മുന്‍കാല പ്രാബല്യം ഇല്ലാത്ത വഖഫ് നിയമം എങ്ങനെ മുനമ്പത്തെ പ്രശ്‌നം തീര്‍ക്കും? നിയമത്തിലെ സെക്ഷന്‍ 2 എയില്‍ ഭേദഗതിയില്‍ മുനമ്പത്തെ പ്രശ്‌നം തീരും; സൊസൈറ്റികള്‍ക്ക് കൊടുത്ത ഭൂമി വഖഫാകില്ലെന്ന നിര്‍ദേശം മുനമ്പം നിവാസികള്‍ക്ക് തുണയാകും; കേന്ദ്രം നിയമം പാസാക്കിയതോടെ ഇനി പ്രവര്‍ത്തിക്കേണ്ടത് പിണറായി സര്‍ക്കാര്‍

മുന്‍കാല പ്രാബല്യം ഇല്ലാത്ത വഖഫ് നിയമം എങ്ങനെ മുനമ്പത്തെ പ്രശ്‌നം തീര്‍ക്കും?

Update: 2025-04-06 06:30 GMT

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത് ഇന്നലെ രാത്രിയാണ്. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതികരിച്ചു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പു വയ്ക്കുന്നത്.

വഖഫ് ബില്‍ നിയമം ആയതോടെ മുനമ്പം നിവാസികളുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുകയാണ്. നിയമത്തില്‍ പാസാക്കിയ വഖഫ് ആക്ടിന്റെ രണ്ടാം സെക്ഷനിലെ ഭേദഗതിയാണ് മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കുക. ഇതാണ് മുനമ്പകാര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ അഡ്വ. ഷോണ്‍ ജോര്‍ജ്ജും വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി ഭൂമി വഖഫ് നല്‍കുമ്പോള്‍ അതിന് കണ്ടീഷന്‍ പാടില്ലെന്നാണ് വ്യക്തമാകകുന്നത്. കൂടാതെ സൊസൈറ്റികള്‍ക്കായി നല്‍കിയാല്‍ അത് വഖഫ് ആകില്ല. മുനമ്പത്തെ ഭൂമി ഫറൂഖ് കോളേജിന് വിദ്യാഭ്യാസ ആവശ്യത്തിന് ഉുപയോഗിക്കാന്‍ എന്ന നിര്‍ദേശത്താലാണ് സിദ്ധിഖ് സേട്ടു നല്‍കിയത്. അങ്ങനെ വരുമ്പോള്‍ ഇത് വഖഫ് ഭൂമിയായില്ലെന്നതാണ് ഷോണ്‍ ചൂണ്ടിക്കാട്ടിയ വാദം. ഇതാണ് മുനമ്പത്തുകാര്‍ക്ക് പ്രതീക്ഷക്ക് ഇട നല്‍കുന്ന കാര്യം.

ജെപിസി റിപ്പോര്‍ട്ടിലെ 144-ാം പേജില്‍ വഖഫ് ആക്ടിന്റെ രണ്ടാം സെക്ഷനോടു കൂട്ടിച്ചേര്‍ക്കാനായി ഒരു പ്രൊവീസോ നിര്‍ദേശിക്കുന്നുണ്ട്. പുതിയ പ്രൊവീസോ മുന്നോട്ടു വയ്ക്കുന്ന ഒഴിവാക്കല്‍ നിര്‍ദേശമാണ് മുനമ്പംകാരുടെ പരിഹാരം. സെക്ഷന്‍ 2 എയില്‍ പാര്‍ലമെന്റ് പാസാക്കിയ ആ ഭേദഗതിയോടെ മുനമ്പംകാരുടെ പ്രശ്‌നം ഇനി സത്വരമായും ശാശ്വതമായും പരിഹരിക്കപ്പെടും.


Full View

പരിഷ്‌കരിച്ച നിയമത്തിലെ രണ്ടാം സെക്ഷന്റെ കീഴില്‍ താഴെപ്പറയുന്ന വ്യവസ്ഥകൂടി ഉണ്ട്: 'ഏതെങ്കിലും കോടതിവിധി, ഡിക്രി, ഉത്തരവ് എന്നിവ നിലവിലുണ്ടായാല്‍പോലും, ഈ നിയമം വരുന്നതിന് മുമ്പോ ശേഷമോ നിയമാനുസരണം രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രസ്റ്റുകള്‍ക്കോ (അത് എന്തു പേരില്‍ അറിയപ്പെട്ടാലും) ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി ബോഡിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ധര്‍മസ്ഥാപനങ്ങള്‍ക്കോ ഒരു മുസ്ലിം നല്‍കിയ/നല്‍കുന്ന സമര്‍പ്പണത്തിന് - അതിന്റെ ഉദ്ദേശ്യം വഖഫിലേതുപോലെ മതപരം, ജീവകാരുണ്യപരം, ഭക്തിപരം എന്നിവ ആയിരുന്നാല്‍പോലും-വഖഫ് നിയമം ബാധകമായിരിക്കുന്നതല്ല.'

