ഇവിടെ എന്റെ അപ്പനും അമ്മേം മരിച്ചപ്പോള്‍ ഞാനാണ് അവരെ അടക്കിയത്; അപ്പോ എന്റെ അപ്പനേം അമ്മേം ഞാന്‍ തന്നെ പൊളിച്ചുമാറ്റി കൊടുക്കാം; അവരുള്ളത് എന്റെ മനസ്സിലാണ്, അല്ലാതെ കല്ലറയിലല്ല; വസ്തുതര്‍ക്കത്തില്‍ കോടതി വിധി എതിരായതോടെ നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കളുടെ കല്ലറ പൊളിച്ചുനീക്കി മകന്‍; ആര്‍ക്കും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് നാട്ടുകാര്‍

നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കളുടെ കല്ലറ പൊളിച്ചുനീക്കി മകന്‍

Update: 2025-07-11 12:27 GMT

തിരുവനന്തപുരം: 'ദൈവമേ എന്തൊരു അവസ്ഥ, ഈ ഭൂമിയില്‍ അവനു അച്ഛനും അമ്മയും ഇല്ല. എന്നിട്ട് ആ കല്ലറയും കൂടി പൊളിക്കണം എന്ന്. ആര്‍ക്കും ഇങ്ങനെ ഒരു ഗതി വരരുതേ': വസ്തുതര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകന്‍ രഞ്ജിത് രാജിന്റെ ദയനീയാവസ്ഥയില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പ്രതികരണമാണിത്. സര്‍ക്കാര്‍ തനിക്ക് നീതി ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് രഞ്ജിത് പ്രതിഷേധ സൂചകമായി അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിച്ചു. വിവാദ വസ്തു അയല്‍വാസിയുടേതെന്ന് നെയ്യാറ്റിന്‍കര കോടതിയുടെ വിധി വന്നതിന് പിന്നാലെയാണ് കല്ലറ പൊളിച്ചുനീക്കിയത്.

അതിയന്നൂര്‍ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാന്‍ മകന്‍ രഞ്ജിത് കുഴിയെടുക്കുന്ന ദൃശ്യം മലയാളികളുടെയെല്ലാം ഹൃദയം ഉലച്ചിരുന്നു. 2020 ഡിസംബര്‍ 28 നായിരുന്നു സംഭവം. പിന്നോക്ക വിഭാഗത്തിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ ആയിരുന്നു തര്‍ക്കം. അയല്‍വാസി വസന്ത ഭൂമിയില്‍ ഉടമസ്ഥ അവകാശവുമായി കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങി.

ഒഴിപ്പിക്കല്‍ നടപടിക്കിടെയായിരുന്നു രാജനും അമ്പളിയും തലയില്‍ മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ചത്. ഇരുവരെയും പിടിച്ച് മാറ്റുന്നതിനിടയിലാണ് തീപടര്‍ന്ന് പൊള്ളലേറ്റ് ഇരുവരും മരിച്ചത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷവും വിവാദ വസ്തുവിലാണ് രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് കോടതിയില്‍ നിന്ന് വീണ്ടും സ്ഥലവുമായി ബന്ധപ്പെട്ട് വസന്തയ്ക്ക് അനുകൂലമായ വിധി വന്നത്. ഇതോടെയാണ് വിവാദ വസ്തുവിലെ മാതാപിതാക്കളുടെ കല്ലറ തകര്‍ത്ത്് മകന്‍ രഞ്ജിത്ത് രാജ് പ്രതിഷേധിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ലഭിച്ചില്ലെന്നും രഞ്ജിത്ത് രാജ് പറയുന്നു.

രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

'കോടതിയിലൊരു വിശ്വസം ഉണ്ടായിരുന്നു. കോടതീന്ന് വച്ചാ പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി കൊടുക്കാന്‍ വേണ്ടിയുള്ള സംഭവമാണ് കോടതി. അതായത് നമ്മള്‍ ഭൂമിയില്‍ ജനിക്കണുണ്ട് മനുഷ്യനെന്ന വ്യക്തി. അപ്പോ ഭൂമിയെന്നത് മനുഷ്യന് സ്വന്തമാണ്. അതിനെ സംരക്ഷിക്കാനും ആവശ്യമുള്ളവര്‍ക്ക് കൊടുക്കാനും വേണ്ടി ജനങ്ങള്‍ തീരുമാനിക്കുന്നതാണ് സര്‍ക്കാരും, കോടതി എന്നുപറയുന്നതായാലും. അപ്പോ, എന്റെ അച്ഛനും അമ്മയും മരിച്ചത്...നിങ്ങള്‍ എല്ലാവരും വന്ന് കണ്ടതാണ്..നിങ്ങള്‍ വിഷ്വലില്‍ കാണാം...പൊലീസുകാര് തട്ടിയോണ്ടാണ് മരിച്ചത്. എന്നിട്ടാ പൊലീസുകാരന്റെ പേരില്‍ എന്തുനടപടി എടുത്തു? ഇവിടുത്തെ നിയമം അപ്പോള്‍ എന്താണ് ? അതെല്ലാം പോട്ടെ, സ്വന്തം അച്ഛനും അമ്മയും ഇല്ല, കോടതി കണ്ടോണ്ടിരിക്ക്ണ്..പാവങ്ങളെ സഹായിക്കാന്‍ ഉള്ളതാണ് കോടതി. എന്നിട്ട് കോടതി എനിക്കീ സ്ഥലം തന്നോ? അമ്മയും അച്ഛനും ഇല്ലാത്ത മകന് ഈ സ്ഥലം കൊടുത്തോ? കോളനി എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ സ്ഥലമാണ്. സര്‍ക്കാര്‍ സ്ഥലം പാവങ്ങള്‍ക്കുള്ളതാണ്. എന്നിട്ട് അവര്‍ എന്തു ചെയ്തു?



എന്റെ അച്ഛന്‍ ആശാരി പണി ഉള്ള വ്യക്തിയായിരുന്നു. ആശാരി പണി ചെയ്‌തോണ്ടിരുന്ന സമയത്ത് വസന്ത എന്നുപറയുന്ന വ്യക്തി കേസ് കൊടുത്തു അച്ഛനെതിരെ, കള്ളത്തടി എടുത്ത് ചെയ്യുന്നുവെന്ന് പറഞ്ഞ്. എന്റെ കുടുംബം ഇവിടെ തൊട്ടുമുകളിലാണ്. അപ്പോ എന്റെ പപ്പ എന്തുചെയ്തു..ഇവര് താമസിക്കുന്ന വീടിന്റെ വിവരാവകാശം എടുത്തു. ഈ കോളനിക്ക് ഒരു നിയമമുണ്ട്. ഒരാള്‍ക്ക് നാല് സെന്റ് അനുവദിക്കും. അത് പാവപ്പെട്ടവര്‍ക്കുള്ളതാണ്, ഹരിജന്‍ കോളനിയാണ്. പപ്പ വിവരാകാശം എടുത്തുനോക്കിയപ്പോള്‍, വിമല, കമലാക്ഷി, സുകുമാരന്‍ നായര്‍ അവരുടെ മൂന്നുപേരുടെ പേരിലെന്ന് പറഞ്ഞാണ്..പഞ്ചായത്തുകാര് തന്നെ കൊടുത്ത പേപ്പര്‍. ഈ പേപ്പര്‍ കൊടുത്തിട്ട് എന്റെ പപ്പ പോയിട്ട് പരാതി കൊടുത്തു...വസന്ത ഭൂമി കയ്യേറി വച്ചിരിക്കുന്നു, സര്‍ക്കാരിന് തിരിച്ചെടുക്കേണ്ട അധികാരം ഉണ്ടെന്ന് പറഞ്ഞ്. കേസ് കൊടുത്തിട്ട് സര്‍ക്കാര്‍ തിരിച്ചെടുത്തുമില്ല, ഒന്നുമില്ല. അപ്പോ, ഇവിടെയുള്ള എല്ലാവരും പറഞ്ഞു, അവളുടെ മുന്നില്‍ ആരും ജയിക്കാന്‍ പോകുന്നില്ലാന്ന്.

