ഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; പ്രതിദിന 300 രൂപ ധനസഹായം മുടങ്ങി; വാടക തുകയും കൃത്യമായി ലഭിക്കുന്നില്ല; പുനരധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി; പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കേന്ദ്രവും സംസ്ഥാനവും; വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ പട്ടിണിയുടെ വക്കില്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ പട്ടിണിയുടെ വക്കില്‍

Update: 2024-12-10 11:16 GMT

വയനാട്: ജീവിതോപാധിയും കിടപ്പാടവുമടക്കം എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സര്‍ക്കാരിന്റെ സഹായധനവും മുടങ്ങാന്‍ തുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. മറ്റ് ജീവിതമാര്‍ഗം ഇല്ലാത്ത ദുരന്തബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം കൂടി കൃത്യമല്ലാതായതോടെ ദുരിത കയത്തിലാണ്. നിരവധി പേര്‍ക്കാണ് ഇനിയും ദിവസം 300 രൂപ വെച്ചുള്ള സഹായം കിട്ടാനുള്ളത്. വാടകയും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. 'ബാങ്കില്‍ പോയപ്പോള്‍ വന്നിട്ടില്ലെന്ന് പറഞ്ഞു. ഞങ്ങളെന്ത് ചെയ്യും?' എന്ന ദുരിതബാധിതരുടെ ചോദ്യത്തിന് പോലും അവഗണന നേരിടുന്നു. അടിയന്തരമായി ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം

പുനരധിവാസത്തിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിനാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതര്‍. ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുള്‍പൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികള്‍പോലും ആയില്ല. ഗുണഭോക്തൃ പട്ടികയില്‍പോലും അന്തിമതീരുമാനമായില്ല. ഇതിനിടെയാണു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരുമാസമായി നിലച്ചത്.

പുഴുവരിച്ച അരി വിതരണം ചെയ്തതിനെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെ പഞ്ചായത്ത് ഓഫിസില്‍ വലിയ സമരം നടത്തി. റവന്യുവകുപ്പ് വിതരണം ചെയ്ത കിറ്റില്‍ പഞ്ചായത്തിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്തായാലും നവംബര്‍ ഏഴു മുതല്‍ കിറ്റ് വിതരണം മുടങ്ങി. പല കുടുംബങ്ങളും പട്ടിണി കൂടാതെ കഴിഞ്ഞുപോയത് ഈ കിറ്റിനെ ആശ്രയിച്ചായിരുന്നു. വാടക വിതരണം ഉള്‍പ്പെടെ മുടങ്ങുന്നതോടെ വറചട്ടിയില്‍നിന്ന് എരിതീയിലേക്കു ചാടിയ അവസ്ഥയിലാണു ദുരന്തബാധിതര്‍.

വീടു നിര്‍മാണത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം ഉടന്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നൂലാമാലകളൊന്നുമില്ലാത്ത ധാരാളം സ്ഥലം വയനാട്ടില്‍ ലഭിക്കാനുണ്ടെങ്കിലും അതിനൊന്നും സര്‍ക്കാര്‍ ശ്രമിക്കാത്തത് പുനരധിവാസത്തില്‍ ആത്മാര്‍ഥത ഇല്ലാത്തതുകൊണ്ടാണെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ച പല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വന്തം നിലയ്ക്കു സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങി. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണു നീക്കം.

ദുരന്തമുഖത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചതാണു രക്ഷപ്രവര്‍ത്തനം ഉള്‍പ്പെടെ സുഖമമാക്കാന്‍ സാധിച്ചത്. വാടക വീടുകളിലേക്കു മാറ്റുന്നതിനും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നല്‍കുന്നതും സമയബന്ധിതമായി നടത്താന്‍ സാധിച്ചു. ഇതിനെല്ലാം സംഘടനകളും ജനങ്ങളും ഒപ്പം നിന്നു. എന്നാല്‍ താല്‍കാലിക പരിഹാരം കണ്ടശേഷം കളംവിടുന്ന സര്‍ക്കാരുകളെയാണു ദുരന്തബാധിതര്‍ കണ്ടത്. വാടക വീടുകളില്‍, പലരുടെയും കാരുണ്യംകൊണ്ടു മാത്രമാണു നൂറുകണക്കിനു കുടുംബങ്ങള്‍ ദിവസവും തള്ളിനീക്കുന്നത്.