ഇതു പ്രകാരം, വഖഫിനു സമാനമായ രീതിയില്‍ മുസ്ലിം പൗരന്മാര്‍ എന്തെങ്കിലും സമര്‍പ്പണങ്ങള്‍ അത്തരം ട്രസ്റ്റ് / സൊസൈറ്റി / മറ്റ് സ്റ്റാറ്റ്യൂട്ട് പ്രകാരം നിലവിലുള്ള സ്ഥാപനങ്ങള്‍ എന്നിവയിലാണ് നടത്തിയിട്ടുള്ളതെങ്കില്‍ അവയെല്ലാം മുന്‍കാല പ്രാബല്യത്തോടെ തന്നെ വഖഫ് ആക്ടിന്റെ പരിധിക്ക് പുറത്തായിരിക്കും. ഇവിടെയാണ് ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കിലും വ്യവസ്ഥകളിലേക്ക് കടക്കുമ്പോള്‍ മുന്‍കാല പ്രാബല്യം വരുന്നത്.

പുതിയ നിയമ പാസായതോടെ്, വഖഫ് ബോര്‍ഡിന് അത്തരം വസ്തുക്കളില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. ഇതാണ് പുതിയ നിര്‍ദേശത്തിന്റെ ഉള്ളടക്കം. ഷിയാ മുസ്ലിംകളിലെ ന്യൂനപക്ഷ വിഭാഗമായ ദാവൂദി ബോറാ സമുദായാംഗങ്ങളുടെ അഭ്യര്‍ഥനയാണ് രണ്ടാം സെക്ഷനില്‍ പുതിയ ഈ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ ജെപിസിയെ പ്രേരിപ്പിച്ചത്.

വഖഫ് ആക്ടിന്റെ 13-ാം സെക്ഷന്‍ ഭേദഗതി വരുത്തി, ഷിയാ വഖഫ് ബോര്‍ഡ്, സുന്നി വഖഫ് ബോര്‍ഡ് എന്നീ രണ്ടു സ്വതന്ത്ര ബോര്‍ഡുകള്‍ക്കു പുറമേ ബോറാ വഖഫ് ബോര്‍ഡ്, അഗാഖാനീ വഖഫ് ബോര്‍ഡ് എന്നിവ കൂടി സൃഷ്ടിക്കാനുള്ള ഭേദഗതി ബില്ലിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബോറാ സമൂഹം ജെപിസിക്കു മുമ്പില്‍ തങ്ങളുടെ സ്വത്വ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി, തങ്ങളുടെ പാരമ്പര്യപ്രകാരം മതപരമോ ജീവകാരുണ്യപരമോ ഭക്തിപരമോ ആയ സമര്‍പ്പണങ്ങള്‍ ട്രസ്റ്റിന്റെ രൂപത്തില്‍ ഒരു ആത്മീയ നേതാവിന്റെ കീഴിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നു വ്യക്തമാക്കിയത്.

ഇതിന്റെ വെളിച്ചത്തിലാണ് പാര്‍ലമെന്ററി കമ്മിറ്റി ഇത്തരം ഒരു വ്യവസ്ഥ രണ്ടാം സെക്ഷന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പക്ഷേ, അത് ബോറാ കമ്യൂണിറ്റിക്കു മാത്രമല്ല, എല്ലാ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ബാധമാക്കി എന്നിടത്താണ് മുനമ്പത്ത് അടക്കം പ്രതീക്ഷ എത്തുന്നത്. പുതിയ നിയമത്തോടെ ഫറൂഖ് കോളജിനും അതിലൂടെ മുനമ്പത്തുകാര്‍ക്കും തികച്ചും അനുകൂലമായ സാഹചര്യമാണ് വന്നുചേരുന്നത്.

ഇന്ത്യയില്‍ 1860ല്‍ നിലവില്‍ വരുകയും 1960ല്‍ ഭേദഗതി ചെയ്യപ്പെടുകയും ചെയ്ത സൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമത്തിനു കീഴിലാണല്ലോ ഫാറൂഖ് കോളജ് ഒരു സൊസൈറ്റിയായി ആരംഭകാലം മുതലേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ആ കോളജിന്റെ പേരില്‍ 1950ല്‍ സിദ്ദിഖ് സേട്ടു എഴുതി നല്‍കിയ ഭൂമി വഖഫ് ആണെന്ന് വഖഫ് ബോര്‍ഡും വഖഫ് അല്ലെന്ന് ഫാറൂഖ് കോളജും മുനമ്പംകാരും നിലപാടെടുത്തിരിക്കുന്നു. ഇതു സംബന്ധിച്ച കേസ് വഖഫ് ട്രൈബ്യൂണലില്‍ നടക്കുകയാണ്.

