'കണ്ണേ കരളേ വി എസ്സേ...'! വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തില്‍; ചങ്കിടിപ്പായ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍; വിടനല്‍കാന്‍ തിരമാലയായി ജനസാഗരം; വൈകാരികരംഗങ്ങള്‍
വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തില്‍
തിരുവനന്തപുരം: വിപ്ലവ സൂര്യനായ വി.എസ്. അച്യുതാനന്ദന്, ചങ്കിടിപ്പായ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കേരളം. എസ്.യു.ടി ആശുപത്രിയില്‍നിന്ന് 7.15-ഓടെ വിഎസിന്റെ മൃതദേഹം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ ഒഴുകിയെത്തിയത്. 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് തിങ്കളാഴ്ച വൈകീട്ട് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ കണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അഭിവാദ്യം അര്‍പ്പിച്ചു. മുദ്രാവാക്യം മുഴക്കിയ നൂറ് കണക്കിന് പ്രവര്‍ത്തകര്‍, കണ്ണേ കരളേ വിഎസേയെന്ന് ആര്‍ത്തുവിളിച്ചു. കേരളവും രാജ്യവും കണ്ട അതുല്യനായ കമ്യൂണിസ്റ്റാണ് വിഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. എസ്യുടി ആശുപത്രിയില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മൃതദേഹം എകെജി സെന്ററിലേക്ക് കൊണ്ടുവന്നത്. അവിടെ രാത്രി വരെ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് തിരുവനന്തപുരത്തെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.
വിഎസ് എന്ന രണ്ടക്ഷരം പോരാട്ടത്തിന്റെതായിരുന്നുവെന്നും ബാല്യകാലത്ത് തുടങ്ങിയ പോരാട്ടം രോഗശയ്യയില്‍ വരെ അദ്ദേഹം തുടര്‍ന്നുവെന്നും മുഖ്യമന്ത്രി ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് വിഎസ് വലിയ സംഭാവനകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പി കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം കുട്ടനാട് വിഎസ് നടത്തിയ പ്രവര്‍ത്തനം എക്കാലവും ഓര്‍മ്മിക്കുന്നതാണ്. പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവരുടെയും അംഗീകാരം അദ്ദേഹം നേടിയെടുത്തു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പുതിയ ഏടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ നാടിന് അദ്ദേഹം വലിയ സംഭാവന നല്‍കി. വിഎസിന്റെ മരണം സംസ്ഥാനത്ത് സിപിഎമ്മിന് വലിയ വിടവാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിന്റെ അന്ത്യം. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു