തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കിടെ കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ. അജിത പ്രസിഡന്റ്; പുതിയ ഭരണ സമിതി വരുന്നതു വരെ അധികാരത്തില്‍ തുടരാം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അത്യപൂര്‍വം: ഇത് ചരിത്രത്തില്‍ ഇടം നേടും

കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Update: 2025-11-19 15:22 GMT

പത്തനംതിട്ട: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തു. പത്തനംതിട്ട കോയിപ്രം ബ്ലോക്കിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ തീരുമാനം അത്യപൂര്‍വവും ചരിത്രത്തില്‍ ഇടം നേടുന്നതുമാണ്.

കോണ്‍ഗ്രസ് അംഗം കെ. അജിതയാണ് പുതിയ കോയിപ്രം ബ്ലോക്ക് പ്രസിഡന്റ്. പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്നതു വരെ തുടരും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നുവെന്ന അപൂര്‍വതയും ഇതിനുണ്ട്. നിരവധി രാഷ്ട്രീയ അട്ടിമറികള്‍ നടന്ന് നേരത്തേ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു കോയിപ്രം. ഏറ്റവുമൊടുവിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ കോയിപ്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.

ഈ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എല്ലാവരും സജീവമായി മത്സര രംഗത്തേക്ക് ഇറങ്ങുമ്പോഴാണ് 20 ദിവസം മുന്‍പ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന ഒഴിവ് നികത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ യോഗം ചേര്‍ന്നത്. എല്‍.ഡി.എഫ് ബഹിഷ്‌കരിച്ച യോഗത്തില്‍ കോണ്‍ഗ്രസിലെ കെ. അജിതയെ പ്രസിഡന്റായി. പുതിയ ഭരണ സമതി അധികാരത്തില്‍ വരും വരെ ഇവര്‍ക്ക് തുടരാന്‍ കഴിയും.

എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫില്‍ എത്തിയ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ഫിലിപ്പ് രാജി വച്ചതോടെയാണ് ഒഴിവ് വന്നത്.

യു.ഡി.എഫില്‍ നിന്നും തിരികെ എല്‍.ഡി.എഫില്‍ എത്തിയ സൂസന്‍ പ്ലാങ്കമണ്ണില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് വീണ്ടും മത്സരിക്കുന്നുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിച്ച് സി.പി.എമ്മില്‍ നിന്ന് രാജി വച്ച് യു.ഡി. എഫിന് ഒപ്പം ചേര്‍ന്ന് സൂസന്‍ ഫിലിപ്പ് പ്രസിഡന്റാവുകയായിരുന്നു. അയിരൂര്‍ ഇടക്കാട് ഡിവിഷന്‍ പ്രതിനിധി ആയിരുന്നു. കുറുമാറ്റത്തിലൂടെ എല്‍.ഡി.എഫ് നേടിയ ഭരണം ഇതേ നാണയത്തില്‍ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തിലാണ് യു.ഡി എഫ്. കഴിഞ്ഞ മാര്‍ച്ചില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എല്‍.ഡി.എഫ്.പ്രതിനിധികളായിരുന്ന പ്രസിഡന്റ് കെ.കെ.വത്സല, വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി എന്നിവര്‍ അവിശ്വാസത്തിലൂടെ പുറത്തായി. അന്ന് അവിശ്വാസത്തെ പിന്തുണച്ച എല്‍.ഡി.എഫ് അംഗം സൂസനെ യു.ഡി.എഫ് പ്രസിഡന്റാക്കി. യു.ഡി.എഫ്. കൊണ്ടു വന്ന അവിശ്വാസത്തെ പിന്തുണച്ച ഇവരെ സി.പി.എം. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. യു.ഡി.എഫിനൊപ്പം ചേര്‍ന്ന സൂസന് എതിരെ വിപ്പ് ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിയുണ്ട്. ഇതില്‍ നിന്നും ഒഴിവാകാന്‍ കൂടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സൂസന്‍ പ്രസിഡന്റ് സ്ഥാനം രാജി വച്ചത് എന്നും പറയുന്നു.

എല്‍.ഡി.എഫ് വിട്ടു ചെന്ന സൂസന് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍, അവസാന നിമിഷം യു.ഡി.എഫ് ഇതില്‍ നിന്ന് പിന്നോട്ട് പോയതാണ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്ക് കാരണമായതെന്നും പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്് കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് മികച്ച മാര്‍ജിനിലാണ് കോയിപ്രം ബ്ലോക്ക് ഭരണം പിടിച്ചത്. ജിജി ജോണ്‍ മാത്യു ആയിരുന്നു ആദ്യ പ്രസിഡന്റ്. അധികം വൈകാതെ കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരി എല്‍.ഡി.എഫിലേക്ക് കൂറുമാറി. തുടര്‍ന്ന് അവതരിപ്പിച്ച അവിശ്വാസത്തില്‍ യു.ഡി. എഫിന് ഭരണം നഷ്ടമായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണ്ണി പ്ലാച്ചേരിയെ അയോഗ്യനാക്കി. അങ്ങനെ നിരവധി സംഭവങ്ങള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ അവസാന സമയം വീണ്ടും പുതിയ പ്രസിഡന്റിനെ കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News