ട്രയൽ റൺ തുടങ്ങി നാല് മാസങ്ങൾ പിന്നിട്ടു; ഒന്നിനു പിറകെ ഒന്നായി നിരനിരയായി വമ്പൻ ചരക്ക് കപ്പലുകൾ; ഇതുവരെ 46 കപ്പലുകൾ തുറമുഖത്ത് അണഞ്ഞു; സർക്കാർ ഖജനാവിലേക്ക് എത്തിയത് 7.4 കോടി രൂപയുടെ വരുമാനം; പുതിയ നേട്ടം സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം മാറുമ്പോൾ..!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് പോലെ ലോകത്തിലെ വൻകിട തുറമുഖമായി വിഴിഞ്ഞം മാറുകയാണ്. കേരളത്തിലെയും ഇന്ത്യയെയും സംബന്ധിച്ച് ഇതൊരു വലിയ അഭിമാന നിമിഷമാണ്. ഉൽഘാടനം കഴിഞ്ഞപ്പോൾ തന്നെ വലിയ നേട്ടങ്ങളാണ് വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയിരിക്കുന്നത്.
മദർ ഷിപ്പുകൾ, അഥവാ വൻകിട ചരക്ക് കപ്പലുകൾ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം ഇപ്പോൾ മാറുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയരുമ്പോൾ അത് നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ഒന്നുകൂടി വർധിക്കുകയും ചെയ്യും. അസഹിഷ്ണുതയുള്ളവരുടെ പ്രവർത്തനങ്ങൾക്കപ്പുറം നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും നിർവ്വഹണശേഷിയുമുണ്ടായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയരണമെന്ന കാര്യത്തിൽ വ്യക്തമായ നിലപാടും ഉണ്ടായിരിന്നു.
ഇപ്പോഴിതാ, കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മന്ത്രി വി എൻ വാസവനാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ട്രയൽ റൺ ആരംഭിച്ച് നാല് മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി ഇപ്പോൾ വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയിരിക്കുന്നു.
നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖ തീരത്ത് അണഞ്ഞത്. 1,00807 ടി ഇ യുവാണ് ഇവിടെ കൈകാര്യം ചെയ്തത്. ജൂലൈ മാസത്തിൽ മൂന്ന്, സെപ്റ്റംബറിൽ 12, ഒക്ടോബറിൽ 23, നവംബർ മാസത്തിൽ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം എസ് സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും വി എൻ വാസവൻ വ്യക്തമാക്കി.