‍ ഇവരെ കൊണ്ടുപോയിട്ട് ടി.കെ.എ. നായര്‍ അനുനയിപ്പിച്ചു പറഞ്ഞു, ചൈന നമുക്കു ബുദ്ധിമുട്ടാകും. കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഇവര്‍ക്കു മനസ്സിലായി. പക്ഷേ, പുറത്തു വന്നിട്ട് ഇവര്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു. രാഷ്ട്രീയമായ കാരണങ്ങളാലാണ് ചൈനയ്ക്കു കൊടുക്കാത്തത് എന്നൊക്കെ പറഞ്ഞു. ആളുകളെ കയ്യിലെടുക്കണമല്ലോ. പക്ഷേ, അവിടെ സമ്മതിച്ചിട്ടാണ് വന്നത്. എന്തായാലും ചൈനയ്ക്കു കൊടുക്കണ്ടാ എന്ന് മന്‍മോഹന്‍ സിംഗ് തീരുമാനിച്ചു. അതു വളരെ നല്ല തീരുമാനമായിരുന്നു. ആ സമയത്ത് മനോരമ എന്നോടു ചോദിച്ചു, ചൈനയ്ക്ക് അനുമതി കൊടുക്കുന്നില്ലല്ലോ; എന്താണ് അഭിപ്രായം. കൊടുക്കാതിരുന്നതു നന്നായി എന്നു പറഞ്ഞപ്പോള്‍ അത് എന്താണെന്നു ചോദിച്ചു. ഏതെങ്കിലും കമ്പനിക്ക് കൊടുക്കണം എന്നു പറഞ്ഞിരുന്നവരല്ലേ. ''ചൈന എടുക്കുന്നത് നമ്മളെ വളര്‍ത്താനല്ല, അവര്‍ക്കു വേറെ അജന്‍ഡയുണ്ട്. അതുകൊണ്ടാണ് കൊടുക്കാതിരുന്നത് നന്നായത്'' എന്നു പറഞ്ഞു. പിന്നെ വേറെ കമ്പനികള്‍ വന്നു.

ഒന്നും ഇപ്പോള്‍ ആയിട്ടില്ല കേട്ടോ. ഒരുപാടു കാര്യങ്ങള്‍ ഇനിയും ഗവണ്‍മെന്റ് ചെയ്യാനുണ്ട്. ട്രാന്‍സ്ഷിപ്‌മെന്റ് ആണ് നടന്നത്. രണ്ടു കപ്പല്‍ വന്നിട്ടും കരയിലോട്ട് ഒരു കണ്ടെയ്‌നര്‍പോലും ഇറക്കിയില്ല. ഇറങ്ങും, ഇല്ലെന്നു പറയുന്നില്ല. ഒക്ടോബറോടുകൂടി കമ്മിഷന്‍ ചെയ്യുമ്പോള്‍ ഇറങ്ങും. ഇറങ്ങുമ്പോഴും വളരെ പരിമിതമാണ്. ഒരു വര്‍ഷം അവരുടെ കണക്കനുസരിച്ചുതന്നെ നമ്മുടെ റോഡിലൂടെയോ റെയില്‍ മാര്‍ഗ്ഗമോ പോകാന്‍ പോകുന്നത് വരുന്ന കണ്ടെയ്‌നറുകളുടെ 16 ശതമാനം മാത്രമാണ്. അതായത് 1,60,000. അത്രയും എണ്ണം പോകുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ല. വല്ലാര്‍പാടത്ത് ആറു ലക്ഷം, ഏഴു ലക്ഷം ഹാന്‍ഡില്‍ ചെയ്യാം. അതിന്റെ വളര്‍ച്ചയാണ് നമ്മള്‍ കൊച്ചിയില്‍ കാണുന്നത്. എന്തു വളര്‍ച്ചയാണുള്ളത്? അതുപോലെ തന്നെയായിരിക്കും ഇവിടെയും. നമുക്കെല്ലാം കാണാം. അല്ലാതെ വലിയ തൊഴിലവസരങ്ങളൊന്നും ഉണ്ടാകില്ല; കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കില്ല. പക്ഷേ, ഉള്ളതില്‍നിന്നു വളരാനുള്ള വഴി നമ്മുടെ ഗവണ്‍മെന്റ് നോക്കണം. അദാനി വളരെ വേഗത്തിലാണ് നീങ്ങുന്നത്. എല്ലാ ഘട്ടങ്ങളും നേരത്തെ നിശ്ചയിച്ചതിലും നേരത്തെ തീര്‍ക്കാന്‍ കഴിയുന്നവിധം ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു. നാലുവര്‍ഷംകൊണ്ട് വാര്‍ഫ് ഇപ്പോഴത്തെ 800 മീറ്ററില്‍നിന്ന് 2000 മീറ്ററാകും. ഒരേ സമയം അഞ്ച് മദര്‍ വെസ്സലുകള്‍ക്കു നില്‍ക്കാം. 