കാമ്പസിലെ ഖബറിനെ പള്ളിയാക്കി മാറ്റി കോളജ് തങ്ങളുടേതെന്ന് വഖഫ് ബോര്‍ഡ്; വാരാണസിയിലെ 115 വര്‍ഷം പഴക്കമുള്ള ഉദയ് പ്രതാപ് കോളജും നിയമക്കുരുക്കില്‍; ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍; മുനമ്പം ഒറ്റപ്പെട്ടതല്ല; രാജ്യത്തിന്റെ നൂറിലേറെ ഭാഗങ്ങളില്‍ വഖഫ് തര്‍ക്കം രുക്ഷം

കാമ്പസിലെ ഖബറിനെ പള്ളിയാക്കി മാറ്റി കോളജ് തങ്ങളുടേതെന്ന് വഖഫ് ബോര്‍ഡ്

Update: 2024-12-03 17:55 GMT

ലഖ്നൗ: മുനമ്പത്തെ വഖഫ് സമരം ഒറ്റപ്പെട്ടതല്ല എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. വാരാണസിയില്‍ 115 വര്‍ഷത്തെ പാരമ്പര്യമുള്ള കോളജിന്മേല്‍ അവകാശവാദമുന്നയിച്ച് ലഖ്നൗ വഖഫ് ബോര്‍ഡ് രംഗത്ത് എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. വാരാണസിയിലെ പുരാതനമായ ഉദയ് പ്രതാപ് കോളജിന്മേലാണ് അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചതിനെതിരെ, ഇന്നലെ ഹനുമാന്‍ ചാലിസ ചൊല്ലി വിദാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷം സാധ്യത നിലനില്‍ക്കയാണ്.

500 ഏക്കറിലാണ് കോളജ് കാമ്പസ് നിലനില്‍ക്കുന്നത്. ഡിഗ്രി കോളജ്, ഇന്റര്‍ കോളജ്, റാണി മുരാര്‍ ബാലിക, രാജര്‍ഷി ശിശുവിഹാര്‍, രാജര്‍ഷി പബ്ലിക് സ്‌കൂള്‍ തുടങ്ങിയവ ഇതേ കാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വളരെ പ്രശസ്തമായ കോളജ് ആണിത്. ലഖ്നൗ കേന്ദ്രമാക്കിയ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, കോളജ് മാനേജ്‌മെന്റിന് 2018-ലാണ് ആദ്യം നോട്ടീസ് അയച്ചത്. അന്ന് കോളജ് മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും നോട്ടീസ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങിയത്.

കാമ്പസില്‍ ഒരു ഖബര്‍ ഉണ്ട്. ഇത് പള്ളിയാണെന്നും അതിനാല്‍ വഖഫ് ഭൂമിയാണെന്നുമാണ് വഖഫ് ബോര്‍ഡ് പറയുന്നത്. തര്‍ക്ക സ്ഥലത്ത് പള്ളിയല്ല, ശവകുടീരമാണുള്ളതെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടും വഖഫ് അവകാശവാദം തുടരുകയാണ്. നൂറ്റാണ്ട് മുമ്പ് കോളജിനായി വിട്ടുതന്ന സ്ഥലത്തെ ഖബര്‍ ആണ് ഇതെന്നും ഇവിടെ യാതൊരു ആരാധനയും നടക്കാറില്ലെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.

കോളേജ് ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് ഹനുമാന്‍ ചാലിസ ചൊല്ലി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഖബര്‍ മുതല്‍ കോളേജിന്റെ പ്രധാന ഗേറ്റ് വരെ പോലീസിനെ വിന്യസിച്ചു. ക്ഷേത്രത്തിന് സമീപം ഹനുമാന്‍ ചാലിസ ചൊല്ലരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഡോ.എസ്.ചന്നപ്പയും ഡിസിപി വരുണജോണ്‍ ചന്ദ്രകാന്ത് മീണയും വിദ്യാര്‍ത്ഥി നേതാക്കളുമായി ചര്‍ച്ച നടത്തി. വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തില്‍ വിദ്യാര്‍ഥി നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി. വഖഫ് ബോര്‍ഡിന്റെ അവകാശവാദം നിരസിച്ച യുപി കോളേജ് ഭരണസമിതി 1909-ല്‍ ട്രസ്റ്റ് ഭൂമി ഏറ്റെടുത്തതാണെന്ന് വ്യക്തമാക്കിയിരുന്നു. ട്രസ്റ്റ് രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല.

നൂറുകണക്കിന് കേസുകള്‍

തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും, യുപിയിലും, മധ്യപ്രദേശിലൂമൊക്കെയായി നൂറുകണക്കിന് കേസുകളാണ് ഇപ്പോള്‍ വഖഫിന്റെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നതിനു മുമ്പ് പരമാവധി ഭൂമിയുടെ രേഖകളില്‍ വഖഫിന്റെ പേരുള്‍പ്പെടുത്താനുള്ള ആസൂത്രിത നീക്കം രാജ്യവ്യാപകമായി നടക്കുന്നതായി പരാതിയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കര്‍ണ്ണാടകയിലെ വിജയ്പുര. ഇവിടെ കൃഷിഭൂമി ഒറ്റ രാത്രി കൊണ്ട് വഖഫിന്റെ പേരിലാക്കിയതിനു തെളിവുകളാണ് പുറത്തുവന്നിരുന്നത്. വിജയപുരയിലെ ഹാന്‍വോഡില്‍ കര്‍ഷകരുടെ 1,500 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിനു വിട്ടുകൊടുക്കണമെന്ന് സര്‍ക്കാര്‍, നോട്ടീസ് നല്കിയതിനെതിരേ സമരം കനക്കുന്നതിനിടെയാണ് റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തതു പുറത്തുവന്നത്.




കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിജയപുരയിലെ 44 സ്വത്തുക്കളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേരുള്‍പ്പെടുത്തിയെന്നു കാണിക്കുന്ന റവന്യൂ രേഖകള്‍ സിഎന്‍എന്‍-ന്യൂസ് 18 ചാനല്‍ പുറത്തുവിട്ടിരുന്നു. ഇന്‍ഡി താലൂക്കിലെ നാല്പത്തൊന്നും ചടച്ചന്‍ താലൂക്കിലെമൂന്നും വസ്തുക്കളുടെ ഉടമസ്ഥതയിലുള്ള ആര്‍ടിസിയിലാണ് വഖഫ് ബോര്‍ഡിന്റെ പേരു ചേര്‍ത്തിട്ടുള്ളത്. മുന്നറിയിപ്പൊന്നുമില്ലാതെ ഭൂരേഖകള്‍ മാറ്റിയത് കര്‍ഷകരെ വലച്ചിരിക്കുകയാണ്. കര്‍ണാടക വഖഫ് മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസത്തിനുള്ളിലാണ് ഈ തിരിമറി. വഖഫ് ബോര്‍ഡിന്റെ പേര് ആര്‍ടിസിയുടെ (അവകാശങ്ങള്‍, വാടക, വിളകള്‍ എന്നിവയുടെ രേഖ) കോളം 11ല്‍ ഇടംപിടിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ അറിയിപ്പൊന്നും തങ്ങള്‍ക്കു ലഭിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു കൂടാതെ, വിജയപുര ജില്ലയിലെ 124 സര്‍വേ നമ്പരുകളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കിടെ 433 കര്‍ഷകര്‍ക്കു നോട്ടീസ് ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വഖഫ് ബോര്‍ഡിന് അനുകൂലമായി ആര്‍ടിസിയില്‍ വരുത്തിയ തിരുത്തലുകള്‍ പരിശോധിക്കാനും രേഖകള്‍ മടക്കി വിളിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ അസിസ്റ്റന്റ് കമ്മിഷണര്‍ ആബിദ് ഗദ്യാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയപുര ജില്ലയിലെ തന്നെ കോല്‍ഹാറിലും ദേവരഹിപ്പരാഗിയിലും ഇത്തരത്തില്‍ സപ്തംബറില്‍ത്തന്നെ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചു കര്‍ഷകര്‍ക്കു നോട്ടീസ് നല്കിയിരുന്നു.

