ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നില്ല; പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ വ്യാജം; പ്രചരിച്ചത് റഫാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്‍മിത ചിത്രങ്ങള്‍; വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ചൈനയുടെ നീക്കം ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ വിപണി സാധ്യത തകര്‍ക്കാന്‍; ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം ശരിവച്ച് യു എസ് റിപ്പോര്‍ട്ട്

Update: 2025-11-19 13:03 GMT

പാരീസ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന പ്രചാരണത്തിന് പിന്നില്‍ ചൈനയെന്ന് യു എസ് റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എഐ നിര്‍മിത ചിത്രങ്ങളും വിവരങ്ങളുമുപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം റഫാല്‍ വിമാനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ ചൈന എംബസികളെ ഉപയോഗിച്ചെന്ന ഫ്രഞ്ച് സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം ശരിവയ്ക്കുന്നതാണ് യു എസ് റിപ്പോര്‍ട്ട്. ഫ്രാന്‍സിന്റെ പ്രധാന യുദ്ധവിമാനത്തിന്റെ വില്‍പ്പനയും പ്രശസ്തിയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ചൈനയുടെ വിദേശ എംബസികളിലെ ഡിഫന്‍സ് അറ്റാഷെമാരാണ് റഫാല്‍ വില്‍പ്പനയെ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനമായ റഫാല്‍ ഇതിനകം ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളെ, പ്രത്യേകിച്ച് ഇന്‍ഡോനീഷ്യയെ, കൂടുതല്‍ വാങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കുകയും പകരം ചൈനീസ് നിര്‍മിത വിമാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും അവര്‍ ശ്രമിച്ചു' എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളടക്കം ഉപയോഗിച്ചിരുന്നു. പാകിസ്താന്‍ ചൈനീസ് വിമാനങ്ങളും ആയുധങ്ങളും ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് തങ്ങളുടെ ആയുധ വ്യാപാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ചൈന ഇത്തരത്തില്‍ എംബസികളെ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

ഈ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ ( US-China Economic and Security Review Commission) യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. റഫാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്‍മിത ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍, ഫ്രഞ്ച് വിമാനങ്ങളെ നശിപ്പിച്ചതായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചത്.

ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനത്തിന്റെ ആഗോള വിപണി സാധ്യതകളെ തകര്‍ക്കുക എന്നതായിരുന്നു ബീജിങ്ങിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ചൈനയുടെ യുദ്ധവിമാനമായ ജെ-35ന്റെ വിപണി സാധ്യതകള്‍ വര്‍ധിപ്പിക്കാനും ശ്രമിച്ചു. നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലില്ലാതെ ഭൗമരാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമാണിതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് ചൈനയുടെ ഗ്രേ സോണ്‍ തന്ത്രത്തിന്റെ (Grey Zone strategy) ഭാഗമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യാ ചൈന ബന്ധത്തേപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി എസ്.സി.ഒ ഉച്ചകോടിക്കായി ചൈനയിലെത്തിയത് ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം നികുതിയുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷത്തിനിടെ മൂന്ന് റഫാലുകള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. മൂന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഫ്രഞ്ച് വ്യോമസേനാ മേധാവി ജനറല്‍ ജെറോം ബെല്ലാഞ്ചര്‍ പറഞ്ഞതെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ റഫാലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന പാക്കിസ്ഥാനെ ഉപയോഗിച്ചുള്ള ചൈനീസ് പ്രചാരണം ഈ യുദ്ധവിമാനം വാങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇവയുടെ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതായി ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

കൃത്രിമ ചിത്രങ്ങള്‍, എഐ ഉപയോഗിച്ച് നിര്‍മിച്ച ഉള്ളടക്കങ്ങള്‍, കമ്പ്യൂട്ടര്‍ ഗെയിമുകളിലെ ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ വ്യാജ പ്രചാരണങ്ങള്‍ക്ക് ചൈന ഉപയോഗിച്ചു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സമയത്ത് പുതുതായി സൃഷ്ടിച്ച ആയിരത്തിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചൈനീസ് സാങ്കേതികവിദ്യയുടെ മികവിനെക്കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിച്ചതായും ഫ്രഞ്ച് ഗവേഷകര്‍ പറഞ്ഞു.

ചൈനീസ് എംബസി ഡിഫന്‍സ് അറ്റാഷെമാര്‍ മറ്റ് രാജ്യങ്ങളിലെ സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കഥകള്‍ ആവര്‍ത്തിച്ചെന്നും ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ റഫാലുകള്‍ മോശം പ്രകടനം കാഴ്ചവെച്ചെന്ന് അവര്‍ വാദിക്കുകയും ചൈനീസ് നിര്‍മിത ആയുധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

റഫാലുകള്‍ ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളെയും ഇനി വാങ്ങാന്‍ സാധ്യതയുള്ള മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ഡിഫന്‍സ് അറ്റാഷെമാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു. ഇത്തരത്തില്‍ ചൈന സമീപിച്ച രാജ്യങ്ങളില്‍ നിന്നാണ് കൂടിക്കാഴ്ചകളെ കുറിച്ചുംമറ്റും വിവരങ്ങള്‍ ലഭിച്ചതെന്നും ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏപ്രിലില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് മാസത്തിലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചു. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നത് കൂടുതലും ചൈനയുടെ ആയുധങ്ങളായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ സൈനിക നില മെച്ചപ്പെട്ടതിന് പിന്നാലെ ചൈന വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ ആയുധങ്ങളുടെ മേന്മ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായി ചൈന വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തുവെന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് ഓഗസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News