വയനാട് പുനരധിവാസത്തിനുള്ള മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം; 750 കോടിയോളം രൂപ ചെലവില്‍ രണ്ട് ടൗണ്‍ഷിപ്പുകളിലായി പുനരധിവാസം; നിര്‍മിക്കുക ആയിരം സ്‌ക്വയര്‍ ഫീറ്റുകളുള്ള ഒറ്റനില വീടുകള്‍; മാധ്യമങ്ങളോട് വിശദീകരണക്കാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളം വൈകീട്ട്

വയനാട് പുനരധിവാസത്തിനുള്ള മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം

Update: 2025-01-01 07:54 GMT

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇത് വിശദമായി ചര്‍ച്ചചെയ്ത് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനത്തിലെത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം 3.30 വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

750 കോടിയോളം രൂപ ചെലവില്‍ രണ്ട് ടൗണ്‍ഷിപ്പുകളിലായി പുനരധിവാസത്തിനായുള്ള വീടുകള്‍ പണിയുന്നതിനും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപാേകുന്നതിനുള്ള നടപടികളുമാണ് ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തത്. ആയിരം സ്‌ക്വയര്‍ഫീറ്റുകളുള്ള ഒറ്റനില വീടുകളായിരിക്കും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുക എന്ന് കരട് മാസ്റ്റര്‍ പ്‌ളാനില്‍ പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ മേല്‍നോട്ടത്തിനും നടത്തിപ്പിനും ഓരോ ഏജന്‍സികളുണ്ടാവും. ഇത് ആരൊക്കെയാണെന്ന കാര്യത്തില്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട് എന്താണ് റിപ്പോര്‍ട്ട്.

അതിനിടെ വീടുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തവരുമായുളള മുഖ്യമന്ത്രിയുടെ ആദ്യഘട്ട കൂടിക്കാഴ്ചകള്‍ക്ക് ഇന്ന് തുടക്കമായി. കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധികളുമായിട്ടായിരിക്കും ആദ്യഘട്ടത്തില്‍ കൂടിക്കാഴ്ച നടക്കുക.50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞവരുമായാണ് ആദ്യഘട്ടത്തിലെ കൂടിക്കാഴ്ച. ഇതിനുശേഷമായിരിക്കും മറ്റുള്ളവരെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എസ്‌റ്റേറ്റുകളില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് സംഘം സ്ഥലം പരിശോധിക്കുന്നത്.കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത മഹസര്‍ നടപടിക്കും തുടക്കമായിട്ടുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടപടികള്‍ നടത്തുന്നത്.

നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ സ്പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. ദേശീയപാത, കരിപ്പൂര്‍ വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കല്‍ ചുമതല അദ്ദേഹം വഹിച്ചിരുന്നു.

Tags:    

Similar News