ശ്രീലേഖയുടെ 'തിട്ടൂരത്തിന്' മുന്നില്‍ 'മേയര്‍ ബ്രോ' മുട്ടുമടക്കി; ശാസ്തമംഗലം വിട്ട് ഓഫീസുമായി പ്രശാന്ത് മരുതംകുഴിയിലേക്ക്! 872 രൂപ വാടകയും ബോര്‍ഡ് യുദ്ധവും എംഎല്‍എയ്ക്ക് കോട്ടമായി; കടകംപള്ളിക്ക് പകരം പ്രശാന്ത് കഴക്കൂട്ടത്തേക്കോ? ആ ഓഫീസ് വികെ പ്രശാന്ത് ഒഴിയുമ്പോള്‍

Update: 2026-01-07 04:09 GMT

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫിസിനെച്ചൊല്ലിയുള്ള നാടകീയമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസ് മാറുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായുള്ള പോര് മുറുകിയ പശ്ചാത്തലത്തില്‍, ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റാന്‍ എംഎല്‍എ തീരുമാനിച്ചു. കൗണ്‍സിലറുടെ 'തിട്ടൂരം' അനുസരിക്കില്ലെന്ന് പറഞ്ഞ പ്രശാന്ത്, ഒടുവില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഈ വിവാദം ചര്‍ച്ചയാകാതിരിക്കാനാണ് ഇത്.

ശാസ്തമംഗലം ജംക്ഷനിലെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇത് രാഷ്ട്രീയ അഹങ്കാരമാണെന്ന നിലപാടിലായിരുന്നു പ്രശാന്ത്. എന്നാല്‍, ഓഫിസ് മാറ്റം ആവശ്യപ്പെട്ടത് വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ലെന്നും സൗഹൃദപരമായ അഭ്യര്‍ത്ഥന മാത്രമാണെന്നുമാണ് ശ്രീലേഖ വിശദീകരിച്ചത്. തര്‍ക്കം മുറുകുന്നതിനിടെ എംഎല്‍എ ഓഫിസിലെ ബോര്‍ഡിന് മുകളില്‍ കൗണ്‍സിലര്‍ സ്വന്തം പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു ശ്രീലേഖ.

എംഎല്‍എയ്ക്ക് മുകളില്‍ താനാണെന്ന സന്ദേശം നല്‍കാനാണ് ശ്രീലേഖ ശ്രമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിന് പിന്നാലെ ഓഫീസ് വാടക സംബന്ധിച്ച വിവരാവകാശ രേഖകളും പുറത്തുവന്നു. ഇത് സര്‍ക്കാരിനും തിരിച്ചടിയായി. കോണ്‍ഗ്രസും പ്രശാന്തിനെതിരായ നിലപാട് എടുത്തു. 'വിവാദങ്ങള്‍ക്കില്ല, വികസനത്തിനാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്' എന്ന നിലപാടിലേക്ക് വി.കെ. പ്രശാന്ത് മാറി. നൂറുകണക്കിന് ആളുകള്‍ എത്തുന്ന എംഎല്‍എ ഓഫിസിന് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം മരുതംകുഴിയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ അപവാദം പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതായി പ്രശാന്ത് ആരോപിച്ചു.

തിരുവനന്തപുരം രാഷ്ട്രീയത്തില്‍ 'മേയര്‍ ബ്രോ' എന്നറിയപ്പെടുന്ന പ്രശാന്തും സ്വന്തം പാര്‍ട്ടിയിലെ തന്നെ കൗണ്‍സിലറും തമ്മിലുണ്ടായ ഈ 'ഓഫിസ് യുദ്ധം' വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ബിജെപി ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. പ്രശാന്തും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം കഴക്കൂട്ടത്തേക്ക് പ്രശാന്തിനെ മാറ്റുന്നതും ചര്‍ച്ചകളിലുണ്ട്. ഇതിനിടെയാണ് ഓഫീസ് ഒഴിയാന്‍ പ്രശാന്തിന് സിപിഎം നേതൃത്വം തന്നെ നിര്‍ദ്ദേശം നല്‍കിയത്.

വി.കെ. പ്രശാന്തും ആര്‍. ശ്രീലേഖയും തമ്മിലുള്ള ഓഫിസ് തര്‍ക്കം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിന്റെ ഒരു 'ട്രെയിലര്‍' ആയിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണ്ടത്. വാടകയിനത്തില്‍ 872 രൂപ മാത്രം നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ പ്രശാന്തിന്റെ 'ക്ലീന്‍ ഇമേജിന്' മങ്ങലേല്‍പ്പിക്കാന്‍ ബിജെപി ആയുധമാക്കി. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ എംഎല്‍എയായിരുന്ന പ്രശാന്തിനെതിരെ അതേ ശൈലിയിലുള്ള ഒരു പ്രമുഖ വ്യക്തിത്വത്തെ ഇറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ആലോചന. തുടക്കത്തില്‍ കടുത്ത നിലപാട് എടുത്ത വി.കെ. പ്രശാന്തിനോട് ഓഫിസ് ഒഴിയാന്‍ സിപിഎം തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വാടക വിവാദവും പെണ്ണൊരുമയും (കൗണ്‍സിലറുമായുള്ള തര്‍ക്കം) വട്ടിയൂര്‍ക്കാവില്‍ വിപരീത ഫലം ചെയ്യുമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു.

പ്രശാന്ത് സ്വന്തം നാടായ കഴക്കൂട്ടത്തേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകള്‍ ശക്തമാണ്. നിലവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമല വിവാദങ്ങളില്‍ പ്രതിക്കൂട്ടിലാകാന്‍ സാധ്യതയുള്ളതിനാല്‍, അവിടെ വിജയം ഉറപ്പിക്കാന്‍ 'മേയര്‍ ബ്രോ' എന്ന പ്രതിച്ഛായയുള്ള പ്രശാന്തിനെ കൊണ്ടുവന്നേക്കാം.

Similar News