മലബാറില്‍ വേരുകള്‍; ചുറുചുറുക്കിന്റെ പര്യായം; സമ്പാദിച്ച ബിരുദങ്ങളുടെയും ഗവേഷണപഠനങ്ങളുടെയും പട്ടിക കണ്ടാല്‍ അന്തംവിടും; ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങി നാസയുടെ അനില്‍ മേനോന്‍; അടുത്ത വര്‍ഷം ജൂണില്‍ സോയൂസ് പേടകത്തില്‍ കുതിക്കുമ്പോള്‍ അത് ചരിത്രത്താളുകളില്‍ ഇടം പിടിക്കും
ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങി നാസയുടെ അനില്‍ മേനോന്‍
വാഷിങ്ടണ്‍: ശുഭാംശു ശുക്ലയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യാക്കാരന്‍ കൂടി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്. ഇന്ത്യാക്കാരന്‍ എന്നതിലുപരി ബഹിരാകാശത്ത് എത്തുന്ന ആദ്യമലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് അനില്‍ മേനോന്‍. 2026 ജൂണില്‍ ഇന്ത്യന്‍-അമേരിക്കനായ അനില്‍ മേനോന്‍ തന്റെ ആദ്യദൗത്യത്തിനായി യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു.
എക്‌സ്പഡീഷന്‍ 75 ക്രൂവില്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരിക്കും നാസയുടെ ഈ ബഹിരാകാശ സഞ്ചാരി. റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 പേടകത്തില്‍ റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികരായ പയതോര്‍ ദുബ്രോവും അന്ന കിരിനയുമാണ് അനില്‍ മേനോന്റെ കൂട്ടുകാര്‍. കസാഖ്സ്ഥാനിലെ ലെ ബെയ്ക്ക്‌നൂറില്‍ നിന്ന് യാത്ര തിരിക്കുന്ന മൂവരും പരീക്ഷണങ്ങള്‍ക്കായി എട്ടുമാസം നിലയത്തില്‍ ചെലവിടും.
മനുഷ്യുടെ ബഹിരാകാശ പര്യവേക്ഷണ പുരോഗതി ലക്ഷ്യമിട്ട് പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ ഗവേഷണവും അനില്‍ മേനോന്‍ പരീക്ഷിക്കും. റഷ്യയുടെ പയതോര്‍ ദുബ്രോവും അന്ന കികിനയുമാണ് ഒപ്പമുള്ള സഞ്ചാരികള്‍. 2021-ലാണ് അനിലിനെ ബഹിരാകാശദൗത്യത്തിന് നാസ തിരഞ്ഞെടുത്തത്.
ആരാണ് അനില്‍ മേനോന്‍?
യുഎസിലേക്ക് കുടിയേറിയ മലബാറില്‍ നിന്നുള്ള ശങ്കരന്‍ മേനോന്റെയും യുക്രെയ്ന്‍ സ്വദേശി ലിസ സാമോലെങ്കോയുടെയും മകനാണ്. 45കാരനായ ഡോ.അനില്‍ മേനോന്‍ 1976 ലാണ് ജനിച്ചത്. സ്പേസ് എക്‌സില്‍ എന്‍ജിനീയറായ അന്നയാണ് ഭാര്യ. മിനസോട്ടയിലെ മിനീയപോലിസിലാണ് അനില്‍ മേനോന്‍ ജനിച്ചുവളര്‍ന്നത്.
യുഎസ് എയര്‍ഫോഴ്സിലെ ലെഫ്റ്റനന്റ് കേണലാണ്. നാസയുടെ സ്പേസ് എക്സ് ഡെമോ-2 ദൗത്യത്തില്‍ മനുഷ്യരെ ആദ്യമായി ബഹിരാകാശത്തേക്ക് എത്തിക്കാന്‍ സഹായിച്ച സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്‌ലൈറ്റ് സര്‍ജനായിരുന്നു അദ്ദേഹം. നാസ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കും മുമ്പ് നാസയില്‍ ഫ്‌ലൈറ്റ് ഡയറക്ടറും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫഡ് സര്‍വകലാശാലകളില്‍ പഠിച്ച മേനോന്‍ സൈനിക സേവനത്തിനായി 173 ാം ഫൈറ്റര്‍ വിങ്ങിലേക്ക് നിയോഗിക്കപ്പെട്ടു. ടെക്‌സാസ് സര്‍വകലാശാലയുടെ മെഡിക്കല്‍ വിഭാഗത്തില്‍, എയ്‌റോസ്‌പേസ് മെഡിസിന്‍ പൂര്‍ത്തിയാക്കി. വാണിജ്യ ബഹികാകാശ യാത്രകള്‍ക്ക് വേണ്ടി മെഡിക്കല്‍ കിറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനെ കുറിച്ച് തീസിസും തയ്യാറാക്കി.