3.2 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍. ഇതുവരുന്നതോടുകൂടി വലിയ കുതിച്ചുചാട്ടമുണ്ടാകും. അതുപോലെ, അവര്‍ പ്രഖ്യാപിച്ചിട്ടുള്ള ബങ്കറിംഗ്. പെട്രോള്‍ ബങ്കുകള്‍പോലെ കപ്പലുകള്‍ക്ക് ഇന്ധനം കൊടുക്കുക. 200 കപ്പല്‍ പോകുന്ന സ്ഥാനത്ത് 20 കപ്പല്‍ ഇന്ധനമടിക്കാന്‍ വന്നാല്‍ മതി. ആ ഇനത്തില്‍ ഗവണ്‍മെന്റിനു നികുതിയായി വലിയ തുക കിട്ടും. ഇവിടെ കൊടുക്കുന്ന ഇന്ധനത്തിനു നികുതി കുറവാണെന്ന് ഇന്‍ഡിഗോയില്‍ പൈലറ്റായ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. അവര്‍ ബെംഗളൂരു സെക്ടറിലേയ്ക്ക് പറക്കുമ്പോള്‍ രണ്ട് ടണ്‍ ഇന്ധനം എടുക്കാനാണ് കമ്പനി പറഞ്ഞിരിക്കുന്നത്. പക്ഷേ, വിലക്കുറവ് കാരണം അഞ്ചു ടണ്‍ വരെ എടുക്കും. ഇന്ത്യയില്‍ ഒരുപക്ഷേ, ഏറ്റവും വിലകുറഞ്ഞ് ഈ ഇന്ധനം കിട്ടുന്നത് തിരുവനന്തപുരത്താണ്. എന്തായാലും നമ്മള്‍ നികുതി കുറച്ചുകൊടുത്ത് ഇന്ധനം കൂടുതല്‍ ഇവിടെനിന്ന് അടിക്കാന്‍ കപ്പലുകള്‍ക്കും അവസരം കൊടുക്കണം. കണ്ടെയ്‌നര്‍ വെസ്സല്‍ അല്ല. ഇതുവഴി കടന്നുപോകുന്ന 20 കപ്പലുകളെങ്കിലും സ്ഥിരമായി ഇവിടെനിന്ന് എണ്ണയടിക്കുക എന്നു പറഞ്ഞാല്‍ അതിനു ജോലി ചെയ്യാന്‍ ആളുകള്‍ വേണം. ഇതിനെല്ലാം ടഗ്ഗ് പോകണം. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് തൊഴിലവസരങ്ങള്‍ ഇനി സൃഷ്ടിക്കാം. ഇത് തുറമുഖത്തിനകത്ത്. അതുപോലെ, ക്രൂയിസ് ടെര്‍മിനല്‍ അവര്‍ കൊണ്ടുവരികയാണ്. 5000 പേര്‍ക്കൊക്കെ കയറാവുന്ന ക്രൂയിസ് വെസ്സല്‍. അതു വരുമ്പോള്‍, അതിലെ യാത്രക്കാര്‍ നഗരത്തിലേക്ക് ഇറങ്ങിയാല്‍ അതൊരു ഉത്സവമായിരിക്കും. നന്നായി പണം ചെലവഴിക്കുന്ന ടൂറിസ്റ്റുകളാണ് ക്രൂയിസില്‍ കയറുന്നത്. ആ രീതിയില്‍ 2028 ഓടുകൂടി ഒരു വലിയ ഫലപ്രാപ്തി ടൂറിസം മേഖലയില്‍ ഉണ്ടാകും. ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ വരണമെന്നുണ്ടെങ്കില്‍ ഗവണ്‍മെന്റ് ചെയ്യേണ്ടത് നിര്‍ദ്ദിഷ്ട റിംഗ് റോഡ് അടിയന്തരമായി കൊണ്ടുവരണം. പ്രത്യേക സാമ്പത്തിക മേഖലയുണ്ടാക്കി നിയമനിര്‍മ്മാണം നടത്തി സ്ഥലം അടയാളപ്പെടുത്തിയാല്‍ മതി. ഗേറ്റും വയ്ക്കുക, മതിലും കെട്ടുക. ഇങ്ങനെ നിക്ഷേപം നടത്താന്‍ തയ്യാറായി നൂറുകണക്കിനു കമ്പനികളുണ്ട്; മലയാളികളും തമിഴരും കര്‍ണാടകക്കാരും രാജ്യത്തിനു പുറത്തുള്ളവരുമൊക്കെയുണ്ട്. കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഹരിയാന