'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ' മോദി സര്‍ക്കാരിന്റെ വലിയ ചുവട് വയ്പ്; ലോക്‌സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടെടുപ്പ്; 15 പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ' എന്താണ്?

'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ' എന്താണ്?

Update: 2024-09-18 11:01 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയിലെ പ്രസംഗത്തിലും മോദി 'ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ' നിര്‍ദ്ദേശം സൂചിപ്പിച്ചിരുന്നു. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം ബിജെപിയുടെ 2019 ലെയും, 2024 ലെയും പൊതു തിരഞ്ഞെടുപ്പുകളിലെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നു. ഭരണഘടനയില്‍ വരുത്തേണ്ട ഭേദഗതികളും പ്രായോഗിക വെല്ലുവിളികളും ചൂണ്ടി കാട്ടി പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അതുവകവയ്ക്കാതെയാണ് ഭരണകക്ഷി മുന്നോട്ടുപോയത്. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഈ വാഗ്ദാനം നടപ്പാക്കാന്‍ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്താണ് ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പ്?

ലളിതമായി പറഞ്ഞാല്‍ എല്ലാ ഇന്ത്യാക്കാരും ലോക്‌സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടുചെയ്യും, ഒരു പക്ഷേ ഒരുസമയത്ത് അല്ലെങ്കില്‍ പോലും.

നിലവില്‍, ഏതാനും സംസ്ഥാനങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനൊപ്പം പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നുള്ളു. ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍-ജൂണിലാണ് വോട്ടുചെയ്ത് പുതിയ സര്‍ക്കാരുകളെ തിരഞ്ഞെടുത്തത്. .

ഹരിയാനയില്‍ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കും. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജമ്മു-കശ്മീരില്‍ ഒരു പതിറ്റാണ്ടിനിടെ ആദ്യമായി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

ഇവ ഒഴിച്ചാല്‍ വ്യത്യസ്ത സമയത്താണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഉദാഹരണത്തിന് കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം വ്യത്യസ്ത സമയത്ത് വോട്ടെടുപ്പ് നടന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞടുപ്പിന് വേണ്ടി സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. മേല്‍പ്പറഞ്ഞ നാലു സംസ്ഥാനങ്ങളില്‍, മധ്യപ്രദേശും, രാജസ്ഥാനും ബിജെപിയാണ് ഭരിക്കുന്നത്. കര്‍ണാടകയും, തെലങ്കാനയും കോണ്‍ഗ്രസും. ഇരു സംസ്ഥാനത്തും കഴിഞ്ഞ വര്‍ഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇനി 2028 ലാണ് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും, സമൂഹത്തിനും ഗുണകരമെന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയത്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതി രൂപീകരിച്ചത്.

എട്ട് വാല്യങ്ങളില്‍ ആയി 18000-ത്തോളം പേജുള്ള റിപ്പോര്‍ട്ട് ആണ് സമിതി തയ്യാറാക്കിയത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാതൃക റിപ്പോര്‍ട്ടില്‍ ഉണ്ട്. വിവിധ സമയങ്ങളില്‍ വ്യത്യസ്ത തലങ്ങളിലേക്ക് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് വലിയ പണച്ചെലവുണ്ടാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തി. ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ ചെലവ് കുറയ്ക്കാനാകും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്. ദേശിയ താത്പര്യം മുന്‍ നിര്‍ത്തി ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണം എന്നും സമിതി ശുപാര്‍ശ ചെയ്തു.

രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകും. ചില സംസ്ഥാനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തന്നെ വ്യത്യസ്ത തിരഞ്ഞെടുപ്പുകള്‍ ആണ് നടക്കുന്നത്. പ്രതിവര്‍ഷം ഏതാണ്ട് 200 മുതല്‍ 300 ദിവസങ്ങള്‍ വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആയി മാറ്റി വയ്ക്കപ്പെടുകയാണ്. ഇത് സമൂഹത്തില്‍ തടസങ്ങള്‍ക്ക് കാരണം ആകുകയാണ്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലൂടെ ഈ തടസങ്ങള്‍ മറികടക്കാന്‍ കഴിയും എന്ന് രാംനാഥ് കോവിന്ദ് സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ ഭരണഘടനയിലും, വിവിധ നിയമങ്ങളിലും കൊണ്ടുവരേണ്ട മാറ്റങ്ങളെ സംബന്ധിച്ചും സമിതി ശുപാര്‍ശ തയ്യാറാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ ഏകീകരണം ഉള്‍പ്പടെയുള്ള വിഷയങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവ നടപ്പാക്കുന്നതിനുള്ള രൂപരേഖയും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ധന കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിംഗ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരായിരുന്നു അംഗങ്ങള്‍.

പ്രതിപക്ഷ നിലപാട്

എന്നാല്‍, ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് അടക്കം 15 പ്രതിപക്ഷകക്ഷികള്‍ എതിര്‍ക്കുന്നു. നിര്‍ദ്ദേശം പ്രായോഗികം അല്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം എന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചത്. ' ഈ പരീക്ഷണം വിജയിക്കാന്‍ പോകുന്നില്ലെന്നും ജനങ്ങള്‍ ഇതംഗീകരിക്കില്ലെന്നും' ഖാര്‍ഗെ പറഞ്ഞു.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നും പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാരിന് എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News