വാളയാര്‍ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരും; ആ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചത്; അവരെ സ്ഥാനാര്‍ഥിയാക്കി; ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ പൂര്‍ണ നിശബ്ദര്‍; വാളയാറില്‍ സിബിഐയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് പിണറായി; അമ്മയ്‌ക്കൊപ്പം സിപിഎം ഉണ്ടാകില്ല

Update: 2025-03-27 07:35 GMT

കോഴിക്കോട്: വാളയാര്‍ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചത്. അവരെ സ്ഥാനാര്‍ഥിയാക്കുന്ന നിലയുണ്ടായി. ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ പൂര്‍ണ നിശബ്ദരായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട്ടെ ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസം എറണാകുളത്തെ സിബിഐ കോടതി-3ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേര്‍ത്തിരുന്നു. ഇവര്‍ക്ക് സമന്‍സ് അയക്കലുള്‍പ്പെടെയുള്ളവയ്ക്കായി നടപടികള്‍ തുടരുകയാണ്.തങ്ങളെ പ്രതിചേര്‍ത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സിബിഐക്കെതിരെ ഹരജി നല്‍കിയിരുന്നു. കുറ്റപത്രം റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. സിബിഐ അന്വേഷണത്തില്‍ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ്. സിബിഐ അധികാര ദുര്‍വിനിയോഗം നടത്തി. മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കള്‍ പറയുന്നു. അതിനിടെയാണ് മുഖ്യമന്ത്രി തന്നെ കുടുംബത്തിനെതിരെ നിലപാട് പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥി എന്ന പരാമര്‍ശത്തിലൂടെ ആരാണ് പ്രതിയെന്നും പറഞ്ഞു വയ്ക്കുകയാണ് പിണറായി. ഇതോടെ സിബിഐ കണ്ടെത്തിലനൊപ്പമാണ് സര്‍ക്കാരുമെന്ന് വ്യക്തമാകുകയാണ്.

മാധ്യമസ്ഥാപനങ്ങളിലും മാധ്യമപ്രവര്‍ത്തനത്തിലും കോര്‍പറേറ്റ് വല്‍ക്കരണം നടക്കുന്ന കാലഘട്ടത്തില്‍ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അതേ ചടങ്ങില്‍ പറഞ്ഞു. നാടിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ദേശാഭിമാനി എല്ലാകാലത്തും പ്രവര്‍ത്തിച്ചുണ്ട്. അതിന്റെ ഭാഗമായി വിലക്കുകളും വിലങ്ങുകളും ഉണ്ടായെങ്കിലും അതെല്ലാം തട്ടിതെറിപ്പിച്ചുകൊണ്ടു തന്നെയാണ് ദേശാഭിമാനി വിട്ടുവീഴ്ചയില്ലാതെ അതിന്റെ ശബ്ദം എല്ലാഘട്ടത്തിലും ഉയര്‍ത്തിയിട്ടുള്ളത്. കല്ല് അച്ച് സംവിധാനത്തില്‍ നിന്ന് ആധുനിക സാങ്കേതിക വിദ്യയുടെ അച്ചടി സംവിധാനത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് ദേശാഭിമാനി. ഒന്നില്‍ നിന്ന് 10 എഡിഷനിലേക്കായി ദേശാഭിമാനി വളര്‍ന്നിരിക്കയാണ്. ഇന്ന് ഓണ്‍ലൈന്‍ വാര്‍ത്താ പ്രസദ്ധീകരണത്തിലേക്കും ദേശാഭിമാനി വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രിന്റ് മീഡിയയില്‍ നിന്ന് ഈ പേപ്പറിലേക്കും പതിനായിരകണക്കിന് കോപ്പികളില്‍ നിന്നും ലക്ഷകണക്കിന് കോപ്പികളിലേക്കും ദേശാഭിമാനി വളര്‍ന്നിരിക്കുന്നു.