കമ്പനി ഈയിടെ 100 കോടി നിക്ഷേപമുള്ള ഹാര്‍ഡ്വെയര്‍ ഉല്പാദന യൂണിറ്റാണ് തുടങ്ങിയത്. അത് വിഴിഞ്ഞം മൂലമാണ്. മറ്റൊന്ന്, ജര്‍മന്‍ കോണ്‍സലറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്നിരുന്നു. സാധാരണ ഗവണ്‍മെന്റ് ഗസ്റ്റായിട്ടാണ് വരേണ്ടത്. പക്ഷേ, സ്വകാര്യ സന്ദര്‍ശനംപോലെ തുറമുഖത്ത് വന്നു കണ്ട് തിരിച്ചുപോയി. കൃത്യമായി അവര്‍ ഓഫര്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ആദ്യം അറിഞ്ഞത്. പിന്നീട് അറിഞ്ഞു, ഒക്ടോബറില്‍ മോദിയെ കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ വരുന്നുണ്ട്; അപ്പോള്‍ അവര്‍ ബിസിനസ് പ്ലാനും നിക്ഷേപവും പ്രഖ്യാപിക്കും എന്നാണ്. അതിന്റെ സൂചന, കഴിഞ്ഞ ദിവസം അവരുടെ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ ഈ തുറമുഖത്തെക്കുറിച്ച് വിശദമായി എഴുതിയിരിക്കുന്നു. ഇതാദ്യമാണ് ഇങ്ങനെയൊന്ന് വരുന്നത്.

വികസനം വരികതന്നെ ചെയ്യും. പക്ഷേ, ഗവണ്‍മെന്റ് ഒന്നും ചെയ്തിട്ടില്ല. റിംഗ് റോഡിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ബാലരാമപുരത്ത് ചെല്ലുമ്പോള്‍ കുരുങ്ങും. ബൈപ്പാസ് തമിഴ്‌നാട്ടിലെ ഒരു സ്ഥലത്തു ചെന്ന് അവസാനിക്കുകയാണ്. കണ്ടെയ്‌നറുകളെല്ലാം കൂടി ഇറങ്ങിയാല്‍ ഇതെങ്ങനെ പോകും. ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങി ജോയി മരിച്ചതുപോലെ ആംബുലന്‍സുകള്‍ റോഡില്‍ കുരുങ്ങി വലിയ അത്യാഹിതം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ ഇതിനു വേണ്ടത്ര താല്‍പ്പര്യം കാണിക്കുകയുള്ളൂ. അങ്ങനെയുള്ള ഒരു ദുരന്തവും സംഭവിക്കാതിരിക്കട്ടെ; ഒരു ജീവനും ആപത്തു വരാതിരിക്കട്ടെ. പക്ഷേ, മുട്ടത്തറ പാലത്തിനടിയില്‍ ഒരു കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നത് ഞാന്‍ കണ്ടു. അവിടം മുഴുവന്‍ ബ്ലോക്കായി. അതിന്റെ ക്യാബിനും ബോഡിയും പ്രത്യേകമാണ്. തിരിയാന്‍ വലിയ പാടാണ്. ഇതുപോലെയുള്ള കണ്ടെയ്‌നറുകള്‍ ദേശീയപാതയില്‍ എവിടെയെങ്കിലും പോയി കുടുങ്ങിക്കിടന്നാല്‍ കംപ്ലീറ്റ് ബ്ലോക്കാകും. ഇത്തരം സാഹചര്യങ്ങളെല്ലാം പരിഹരിച്ച് വന്‍തോതില്‍ തുറമുഖത്തിന് അനുബന്ധ വികസനം നടന്നാല്‍ ലക്ഷക്കണക്കിനു തൊഴിലിന് ഇപ്പോഴും സാധ്യതയുണ്ട്. കരാറനുസരിച്ച് കണ്ടെയ്‌നര്‍ വെസ്സല്‍ മാത്രം വന്നാല്‍ മതി. ക്രൂയിസും ബങ്കറിങ്ങുമൊക്കെ അതില്‍ ഇല്ലാത്തതാണ്. അവര്‍ പക്ഷേ, എല്ലാം ചെയ്യുന്നു. കാശുണ്ടാക്കാനാണ്. നമ്മള്‍ അതു പ്രയോജനപ്പെടുത്തണം.

വൈകിപ്പിക്കാന്‍ പല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും ചൈനയാണ് അതു ചെയ്തത്. ചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല. ഏറ്റവും ഒടുവില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ടിലൂടെ അദാനിയെ അടിക്കുകയാണ്. ഇതു തുറക്കാനുള്ള ഡേറ്റ് പ്രഖ്യാപിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനിയുടെ ഓഹരിമൂല്യം കുത്തനേ ഇടിഞ്ഞു. തകര്‍ന്നുതരിപ്പണമായി. വിഴിഞ്ഞം നിന്നുപോയി എന്നു വിചാരിച്ചു. ബാക്കിയെല്ലാ കടമ്പകളും കടന്നാണ് ഇവിടെയെത്തിയത്. ഇപ്പോഴും ചൈന വിടാന്‍ തയ്യാറല്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ഉദ്ദേശ്യം അദാനിയെ പൊളിച്ചടുക്കുക എന്നായിരുന്നു. അതുവഴി അദാനി വിഴിഞ്ഞം ഉപേക്ഷിക്കും എന്ന് ചൈന കരുതി. അദാനി പോയാല്‍പ്പിന്നെ ഒരു മനുഷ്യന്‍ ഇതിലേക്കു തിരിഞ്ഞുനോക്കില്ല. മോദിയുടെ വിശ്വസ്തനു വിജയിപ്പിക്കാന്‍ കഴിയാത്ത പ്രോജക്റ്റ് ഏറ്റെടുക്കാന്‍ പിന്നെ ആരും വരില്ല. അതോടെ വിഴിഞ്ഞത്തിന്റെ കട്ടയും ബോര്‍ഡും മടങ്ങുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. ഭാഗ്യത്തിന് എങ്ങനെയോ രക്ഷപ്പെട്ടു. വേറൊരു ഇന്ത്യക്കാരനാണ് അദാനിയെ രക്ഷിച്ചത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജി.ക്യു.ജി എന്നയാളാണ് ആ സമയത്ത് അദാനി ഗ്രൂപ്പില്‍ ഫണ്ട് കൊണ്ടിട്ട് രക്ഷിച്ചത്. ഞാന്‍ പറഞ്ഞുവരുന്നത് ഇനിയും ചൈന പ്രശ്നമുണ്ടാക്കും എന്നാണ്. ഇവിടെ എന്തെങ്കിലും അട്ടിമറിയോ പ്രശ്നങ്ങളോ വര്‍ഗ്ഗീയ കലാപമോ എന്തെങ്കിലുമുണ്ടാക്കി ഈ പദ്ധതി നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. പിന്നെ, കൊളംബോയുടെ താല്‍പ്പര്യങ്ങളുമുണ്ട്. ഇതു വരാന്‍ പാടില്ലെന്നാണ് അവരുടേയും താല്‍പ്പര്യം. ഇപ്പോള്‍ കൊളംബോ വളരെ ആക്റ്റീവാണ്. എങ്ങനെയാണ് ഹോങ്കോങ് ചൈനയെ ഉപയോഗപ്പെടുത്തിക്കൊണ്ട് വളര്‍ന്നത് അതുപോലെ ഇന്ത്യയെ ഉപയോഗപ്പെടുത്തിക്കൊണ്ടു വളരാനാണ് ശ്രീലങ്കയുടെ ശ്രമം. ഈ ട്രാന്‍സ്ഷിപ്‌മെന്റ് ഇനത്തില്‍ വര്‍ഷം തോറും അവര്‍ക്കു കിട്ടുന്നത് 3000 കോടി രൂപയാണ് എന്നാണ് നമ്മുടെ റഫ് എസ്റ്റിമേറ്റ്. നിസ്സാര