ഇവിടെ എന്റെ അപ്പനും അമ്മേം മരിച്ചപ്പോള്‍ ഞാനാണ് അവരെ അടക്കിയത്. അപ്പോ എന്റെ അപ്പനേം അമ്മേം ഞാന്‍ തന്നെ പൊളിച്ചുമാറ്റി കൊടുക്കാം. അവരുള്ളത് എന്റെ മനസ്സിലാണ്, അല്ലാതെ കല്ലറയിലോ, തേങ്ങയിലോ ഒന്നുമല്ല. ഈ സ്ഥലം എനിക്ക് വേണ്ട താനും. സര്‍ക്കാര്‍ തന്ന സഹായം ദാ ഇവിടെ ഇരിപ്പുണ്ട്, ബാങ്കില് ഇട്ട പൈസ ഇരിപ്പുണ്ട്. കുറച്ച് കഴിഞ്ഞ് ഞാന്‍ തന്നെ കത്തിച്ചുകളഞ്ഞോളാം. എനിക്ക് വേണ്ട, സര്‍ക്കാര്‍ തന്ന ഒരുതേങ്ങേം വേണ്ട. സ്വന്തം അപ്പനേം അമ്മേം കൊന്നവന്റെ പേരില്‍ വല്ല നടപടിയും എടുത്തോ? വീട് വയ്ക്കാന്‍ വേണ്ടി 10 ലക്ഷം അനുവദിച്ചു, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ 10 ലക്ഷം അനുവദിച്ചു. അതിന് വേണ്ടിയിട്ട് ഞാന്‍ പഞ്ചായത്തില് പോയി. അപ്പോ അവരുപറഞ്ഞു സ്ഥലത്തിന്റെ പേരില് തീരുമാനമാകാതെ തരില്ലെന്ന്. അങ്ങനെയാണെങ്കില്‍ പ്രസ് മീറ്റില്‍ പിണറായി വിജയന്‍ എന്തിനാണ് പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടി 10 ലക്ഷം അനുവദിക്കുന്നെന്ന്. അല്ലേല്‍, അങ്ങേര്‍, അന്നേ പറയണ്ടേ...സ്ഥലത്തിന്റെ ഇതായിട്ട് 10 ലക്ഷം അവന് കൊടുക്കാം. കോടതി വിധിയെന്ന് വച്ചാ, ഇത് പൊളിച്ചുമാറ്റി കൊടുക്കണം. ഈ വീടും, കല്ലറയും പൊളിച്ചുമാറ്റി കൊടുക്കണം എന്നാണ്. പഴയ രീതിയില്‍ ആക്കണമെന്നാണ് കോടതി വിധി. ഞാന്‍ തന്നെ പൊളിച്ചുമാറ്റി കൊടുക്കാം.എനിക്ക് ഔദാര്യം വേണ്ട കോടതിയുടെ.'

സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു. നെയ്യാറ്റിന്‍കരയില്‍ തെളിഞ്ഞത് സര്‍ക്കാരില്ലായ്മയെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.




 


നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്തയാണ് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി.

വസ്തു ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി പോലീസും കമ്മിഷനും എത്തിയപ്പോള്‍ ഇവരെ പിന്തിരിപ്പിക്കാനായിരുന്നു ഭാര്യയെ ചേര്‍ത്ത് പിടിച്ച് നെയ്യാറ്റിന്‍കരയിലെ രാജന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചത്. പക്ഷെ ഇത് വകവെക്കാതെ പോലീസ് ലൈറ്റര്‍ തട്ടി തെറിപ്പിച്ചതോടെ ദേഹത്ത് തീ പടരുകയും രണ്ട് പേരും മരിക്കുകയുമായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ സഹായ വാഗ്ദാനവുമായി എത്തുകയായിരുന്നു.

Tags:    

Similar News