ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലേക്ക് താഴ്ന്ന വിമാനം ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയരും; അപകട സാധ്യതകളോ ഉണ്ടായാല്‍ ആണ് ഗോ എറൗണ്ടിലേക്ക് പൈറ്റലുമാര്‍ കടക്കുക; ചെന്നൈ വിമാനത്താവളത്തില്‍ മലയാളി എംപിമാരെ ഭയപ്പെടുത്തിയ ആ 'ഗോ എറൗണ്ട്' ഇങ്ങനെ; 'റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്ന് വിശദീകരിച്ചു എയര്‍ ഇന്ത്യയും
ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലേക്ക് താഴ്ന്ന വിമാനം ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയരും
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യാ വിമാനം അടിയന്തമായ ലാന്‍ഡ് ചെയ്ത സംഭവം ആ വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി എംപിമാരെ ശരിക്കും ഭയപ്പെടുത്തിയ സംഭവമായിരുന്നു. എന്നാല്‍, അവിടെ സംഭവിച്ചത് 'ഗോ എറൗണ്ട് ' ആണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിച്ചത്. ഇതോടെ എന്താണ് ഗോ എറൗണ്ട് എന്ന സംശയം വിവിധ കോണുകളില്‍ നിന്നും ഉയരുകയും ചെയ്തു. എന്താണ് ഗോ എറൗണ്ട് എന്ന് പരിശോധിക്കാം.
ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന വിമാനം ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയരുന്നതാണ് ഗോ എറൗണ്ട് എന്നു പറയുന്നത്. ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്ന സമയത്ത് എന്തെങ്കിലും പ്രശ്‌നങ്ങളോ അപകട സാധ്യതകളോ ഉണ്ടായാല്‍ ആണ് ഗോ എറൗണ്ട് വേണ്ടി വരിക. വിമാനം ലാന്‍ഡ് ചെയ്യുന്ന വേഗത, ഉയരം, ദിശ എന്നിവ കൃത്യമല്ലാത്തപ്പോള്‍, റണ്‍വേയില്‍ അപ്രതീക്ഷിത തടസം ഉണ്ടായാല്‍, പെട്ടെന്ന് കാലാവസ്ഥാ മാറ്റം ഉണ്ടായാല്‍, മറ്റ് വിമാനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഒക്കെ ഗോ എറൗണ്ട് വേണ്ടിവരും.
ഗോ എറൗണ്ട് ഒരു അടിയന്തര സാഹചര്യമല്ല. മറിച്ച് സുരക്ഷിതമായ ലാന്‍ഡിങ് ഉറപ്പാക്കാന്‍ പൈലറ്റുമാര്‍ പരിശീലിച്ചിട്ടുള്ള സാധാരണ നടപടി മാത്രമാണ്. കഴിഞ്ഞ ഡിസംബറില്‍ മോശം കാലാവസ്ഥ കാരണം ഇന്‍ഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഗോ എറൗണ്ട് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് 160 പേരുമായി പറന്നിറങ്ങിയ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ എയര്‍ഇന്ത്യ ഈ വിശദീകരണവും നല്‍കിയിട്ടുണ്ട്. സംഭവിച്ചത് ഗോ എറൗണ്ട് ആണെന്നും റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല എന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പൈലറ്റുമാര്‍ സജ്ജരാണ് എന്നും എയര്‍ ഇന്ത്യ അറിയിച്ചു.
തിരുവനന്തപുരത്തുനിന്ന് സാധാരണ രാത്രി 7.10ന് പുറപ്പെടേണ്ടിയിരുന്ന എഐസി 2455 വിമാനം 7.45നാണ് ഞായറാഴ്ച പുറപ്പെട്ടത്. യാത്ര ആരംഭിച്ച് 15 മിനിട്ടില്‍ത്തന്നെ റഡാറുമായുള്ള ബന്ധം തകരാറിലായതായി പൈലറ്റ് അനൗണ്‍സ് ചെയ്തു. വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിടുന്നതായും ഒരു മണിക്കൂറില്‍ ലാന്‍ഡ് ചെയ്യുമെന്നും അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിന് സമീപമെത്തിയ വിമാനം ഇന്ധനം കത്തിച്ചുതീര്‍ക്കാനായി ഒരുമണിക്കൂറോളം വട്ടമിട്ട് പറന്നു. പിന്നീട് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും 15 മിനിട്ടോളം വീണ്ടും പറന്നശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലിലേക്ക് മാറ്റി.
കെ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, റോബര്‍ട്ട് ബ്രൂസ് (തിരുനെല്‍വേലി) എന്നീ എംപിമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ചീഫ് സെക്രട്ടറി എ ജയതിലകും വിമാനത്തിലുണ്ടായിരുന്നു. അര്‍ധരാത്രിക്കുശേഷം എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ മറ്റൊരു വിമാനത്തില്‍ യാത്രക്കാര്‍ ചെന്നൈയില്‍ നിന്ന് യാത്ര തുടര്‍ന്നു.
അതേസമയം ഒഴിവായത് വന്‍ ദുരന്തമെന്ന് എംപിമാര്‍ പറയുന്നത്. ഇത് രണ്ടാം ജന്മമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചപ്പോള്‍ ഇത് തന്റെ മൂന്നാം ജന്‍മമെന്നാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചു. വിമാനം റണ്‍വേയില്‍ നിന്ന് വീണ്ടും പറന്നു പൊങ്ങിയപ്പോള്‍ ആശങ്കപ്പെട്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസില്‍. സമാന സാഹചര്യം ആണ് ഉണ്ടായത്. സംഭവത്തില്‍ അട്ടിമറി നീക്കം സംശയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്ന് അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചു. കോന്നി എംഎല്‍എ ആയിരുന്നപ്പോള്‍ നദിയില്‍ വീണ് ഒഴുകി പോയ ശേഷം രക്ഷപ്പെട്ടതാണ് വിമാനത്തില്‍ ഇരുന്നപ്പോള്‍ ഓര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം ഈ സംഭവത്തില്‍ വേണം. പരാതി നല്‍കും. എംപിമാരുടേത് മാത്രമല്ല ആ വിമാനത്തില്‍ ഇരുന്ന എല്ലാ മനുഷ്യരുടെയും ജീവന്‍ വിലപ്പെട്ടതാണെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു.
യാത്ര തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്തിരുന്നു എന്നാണ് എംപിമാര്‍ പറഞ്ഞത്. റഡാര്‍ സംവിധാനത്തില്‍ ആയിരുന്നു തകരാര്‍. ഇതോടെ വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയില്‍ എത്തിച്ച് ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങി.
നിറയെ ഇന്ധനം ഉണ്ടായിരുന്ന വിമാനം അത് കുറയ്ക്കാനായി ഒരു മണിക്കൂര്‍ ആകാശത്ത് വട്ടമിട്ടു പറന്നു. അതിനു ശേഷം ലാന്‍ഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ മറ്റൊരു പ്രശ്‌നം ഉണ്ടായതായി എംപിമാര്‍ പറയുന്നു. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം ലാന്‍ഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി എന്നാണ് ആരോപണം. അതേസമയം റണ്‍വേയില്‍ മറ്റു വിമാനം ഉണ്ടായിരുന്നില്ലെന്നാണ് എയര്‍ഇന്ത്യ വിശദീകരിക്കുന്നത്.