നിലവില്‍ 8,70,000 ആസ്തികള്‍ വഖഫിനുണ്ട്. 10 ലക്ഷത്തോളം ഏക്കര്‍ ഭൂമി കൈയിലുണ്ടെന്നും പറയുന്നു. ഇതിലും വ്യക്തതയില്ല. ചില രേഖകളില്‍ ഇത് ആറ് ലക്ഷമാണ്. തങ്ങളുടെതാണെന്ന് പറഞ്ഞ് വഖഫ് ബോര്‍ഡ് കൊടുത്ത കേസുകള്‍ കണ്ടാല്‍ ഞെട്ടിപ്പോവും. മുകേഷ് അംബാനി താമസിക്കുന്ന, ശതകോടികള്‍ വിലമതിക്കുന്ന മൂംബൈയിലെ ആന്റിലിയ എന്ന കൊട്ടാര സമാനമായ പാര്‍പ്പിട സമുച്ചയത്തില്‍ വഖഫ് അവകാശവാദം വന്നിട്ടുണ്ട്! അതുപോലെ തമിഴ്നാട്ടിലെ തൃച്ചന്തൂരിലെ 1500 വര്‍ഷം പഴക്കമുള്ള ഒരു അമ്പലവും, അതിന്റെ സ്വത്തുക്കളുടെമേലെയും വഖഫ് ക്ലെയിം വന്നു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വന്നിട്ടുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്.

നടക്കുന്നത് വ്യാപക കയ്യേറ്റം


ഗുജറാത്തിലെ ദ്വാരകയിലെ രണ്ടു ദ്വീപുകളും കേസിലാണ്. ഹൈദരബാദില്‍ വിപ്രായും മൈക്രോസോഫ്റ്റും സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫ് സ്വത്താണെന്ന് അവകാശവാദമുള്ളതാണ്. ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ് നടക്കയാണ്. മധ്യപ്രദശിലെ ബൂറാന്‍പൂരില്‍- ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവന്ന കോടികള്‍ വിലമതിക്കുന്ന സ്മാരകങ്ങളുടെ പേരിലും അവകാശവാദം വന്നു. ഈ കേസില്‍ കീഴ്കോടതിയില്‍ വഖഫ് ബോര്‍ഡ് തോറ്റു. പക്ഷേ അവര്‍ സുപ്രീകോടതിയില്‍ അപ്പീല്‍ പോയിരിക്കയാണ്.




32 വഖഫ് ബോര്‍ഡുകളാണ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിലുമായി ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതില്‍തന്നെ സുന്നി-ഷിയ വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബോര്‍ഡുകളും ചില സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയും. ഇത്തരം ബോര്‍ഡുകളുടെ കീഴില്‍ ആകെ 8.7 ലക്ഷം സ്വത്തുക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. അതില്‍ ഭൂമി തന്നെ 9.4 ലക്ഷം ഏക്കര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡുകളുടെ നിയന്ത്രണത്തിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യന്‍ റയില്‍വേയ്ക്കും ഇന്ത്യന്‍ ആര്‍മിക്കും ശേഷം ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് വഖഫിനാണെന്നാണ് പറയുന്നത്.

2009-ല്‍ വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ നാല് ലക്ഷം ഏക്കര്‍ ഭൂമിയില്‍ പരന്നുകിടക്കുകയായിരുന്നു. അത് ഇപ്പോള്‍ ഇരട്ടിയിലധികമായി. രാജ്യത്ത് എവിടെ ശ്മശാനത്തിന്റെ അതിര്‍ത്തി ഭിത്തി നിര്‍മ്മിച്ചാലും ചുറ്റുമുള്ള ഭൂമി വഖഫ് ബോര്‍ഡ് അവരുടെ സ്വത്തായി കണക്കാക്കുന്നു. അതുപോലെ, അനധികൃത ആരാധനാലയങ്ങളും പള്ളികളും ക്രമേണ വഖഫ് ബോര്‍ഡ് അവരുടെ സ്വത്തായി പ്രഖ്യാപിക്കുന്നു. ഇങ്ങനെ അവര്‍ ഭൂമി കൈയേറുകയാണെന്നാണ് ബിജെപി നേതാക്കാള്‍ പറയുന്നത്.

Tags:    

Similar News