മിത്രം ശത്രുവായപ്പോള്‍ വോട്ടുബാങ്ക് ചോര്‍ന്നു; സംപൂജ്യരായെങ്കിലും ബിജെപിയേക്കാള്‍ എഎപിയെ ദ്രോഹിച്ചത് കോണ്‍ഗ്രസോ? വോട്ടുവിഹിതത്തില്‍ ബിജെപി- എഎപി വ്യത്യാസം 2.35 ശതമാനം മാത്രം; എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ എഎപി വീണ്ടും ഭരണം പിടിക്കുമായിരുന്നോ? കണക്കുകള്‍ ഇങ്ങനെ

എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ എഎപി വീണ്ടും ഭരണം പിടിക്കുമായിരുന്നോ?

Update: 2025-02-08 13:42 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപിയും കോണ്‍ഗ്രസും ബിജെപിക്ക് എതിരെ ഒന്നിച്ച് മത്സരിച്ചിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു? ഫലം മറിച്ചാവുമായിരുന്നോ? എഎപിയുടെ തോല്‍വിക്ക് പലരും കോണ്‍ഗ്രസിനെയാണ് പഴിക്കുന്നത്. എന്നാല്‍, എഎപിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ് തീര്‍ത്തുപറയുകയും ചെയ്തു.

എഎപിയും, കോണ്‍ഗ്രസും സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ലായിരുന്നെന്നും മത്സരം കുറെ കൂടി കടുത്തതാവുമായിരുന്നെന്നും രാഷ്ട്രീയ വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം, ബിജെപിക്ക് 48 സീറ്റും കോണ്‍ഗ്രസിന് 22 സീററുമാണ് കിട്ടിയത്. ആം ആദ്മിയേക്കാള്‍ പകുതിയില്‍ ഏറെ സീറ്റുകള്‍ നേടി ബിജെപി ഭരണത്തില്‍ തിരിച്ചുവന്നിട്ടും വോട്ടുവിഹിതത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ചെറിയ വ്യത്യാസം മാത്രം- 2.35% മാത്രം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 45.91 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. എ.എ.പിക്ക് 43.56%. കോണ്‍ഗ്രസിന് 6.37 ശതമാനം മാത്രം.

എഎപിയും കോണ്‍ഗ്രസും ഒന്നിച്ചെടുത്താല്‍ ബിജെപിയേക്കാള്‍ വോട്ടുകളുണ്ട് (ഏകദേശം 50 ശതമാനത്തോളം). കഴിഞ്ഞതവണത്തേക്കാള്‍ 2.11 ശതമാനം കൂടുതല്‍ വോട്ട് ഇത്തവണ കോണ്‍ഗ്രസ് നേടി. 2020-ലും സീറ്റൊന്നും കിട്ടാതിരുന്ന കോണ്‍ഗ്രസ് 4.26 ശതമാനം വോട്ടുകളാണ് നേടിയത്. എ.എ.പിയുടെ വോട്ടില്‍ 10.01 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍, ഏഴുശതമാനത്തിലേറെ വര്‍ധനവ് ബി.ജെ.പിക്കുണ്ടായി. ബാക്കിവരുന്ന രണ്ടുശതമാനത്തിലേറെ മാത്രമാണ് കോണ്‍ഗ്രസിലേക്ക് പോയത്.

1998 മുതല്‍ 2013 വരെ 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിനെ, ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളില്‍ പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ്. എഎപിയുമായുള്ള സഖ്യം മുറിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വളരെ ശക്തമായ പ്രചാരണമാണ് കെജ്രിവാളിന് എതിരെ അഴിച്ചുവിട്ടത്. എന്നാല്‍, പാര്‍ട്ടിക്ക് വോട്ടര്‍മാരുടെ മനസ് കീഴടക്കാനായില്ല.

2020 ല്‍ 5 ശതമാനത്തില്‍ താഴെ പോയ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം രണ്ടുശതമാനം കൂടിയെന്ന് മാത്രം. 2013 ലാണ് കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയത്. അന്ന് അധികാരം നഷ്ടപ്പെട്ട പാര്‍ട്ടി 11.4 ശതമാനം വോട്ടുവിഹിതവുമായി 8 സീറ്റില്‍ ഒതുങ്ങി. എഎപിയാണ് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലേക്ക് കടന്നുകയറിയത്. 40 ശതമാനം വോട്ടുവിഹിതവുമായി 28 സീറ്റാണ് അന്ന് എഎപി സ്വന്തമാക്കിയത്. 2015 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായെന്ന് മാത്രമല്ല വോട്ടുവിഹിതം 9.7 ശതമാനമായി കുറയുകയും ചെയ്തു. അഞ്ചുവര്‍ഷത്തിന് ശേഷം എക്കാലത്തെയും കുറവ് വോട്ടുവിഹിതമായ 4.6 ശതമാനത്തിലേക്ക് താഴ്ന്നു.

എഎപി-കോണ്‍ഗ്രസ് സഖ്യം നിലനിന്നിരുന്നെങ്കില്‍, ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കില്ലായിരുന്നു. 15 സീറ്റിലെങ്കിലും ഫലത്തില്‍ മാറ്റം വരുമായിരുന്നു. രജിന്ദര്‍ നഗര്‍, ഛത്തര്‍പൂര്‍, സംഗം വിഹാര്‍, ഗ്രേറ്റര്‍ കൈലാഷ് തുടങ്ങിയ സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചിരുന്നെങ്കില്‍ എഎപി ജയിച്ചുകയറുമായിരുന്നു എന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് രജിന്ദര്‍ നഗറല്‍ എഎപി 45,440 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന് 4,015. രണ്ടും ചേര്‍ത്താല്‍ 49,455. ബിജെപിയെ പരാജയപ്പെടുത്താന്‍ ധാരാളം. ഛത്തര്‍പൂരിലാട്ടെ എഎപിയുടെ 74,230 വോട്ടും കോണ്‍ഗ്രസിന്റെ 6,601 വോട്ടും ചേര്‍ന്നാല്‍ 80,831 വോട്ടാകുമായിരുന്നു. അതുവഴി വിജയവും കൈപ്പിടിയില്‍ ഒതുങ്ങുമായിരുന്ു. സംഗം വിഹാറിലും, ഗ്രേറ്റര്‍ കൈലാഷിലും തിമര്‍പൂരിലും സഖ്യത്തിന് ജയിക്കാമായിരുന്നു എന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പരസ്പ്പരം വാക്ക് പോര് തുടങ്ങി . കോണ്‍ഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള കടന്നാക്രമിച്ചു.

'നിങ്ങള്‍ തമ്മില്‍ വഴക്കിടുന്നത് തുടരുക' എന്നാണ് ഒമര്‍ അബ്ദുള്ള തുറന്നടിച്ചിരിക്കുന്നത്. പല സീറ്റുകളിലും കോണ്‍ഗ്രസ് പിടിച്ച വോട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


Tags:    

Similar News