മസാച്ചുസറ്റ്‌സിലെ കേംബ്രിഡ്ജില്‍, ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദവും, കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും. സ്റ്റാന്‍ഫഡിലും, ഗാല്‍വസ്റ്റണിലെ ടെക്‌സാസ് സര്‍വകലാശാല മെഡിക്കല്‍ വിഭാഗത്തില്‍ നിന്ന് എയ്‌റോസ്‌പേസിലും എമര്‍ജന്‍സി മെഡിസിനിലും റസിഡന്‍സി പരിശീലനവും പൂര്‍ത്തിയാക്കി.
വ്യോമസേനയിലെ ഫ്‌െൈളറ്റ് സര്‍ജനായിരുന്ന അദ്ദേഹം വ്യോമസേനയ്ക്ക് വേണ്ടിയുള്ള വിവിധ മെഡിക്കല്‍ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹമുണ്ടായിരുന്നു. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ലെഫ്റ്റനന്റ് കേണല്‍ മേനോന്‍ 45-ാമത്തെ സ്‌പേസ് വിങില്‍ ഫ്‌ളൈറ്റ് സര്‍ജന്‍ എന്ന നിലയില്‍ പിന്തുണ നല്‍കുകയും 173-ആം ഫൈറ്റര്‍ വിംഗിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് വിന്യസിക്കപ്പെട്ട അനില്‍ മേനോന്‍ എവറസ്റ്റ് കൊടുമുടിയില്‍ കയറുന്നവരെ പരിപാലിക്കുന്നതിനായി രൂപപ്പെടുത്തിയ ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചു. പിന്നീട് 173-ആം ഫൈറ്റര്‍ വിംഗിലേക്ക് മിലിട്ടറി ഡ്യൂട്ടിക്കായി അദ്ദേഹത്തെ മാറ്റുകയും എയ്റോസ്പേസ് മെഡിസിനില്‍ റെസിഡന്‍സി തുടരുകയും ചെയ്തു. ഒരു ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറെന്ന നിലയില്‍, പൈലറ്റായി 1,000 മണിക്കൂറിലധികം പറക്ക്ല്‍ പരിചയമുണ്ട്.
2018 ലാണ് അനില്‍ സ്പേസ് എക്സിലെ ആദ്യ ഫ്ളൈറ്റ് സര്‍ജനായി എത്തുന്നത്. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ദൗത്യങ്ങളിലും ഇന്‍സ്പിരേഷന്‍ 4, ഡെമോ 2 ദൗത്യങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. 2021 ല്‍ അദ്ദേഹം സ്പേസ് എക്സ് വിട്ടു. അതേവര്‍ഷമാണ് അനില്‍ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ടത്. 12000 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 2022 മുതല്‍ പരിശീലനം നേടി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠന കാലത്ത്, അദ്ദേഹം ഹണ്ടിംഗ്ടണ്‍സ് രോഗത്തെക്കുറിച്ച് ഗവേഷണം നടത്തി. പോളിയോ വാക്‌സിനേഷനെപ്പറ്റി കൂടുതല്‍ പഠിക്കാനായി റോട്ടറി അംബാസഡോറിയല്‍ സ്‌കോളറായി ഒരു വര്‍ഷം ഇന്ത്യയിലും ചെലവഴിച്ചു.
അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്ത് ഏറ്റവും അധികം ദൂരം എത്തിച്ച പൊളാരിസ് ഡൗണ്‍ ദൗത്യ സംഘത്തിലെ അംഗമായിരുന്നു ഭാര്യ അന്നാ മേനോന്‍. ഭൂമിയില്‍ നിന്ന് 1400 കിമി ദൂരെയുള്ള ഭ്രമണ പഥത്തിലാണ് ഇവരുടെ ദൗത്യപേടകം സഞ്ചരിച്ചത്. വ്യവസായിയായ ജാരെഡ് ഐസാക്ക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ് എന്നിവര്‍ക്കൊപ്പമായിരുന്നു അന്നയുടെ യാത്ര.