കൊച്ചിയിലെ 'അവഗണന' തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ 'രഹസ്യ' ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ 'വിശ്വപൗരന്‍' കണ്ടപ്പോള്‍ സംഭവിച്ചത്

രാഹുലിനെ 'വിശ്വപൗരന്‍' കണ്ടപ്പോള്‍ സംഭവിച്ചത്

Update: 2026-01-29 17:30 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന 'തരൂര്‍ വിരുദ്ധ' വികാരത്തിന് ഡല്‍ഹിയില്‍ താല്ക്കാലിക വിരാമം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ അടച്ചിട്ട മുറിയില്‍ നടന്ന രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പരാതികളും പരിഭവങ്ങളും മാറ്റിവെച്ച് ശശി തരൂര്‍ ഹൈക്കമാന്‍ഡുമായി കൈകോര്‍ത്തു. കൊച്ചിയിലെ വേദിയില്‍ രാഹുല്‍ ഗാന്ധി തന്റെ പേര് പറയാന്‍ മറന്നപ്പോള്‍ ഉള്ളിലൊതുക്കിയ നീറ്റലില്‍ നിന്ന്, പുഞ്ചിരിയോടെ രാഹുലിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രത്തിലേക്കുള്ള തരൂരിന്റെ ദൂരം രാഷ്ട്രീയ കേരളത്തിന് നല്‍കുന്നത് വലിയൊരു സന്ദേശമാണ്.

പത്ത് വര്‍ഷത്തിന് ശേഷം കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കൈമെയ് മറന്ന് പോരാടാനിറങ്ങുന്ന കോണ്‍ഗ്രസിന് തരൂരിനെപ്പോലൊരു 'ഗ്ലോബല്‍ ബ്രാന്‍ഡ്' ഒഴിവാക്കാനാകില്ലെന്ന സത്യം ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരിക്കുന്നു. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് തരൂര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും, അണികള്‍ക്കിടയിലും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും അദ്ദേഹത്തിനുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. കെ.സി വേണുഗോപാലിന്റെ അണിയറ നീക്കങ്ങളും ഖാര്‍ഗെയുടെ മധ്യസ്ഥതയും കൂടിയായപ്പോള്‍ തരൂര്‍ ഇനി പാര്‍ട്ടിയുടെ കുന്തമുനയായി കേരളത്തില്‍ സജീവമാകും.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച ക്രിയാത്മകവും പോസിറ്റീവുമാണെന്ന് എല്ലാ വശത്തുനിന്നും പ്രതികരണമുണ്ടായി. വ്യാഴാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിനുള്ളിലെ ഖാര്‍ഗെയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. മറ്റ് നേതാക്കളില്ലാതെ ഈ മൂന്ന് പേര്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കിലും, തരൂരും ഹൈക്കമാന്‍ഡും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായാണ് വിവരം.

'എല്ലാ വിഷയങ്ങളും വളരെ സൗഹൃദപരമായും ക്രിയാത്മകമായും ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചതിനെ ഞാന്‍ പോസിറ്റീവ് ആയി കാണുന്നു. ഒരു പാര്‍ട്ടിയില്‍ അത് വളരെ പ്രധാനമാണ്. ഞങ്ങളെല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് അധ്യക്ഷനും എന്റെ സഭയിലെ (ലോക്‌സഭ) പ്രതിപക്ഷ നേതാവുമാണ് ഇവര്‍. വളരെ ക്രിയാത്മകമായ ഒരു സംഭാഷണം നടത്താനായതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പോസിറ്റീവായ രീതിയില്‍ ഒന്നിച്ച് മുന്നോട്ട് പോകും,' കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്ക് താല്പര്യമുണ്ടെന്ന അഭ്യൂഹങ്ങള്‍ തരൂര്‍ ശക്തമായി തള്ളി. 'അത്തരമൊരു ചോദ്യമേ ഉദിക്കുന്നില്ല. ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് ഞാന്‍. പാര്‍ലമെന്റില്‍ അവിടുത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്,' അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കുള്ളിലെ രാഷ്ട്രീയ നീക്കങ്ങള്‍

ദേശീയ തലത്തിലും കേരളത്തിലും അര്‍ഹമായ രാഷ്ട്രീയ അംഗീകാരവും സ്ഥാനവും ലഭിക്കുന്നില്ല എന്ന തരൂരിന്റെ അതൃപ്തിയെത്തുടര്‍ന്നാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നാല് തവണ എംപിയും സംസ്ഥാനത്തു നിന്നുള്ള മൂന്ന് സിഡബ്ല്യുസി അംഗങ്ങളില്‍ ഒരാളുമായ തന്റെ പദവി അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെടുന്നില്ല എന്ന പരാതി തരൂരിനുണ്ടായിരുന്നു.

അതേസമയം, വിദേശനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഔദ്യോഗിക നിലപാടില്‍ നിന്ന് വിഭിന്നമായി തരൂര്‍ നടത്തിയ ചില പ്രസ്താവനകളില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന പ്രധാന യോഗങ്ങളില്‍ തരൂര്‍ വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു.

ജനുവരി 19-ന് കൊച്ചിയില്‍ നടന്ന 'മഹാപഞ്ചായത്ത്' റാലിയില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കളെ പേരെടുത്ത് പറഞ്ഞപ്പോള്‍ തരൂരിന്റെ പേര് പരാമര്‍ശിക്കാത്തത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഈ വിഷയങ്ങളെല്ലാം തുറന്നു സംസാരിച്ചതായാണ് വിവരം. ഖാര്‍ഗെ ഒരു മധ്യസ്ഥന്റെ റോളില്‍ സംസാരിക്കുകയും പരാതികള്‍ പറയാന്‍ തരൂരിന് അവസരം നല്‍കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം കേരളത്തില്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് ശേഷം

കൂടിക്കാഴ്ചയില്‍ താന്‍ സംതൃപ്തനാണെന്ന് ശശി തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും നന്ദി പറഞ്ഞ അദ്ദേഹം, തങ്ങള്‍ ഒരേ മനസ്സോടെ മുന്നോട്ട് പോകുകയാണെന്നും വ്യക്തമാക്കി. മൂന്ന് നേതാക്കളും ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

Tags:    

Similar News