ട്രൈബ്യൂണലില്‍ പെന്‍ഡിങ് ആയ കേസിന് 2 എ ബാധകമാകില്ല എന്നു ചിലര്‍ വാദിക്കുന്നുണ്ട്. അത് തികച്ചും യുക്തിരഹിതമായ ഒരു വാദമാണെന്ന് 'ഏതെങ്കിലും കോടതിവിധി, ഡിക്രി, ഉത്തരവ് എന്നിവ നിലവിലുണ്ടായാല്‍പോലും' എന്ന പ്രൊവിസോയിലെ ക്ലോസ് വ്യക്തമാക്കുന്നു. സിദ്ധിഖ് സേട്ടു നല്‍കിയ ഭൂമി ഫാറൂഖ് കോളജ് എന്ന സൊസൈറ്റിയുടെ സ്വകാര്യ ഭൂമിയായി മാത്രമേ ആരംഭം മുതല്‍ പരിഗണിക്കപ്പെടുകയുള്ളൂ.

അത് വഖഫ് ആയിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, 1950ലെ ഡീഡ വെളിവാക്കുന്നതുപോലെ തന്നെ, ഫാറൂഖ് കോളജിന് ക്രയവിക്രയ സര്‍വസ്വാതന്ത്ര്യമുള്ള ഒരു വസ്തുവാണ് നിലവിലുള്ള 114 ഏക്കര്‍ കരയും 60 ഏക്കര്‍ വെള്ളവും. അത് വഖഫാണ് എന്ന ബോര്‍ഡിന്റെ അവകാശത്തിന് അറുതിവരുത്തുന്ന ഭേദഗതിയാണ് പാര്‍ലമെന്റില്‍ പാസായതും രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചതും. പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ വകുപ്പാണ് തുടര്‍ കാര്യങ്ങള്‍ തീരമാനിക്കേണ്ടത്. അതിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് അറിയേണ്ട കാര്യം.

അതേസമയം മുനമ്പത്തുകാര്യം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു മനമ്പം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാസം ഒന്‍പതിന് എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കുന്ന അദ്ദേഹം മുനമ്പം ജനതയെ അഭിസംബോധന ചെയ്യും. വഖഫ് അധിനിവേശത്തിനെതിരേ മുനമ്പം ജനത നടത്തിയ പോരാട്ടം രാജ്യമാകെ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കവേ റിജിജു, കേന്ദ്ര സര്‍ക്കാര്‍ മുനമ്പം ജനതയ്ക്കൊപ്പമാണെന്നു വ്യക്തമാക്കി.

മുനമ്പം ജനതയുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം വഖഫ് ഭേദഗതി ബില്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും മറ്റ് എന്‍ഡിഎ നേതാക്കളും മന്ത്രിക്കൊപ്പം മുനമ്പത്തെത്തും.

മുനമ്പത്തെ അറുനൂറോളം കുടുംബങ്ങളാണ് വഖഫ് അനിധിവേശ ഭീഷണി നേരിടുന്നത്. വഖഫ് ഭേദഗതി ബില്‍ പരിശോധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയും മുനമ്പത്തുകാര്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. മുനമ്പം പ്രശ്‌നംപരിഹരിക്കാന്‍ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണയ്ക്കണമെന്നു കെസിബിസിയും സിബിസിഐയും ഉള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അതിനോടു മുഖംതിരിഞ്ഞു നില്‍ക്കുകയായിരുന്നു കേരളത്തിലെ ഇടത്-വലതു മുന്നണികള്‍. കെസിബിസി പ്രസ്താവനയെ ആദ്യം സ്വാഗതം ചെയ്ത കേന്ദ്ര മന്ത്രിമാരിലൊരാളാണ് റിജിജു.

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയൊഴികെ മറ്റാരും ബില്ലിനെ പിന്തുണച്ചില്ല. ഇടത്-വലതു മുന്നണി എംപിമാര്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. മുനമ്പത്ത് എ്ത്തുന്ന കേന്ദ്രമന്ത്രി പുതിയ വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തുകാരുടെ പ്രശ്‌നം തീര്‍ക്കുക എന്ന് സമരക്കാരെ അറിയിക്കും.

Tags:    

Similar News