ഭൂരിഭാഗം പേര്‍ക്കും തൊഴിലില്ല. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും തോട്ടം തൊഴിലാളികള്‍ക്കു മറ്റു സ്ഥലത്ത് തൊഴില്‍ നല്‍കുമെന്ന് എസ്റ്റേറ്റ് അധികൃതര്‍ അറിയിച്ചെങ്കിലും നടപടിയായില്ല. തൊഴിലെടുക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥയിലേക്കു തിരിച്ചെത്താനും ദുരന്തബാധിതര്‍ക്ക് ആയിട്ടില്ല. ദുരന്തം നടന്നു നാലു മാസം കഴിയുമ്പോഴും ജൂലൈ 30നു പുലര്‍ച്ചെ നനഞ്ഞ മഴയിലും ചെളിയിലും കുതിര്‍ന്ന അതേനില്‍പ് നില്‍ക്കുകയാണ് ഇപ്പോഴും ദുരന്തബാധിതര്‍.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുനരധിവാസം നടത്തുമെന്ന പ്രതീക്ഷ ദുരന്തബാധിതര്‍ക്കു നഷ്ടപ്പെട്ടുവെന്നും സന്നദ്ധ സംഘടനകളിലും മറ്റുമാണ് അവസാന പ്രതീക്ഷയെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു പറയുന്നു. പുല്‍പ്പള്ളിയില്‍ സന്നദ്ധ സംഘടന 15 വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു കൈമാറി. തൃക്കൈപ്പറ്റയില്‍ 37 വീടുകളുടെയും കമ്യൂണിറ്റി ഹാളിന്റെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. മുട്ടിലില്‍ പത്ത് വീടുകളും നിര്‍മാണത്തിലിരിക്കുകയാണ്. കൂടാതെ പല വ്യക്തികളും ഒന്നോ രണ്ടോ വീടുകളും നിര്‍മിച്ചു നല്‍കുന്നുണ്ട്.

ഭക്ഷ്യകിറ്റ് വിതരണം നിലച്ചത് ദുരന്തബാധിതരെ സാരമായി ബാധിച്ചു. പണിക്കു പോകാന്‍ സാധിക്കാത്ത പലരും ഭക്ഷ്യകിറ്റുകൊണ്ടാണ് കഴിഞ്ഞിരുന്നത്. വിജിലന്‍സ് അന്വേഷണം വന്നതോടെ വിതരണം നിര്‍ത്തി. നിരവധിപ്പേര്‍ കിറ്റു ലഭിക്കുമോ എന്നു ചോദിച്ചു വിളിക്കുന്നുണ്ട്. പഞ്ചായത്ത് ഈ കാര്യത്തില്‍ നിസ്സഹായരാണ്. റവന്യു വകുപ്പാണ് കിറ്റ് വിതരണം നടത്തിയിരുന്നതും അവസാനിപ്പിച്ചതും. പുഴു അരിച്ച അരി വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് എല്‍ഡിഎഫ് നീക്കം നടത്തിയത്. കിറ്റ് വിതരണം പോലും അവസാനിപ്പിച്ച സാഹചര്യത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ ദുരന്തബാധിതര്‍ക്ക് സാധിക്കാത്ത സാഹചര്യമാണെന്നും ബാബു പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതുവരെ ഒരു രൂപ പോലും പ്രത്യേക ധനസഹായമായി കേരളത്തില്‍ നല്‍കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫില്‍ നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്ന കൃതമായ കണക്ക് നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേന്ദ്രത്തോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്ക് വേണം. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ ശരിയല്ല. ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കരുതെന്നും കോടതി വിമര്‍ശിച്ചു.

Tags:    

Similar News