മാറുന്ന കാലത്ത് വലിയതോതില്‍ ദേശാഭിമാനിയുടെ പ്രസക്തി വര്‍ധിക്കുകയാണ്. നമ്മുടെ പുരോഗമന സംസ്‌കാരത്തിന് ഇടിവു വരുത്താന്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. നിര്‍ഭാഗ്യവശാല്‍ പലമാധ്യമങ്ങളും എഴുത്തുകാരും അത്തരം ശ്രമങ്ങളുടെ ഭാഗമാകുകയാണ്. പുരോഗമനമെന്നത് നിരന്തരം നവീകരിക്കുകയും അങ്ങിനെ കാലത്തേയും സമൂഹത്തെയും മുന്നോട്ട് കൊണ്ട് പോകുന്ന പ്രക്രിയയാണ്. ആ രീതിയില്‍ സ്വയം നവീകരിക്കുന്നതിനും മുന്നേറുന്നതിനുമാകട്ടെ ശരിയായ വിവരങ്ങളും വസ്തുതകളുമൊക്കെ വേണ്ടതായിട്ട്. അങ്ങിനെയുള്ള വിവരങ്ങള്‍ വായനക്കാരിലേക്കെത്തിക്കുക ഇതാണ് ദേശാഭിമാനി ചെയ്യുന്നത്. പലരും പറയാത്തതും മറച്ചുവക്കുന്നതുമായ സത്യങ്ങള്‍ ദേശാഭിമാനി ജനങ്ങളെയും നാടിനെയും അറിയിക്കുന്നു. തങ്ങള്‍ക്ക് ഹിതമായത് മാത്രം അറിയിക്കുന്ന മാധ്യമങ്ങള്‍ വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെ ഹനിക്കുകയാണെനനും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ മാധ്യമ രംഗം മുഴുവനും വലിയ കോര്‍പറേറ്റുകളുടെ പിടിയിലായിരിക്കുകയാണ്. രാജ്യത്തെ വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനത്തിന്റെ കീഴില്‍ 28 എക്‌സ്‌ക്ലൂസീവ് മാധ്യമ സ്ഥാപനങ്ങളുണ്ട്. നിഷ്പക്ഷമെന്ന് കരുതിപോന്ന എന്‍ഡിടിവി വരെ കോര്‍പറേറ്റ് പിടിയിലൊതുങ്ങിയിരിക്കുന്നു. ഇങ്ങിനെയൊരു കാലഘട്ടത്തില്‍ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് വാളയാറിലും മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പുണ്ടെന്ന് പിണറായി പറഞ്ഞു വയ്ക്കുന്നത്. മക്കളുടെ കൊലപാതകികളെ കണ്ടെത്തുന്നതുവരെ എന്ത് ത്യാഗം സഹിച്ചും പോരാടുമെന്ന് വാളയാര്‍ കുട്ടികളുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുകയാണ് സിബിഐ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ഇത്രയുംകാലം പോലീസ് കേസന്വേഷിച്ചിട്ടും മാതാപിതാക്കള്‍ക്കെതിരേ അന്വേഷണം വന്നിട്ടില്ല. പ്രതികളെ എത്രയും വേഗം പിടികൂടാനാണ് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടത്. എന്നാല്‍, സിബിഐ ഞങ്ങള്‍ക്കെതിരേ കുറ്റപത്രം തയ്യാറാക്കിയെന്നതാണ് അവരുടെ പരാതി.

ജയിലിലാകേണ്ടിവന്നാല്‍ കുടുംബത്തോടെ ആത്മഹത്യചെയ്യുമെന്നാണ് എല്ലാവരും കരുതുന്നതെങ്കില്‍ അങ്ങനെ ചെയ്യില്ലെന്നും ജയിലില്‍ കിടക്കേണ്ടിവന്നാലും യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തുംവരെ കാത്തിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി തന്നെ വാളയാറിലെ പ്രതികള്‍ ആരെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്ന് പറഞ്ഞ് സിബിഐയെ ന്യായീകരിക്കുന്നത്.

Tags:    

Similar News