തുകയൊന്നുമല്ല. ഇതു നേരിട്ടുള്ള ഡോളര്‍ ആണെങ്കില്‍ അതിലൂടെ ഉണ്ടാകുന്ന തൊഴിലുകള്‍ വേറെ. അവരുടെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ന്നുപോകാന്‍ സാധ്യതയുണ്ട്, വിഴിഞ്ഞം ആക്റ്റീവാകുന്നതോടുകൂടി. അതുകൊണ്ട് അവര്‍ ഇതു തടയാന്‍ എല്ലാ പ്ലാറ്റ്‌ഫോമും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, സിംഗപ്പൂര്‍ മൈന്‍ഡ് ചെയ്തിട്ടില്ല എന്നാണ് എന്റെയൊരു കണക്കുകൂട്ടല്‍. അവരെ ബാധിക്കാന്‍ സാധ്യതയില്ല. പക്ഷേ, നമ്മുടെ എറണാകുളത്തെ കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ മുഖേന ദുബായ് ഒരുപാടു കളിച്ചിരുന്നു. അല്ലെങ്കില്‍പ്പിന്നെ ഈ 30 വര്‍ഷമൊന്നും നീളേണ്ട കാര്യമില്ലല്ലോ. എനിക്കു പറയുന്നതിന് ഒരു മടിയുമില്ല, പി. രാജീവ്, അജയ് തറയില്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഇവരെല്ലാം ഒരുമിച്ചു. എറണാകുളത്തെ ഭിത്തിയിലെല്ലാം ഇവര്‍ പോസ്റ്റര്‍ ഒട്ടിച്ചു, രാജീവിന്റേയും അജയ് തറയിലിന്റേയും ഉള്‍പ്പെടെ പേരും പടവുമുള്ള പോസ്റ്റര്‍: അതില്‍ പറയുന്നത്: ''തമിഴ്‌നാട് അതിര്‍ത്തിയിലെ വിഴിഞ്ഞം പദ്ധതി: തമിഴ്‌നാടിനു നേട്ടവും കൊച്ചിക്കു കോട്ടവും.'' അതിനുവേണ്ടി ഇവരെല്ലാം കൂടി വെബ്‌സൈറ്റുണ്ടാക്കി; ആ ക്യാംപെയ്‌നുവേണ്ടി. അവിടുത്തെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ചില ഉദ്യോഗസ്ഥന്മാരും കൂടി ചേര്‍ന്ന് വിഴിഞ്ഞത്തെ പാരവയ്ക്കാന്‍ ശ്രമിച്ചു. ദുബായ് ആയിരുന്നു അതിന്റെ പിന്നില്‍. ഈ സമയത്ത് ഞങ്ങള്‍ പോയി എം. വിജയകുമാറിനെ കണ്ടു. ''ഇതെന്തു പരിപാടിയാണ്? നിങ്ങളിവിടെ തുറമുഖ മന്ത്രി. ഇവിടെ വിഴിഞ്ഞത്തിനുവേണ്ടി നടക്കുന്നു. നിങ്ങളുടെ പാര്‍ട്ടിക്കാരന്‍ അവിടെ വിഴിഞ്ഞത്തിനെതിരെ ചെയ്യുന്നു.'' രാജീവ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്നുവെന്നു തോന്നുന്നു. അത് ഇന്റേണലി പാര്‍ട്ടിക്കകത്ത് പ്രശ്നമായിട്ട് രാജീവിനെ വിലക്കി. ആ ക്യാംപെയ്‌നിംഗ് അവസാനിച്ചു. അതായത് ചൈന, കൊളംബോ, ദുബായ് മൂന്നു പേരും വിഴിഞ്ഞത്തിനെതിരെ നീങ്ങി. എന്നെ വരെ ദുബായ് ടാര്‍ഗറ്റ് ചെയ്തു-ഏലിയാസ് ജോണ്‍ പറയുന്നു.

Tags:    

Similar News